'സിനിമയിലെ രംഗങ്ങള്‍ കണ്ട് ആ അച്ഛനും അമ്മയും ഒരിക്കലും നാണം കെടരുത്'; ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ കോമഡിയല്ലെന്ന് പ്രിയദര്‍ശന്‍

തന്റെ സിനിമയിലെ തമാശകള്‍ എഴുതിയുണ്ടാക്കിയതാണെന്നും ഇതാണ് അതിരെന്ന് അഭിനേതാക്കളോട് പറഞ്ഞുകൊടുക്കുകയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി
'സിനിമയിലെ രംഗങ്ങള്‍ കണ്ട് ആ അച്ഛനും അമ്മയും ഒരിക്കലും നാണം കെടരുത്'; ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ കോമഡിയല്ലെന്ന് പ്രിയദര്‍ശന്‍

സിനിമയില്‍ തമാശരൂപത്തില്‍ ഉപയോഗിക്കുന്ന ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ കോമഡിയാണെന്ന് തോന്നിയിട്ടില്ലെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. തന്റെ സിനിമയിലെ തമാശകള്‍ എഴുതിയുണ്ടാക്കിയതാണെന്നും ഇതാണ് അതിരെന്ന് അഭിനേതാക്കളോട് പറഞ്ഞുകൊടുക്കുകയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ദ്വയാര്‍ത്ഥ പ്രയോഗങ്ങളുള്ള തിരക്കഥ എഴുതാന്‍ തനിക്കാവില്ലെന്നും ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. 

ഒരു കുട്ടി അച്ഛന്റെയും അമ്മയുടെയും ഒപ്പമിരുന്ന് സിനിമ കാണുമ്പോള്‍ സിനിമയിലെ രംഗങ്ങള്‍ കണ്ട് ആ അച്ഛനുമമ്മയും ഒരിക്കലും നാണം കെടരുത് എന്നു തോന്നാറുണ്ട്. എല്ലാവരുടെയും മനസില്‍ ഒരു കുട്ടിയുണ്ട്. ആ കുട്ടിയ്ക്കു വേണ്ടിയാണ് ഞാന്‍ സിനിമ ചെയ്യുന്നത്. എന്റെ സിനിമകള്‍ ഉദാത്തമായവയാണ് എന്ന് ഒരിക്കലും അവകാശപ്പെട്ടിട്ടില്ല. കാണാന്‍ ചിലത് രസകരമായിരിക്കം, ചിലത് മോശമായിട്ടുണ്ടാവും. ചെയ്ത സിനിമകളെല്ലാം വിജയകരമാക്കിയ ആരും ഈ ലോകത്തില്ല. ചില സിനിമകള്‍ ചെയ്യേണ്ടി വരുന്ന മാനസികാവസ്ഥ, ചുറ്റുപാടുകള്‍, അങ്ങനെ പല കാരണങ്ങള്‍ കൊണ്ടും ചിലത് മോശമായിപ്പോകും. എങ്കിലും സിനിമ ചെയ്യുമ്പോള്‍ രസിച്ചു ചെയ്യണമെന്നു തന്നെയാണ് തോന്നിയിട്ടുള്ളത്.' പ്രിയദര്‍ശന്‍ കൂട്ടിച്ചേര്‍ത്തു. 

സിനിമയില്‍ കൊമേഡിയന്‍മാരെ അവരുടെ ഇഷ്ടമനുസരിച്ച് കോമഡി രംഗങ്ങള്‍ കൊണ്ടു പോകാന്‍ അനുവദിക്കണമെന്ന് പറയുന്നതിനോട് തനിക്ക് യോജിപ്പില്ല. അത് കുഴപ്പമാകും എന്നാണ് അദ്ദേഹം പറയുന്നത്. 'കിലുക്കം പോലെയുള്ള ചില സിനിമകള്‍ കണ്ടാല്‍ കൃത്യമായ തിരക്കഥ അനുസരിച്ച് മുമ്പോട്ടു പോകന്നവയല്ലെന്നു തോന്നുമെങ്കിലും അത് എഴുതിയതു തന്നെയാണ്. ഇതാണ് അതിര്. ഇതേ പറയാവൂ എന്നു പറഞ്ഞ് അവര്‍ക്ക് തിരക്കഥയിലെ ഭാഗങ്ങള്‍ കാണിച്ചു കൊടുക്കണം. കിലുക്കത്തിലെ കോമഡി സീനുകളെല്ലാം എഴുതിയതു തന്നെയാണ്. ഒരക്ഷരം പോലും മാറ്റിയിട്ടില്ല. സീനുകള്‍ എഴുതിക്കൊടുത്ത് അത് തന്നെ പറയണമെന്ന് അഭിനേതാക്കലോട് പറയും. പിന്നെയുള്ളതെല്ലാം അവരുടെ പെര്‍ഫോമന്‍സാണ്.'

കിലുക്കത്തിലെ തമാശാരംഗങ്ങളില്‍ മോഹന്‍ലാലിന്റെയും ജഗതിയുടെയുമെല്ലാം ടൈമിങാണ് അതിലെ ഹൈലൈറ്റെന്നും  എഴുതപ്പെട്ട സീനാണെങ്കില്‍ പോലും അവരുടെ പ്രകടനം കണ്ട് കട്ട് പറയാന്‍ മറന്നു പോയിട്ടുണ്ടെന്നു പ്രിയദര്‍ശന്‍ പറയുന്നു. തന്റെ സിനിമകള്‍ക്ക് യുക്തിവിചാരങ്ങളൊന്നും തന്നെയില്ലെന്നും ഒരു പോക്കാണെന്നും അതില്‍ രസം എന്ന ഘടകമുണ്ടോ എന്നേ ചിന്തിക്കാറുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com