കട്ട കലിപ്പ് ലുക്കുണ്ടോ? കിടിലൻ ഗഡികളെ വേണമെന്ന് ജയസൂര്യ
By സമകാലിക മലയാളം ഡെസ്‌ക് | Published: 21st May 2019 11:30 AM |
Last Updated: 21st May 2019 11:30 AM | A+A A- |
ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന തന്റെ ഏറ്റവും പുതിയ ചിത്രം തൃശ്ശൂര്‍ പൂരത്തിലേക്ക് അഭിനേതാക്കളെ ക്ഷണിച്ച് നടൻ ജയസൂര്യ. കട്ട കലിപ്പ് ലുക്കിലുള്ള തൃശ്ശൂര്‍ ഗഡികളെയാണ് ചിത്രത്തിലേക്കായി തേടുന്നത്. അഭിനേതാക്കളെ ക്ഷണിച്ചുകൊണ്ടുള്ള പോസ്റ്റർ ജയസൂര്യ പങ്കുവെച്ചു.
താത്പര്യമുള്ളവര്‍ക്ക് മെയ് 26 ന് തൃശ്ശൂര്‍ ടൗണ്‍ ഹാളില്‍ നടക്കുന്ന ഓഡിഷനില്‍ പങ്കെടുക്കാവുന്നതാണ്. 20നും 40നും ഇടയില്‍ പ്രായമുള്ളവർക്കാണ് അവസരം.
രാജേഷ് മോഹൻ സംവിധാനം ചെയ്യുന്ന ചിത്രം ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവാണ് നിർമ്മിക്കുന്നത്. സംഗീതസംവിധായകനായ രതീഷ് വേഗയാണ് ചിത്രത്തിന് കഥയും തിരക്കഥയുമൊരുക്കുന്നത്. രതീഷ് തന്നെയാണ് ചിത്രത്തിന് സംഗീതസംവിധാനം നിര്‍വഹിക്കുന്നതും. പ്രകാശ് വേലായുധനാണ് ഛായാഗ്രഹണം. വരുന്ന ഒക്ടോബറില്‍ ചിത്രം റിലീസ് ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആട് 2 എന്ന ചിത്രത്തിന് ശേഷം ജയസൂര്യയും വിജയ് ബാബുവും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ടിതിന്. പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന വെള്ളമാണ് ജയസൂര്യയുടേതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്ന മറ്റൊരു ചിത്രം.