നരേന്ദ്രന്‍ മുതല്‍ സ്റ്റീഫന്‍ നെടുമ്പള്ളി വരെ: 333 ചിത്രങ്ങള്‍ മൈലാഞ്ചിയില്‍ ഒരുക്കി ലാലിന് ആരാധകന്റെ ജന്മദിന സമ്മാനം

മോഹന്‍ലാലിന്റെ 333 സിനിമകളിലെ വ്യത്യസ്ത വേഷങ്ങളെ വേറിട്ട രീതിയില്‍ വരച്ച ചിത്രങ്ങളുടെ പ്രദശനം ഇന്നലെയാണ് എറണാകുളം ദര്‍ബാര്‍ ആര്‍ട്ട് ഗ്യാലറിയില്‍ ആരംഭിച്ചത്.
നരേന്ദ്രന്‍ മുതല്‍ സ്റ്റീഫന്‍ നെടുമ്പള്ളി വരെ: 333 ചിത്രങ്ങള്‍ മൈലാഞ്ചിയില്‍ ഒരുക്കി ലാലിന് ആരാധകന്റെ ജന്മദിന സമ്മാനം

ലയാളത്തിന്റെ പ്രിയനടന്‍ മോഹന്‍ലാലിന്റെ 59ാം ജന്‍മദിനമായിരുന്നു ഇന്നലെ. ലോകത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള ആരാധകര്‍ താരത്തിന് ആശംസകളര്‍പ്പിച്ച് രംഗത്തെത്തിയിരുന്നു. അതിനിടെ പ്രിയ നടന്‍ സിനിമയില്‍ പകര്‍ന്നാടിയ 333 വേഷങ്ങള്‍ കാന്‍വാസില്‍ പകര്‍ത്തിയിരിക്കുകയാണ് തൃശ്ശൂരുകാരന്‍ ഡോ നിഖില്‍ വര്‍ണ. 

മോഹന്‍ലാലിന്റെ 333 സിനിമകളിലെ വ്യത്യസ്ത വേഷങ്ങളെ വേറിട്ട രീതിയില്‍ വരച്ച ചിത്രങ്ങളുടെ പ്രദശനം ഇന്നലെയാണ് എറണാകുളം ദര്‍ബാര്‍ ആര്‍ട്ട് ഗ്യാലറിയില്‍ ആരംഭിച്ചത്. 25ന് സമാപിക്കും. 'മഞ്ഞില്‍ വിരിഞ്ഞ പൂക്കളി'ലെ നരേന്ദ്രന്‍ മുതല്‍ 'ലൂസിഫറി'ലെ സ്റ്റീഫന്‍ നെടുമ്പിള്ളി വരെ മോഹന്‍ലാല്‍ സിനിമയില്‍ പകര്‍ന്നാടിയ വേഷങ്ങളാണ് നിഖില്‍ വരച്ചത്. ഇത് ലാലേട്ടനുള്ള തന്റെ പിറന്നാള്‍ സമ്മാനമാണെന്നാണ് കോസ്റ്റിയൂം ഡിസൈനറായ നിഖില്‍ പറയുന്നത്. 

ചിത്രകല കണ്ണുള്ളവനു മാത്രം ആസ്വദിക്കാവുന്ന സങ്കല്‍പത്തില്‍നിന്നുമാറി വിരലുകള്‍ കണ്ണുകളായി മാറുന്ന പുതിയ ചിത്രഭാഷയായി സ്പര്‍ശനത്തിനു സാധ്യത നല്‍കി ചിത്രങ്ങള്‍ വരച്ചു പ്രദര്‍ശനം നടത്തുന്ന നിഖിലിന്റെ നാലാമത്തെ പ്രദര്‍ശനമാണിത്. കഴിഞ്ഞ എട്ട് വര്‍ഷത്തെ പരിശ്രമത്തിനൊടുവിലാണ് ഇത്തരമൊരു പ്രദര്‍ശനം നടത്താനായത്.

'ഗുഡ് ഈവനിങ് മിസിസ് പ്രഭാ നരേന്ദ്രന്‍' എന്നു പറഞ്ഞ് എത്തുന്ന 'മഞ്ഞില്‍ വിരിഞ്ഞ പൂക്കളി'ലെ മോഹന്‍ലാലിന്റെ അരങ്ങേറ്റ രംഗമാണ് ആദ്യ ചിത്രം. തുടര്‍ന്ന് മോഹന്‍ലാലിനെ സൂപ്പര്‍സ്റ്റാര്‍ പദവിയിലെത്തിച്ച 'രാജാവിന്റെ മകനി'ലെ വിന്‍സന്റ് ഗോമസും 'ഇരുപതാം നൂറ്റാണ്ടി'ലെ സാഗര്‍ ഏലിയാസ് ജാക്കിയുമെല്ലാം മൈലാഞ്ചി നിറങ്ങളില്‍ കാന്‍വാസ് നിറയ്ക്കുന്നുണ്ട്. തമിഴ്, തെലുങ്ക്, കന്നട ചിത്രങ്ങളിലെ കഥാപാത്രങ്ങളും പ്രദര്‍ശനത്തിലുണ്ട്.

എട്ടു മാസം കൊണ്ടാണ് ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയത്. അഞ്ചാം വയസ്സ് മുതല്‍ മോഹന്‍ലാലിന്റെ കടുത്ത ആരാധകനാണ് നിഖില്‍. ലാല്‍ചിത്രങ്ങളുടെ വര്‍ഷങ്ങള്‍ക്ക് അനുസരിച്ചാണു ഓരോ ചിത്രവും ക്രമീകരിച്ചിരിക്കുന്നതും. ഈ പ്രദര്‍ശനത്തോടൊപ്പം ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളുടെ പഠനാവശ്യങ്ങള്‍ക്കു പണം സ്വരൂപിക്കുകയെന്ന ലക്ഷ്യവുമുണ്ടെന്നു തൃശൂര്‍ സ്വദേശിയായ നിഖില്‍ വര്‍ണ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com