ദില്‍സേയിലെ ആ ഗാനം ചിത്രീകരിച്ചത് വെറും നാലു ദിവസം കൊണ്ട്: സന്തോഷ് ശിവന്‍

മുഴുവനായും ഓടുന്ന ട്രെയിനില്‍ ചിത്രീകരിച്ച ആ ഗാനം അതിന്റെ വരികള്‍ കൊണ്ടും സംഗീതം കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ടു.
ദില്‍സേയിലെ ആ ഗാനം ചിത്രീകരിച്ചത് വെറും നാലു ദിവസം കൊണ്ട്: സന്തോഷ് ശിവന്‍

ണിരത്‌നത്തിന്റെ സംവിധാനത്തില്‍ 1998ല്‍ പുറത്തിറങ്ങിയ 'ദില്‍ സെ' എന്ന ചിത്രവും അതിലെ ഗാനങ്ങളും ഇന്ത്യന്‍ ചലച്ചിത്രാരാധകര്‍ക്ക് മറക്കാനാവില്ല. അതിലെ മനോഹരമായ ഗാനങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത് 'ചയ്യ ചയ്യ ചയ്യ ചയ്യാ..' എന്നു തുടങ്ങുന്ന ഗാനമാണ്. ഇന്നും ആളുകള്‍ കേട്ടുകൊണ്ടിരിക്കുന്ന പഴയഗാനങ്ങളില്‍ ഒന്നുകൂടിയാണിത്. 

മുഴുവനായും ഓടുന്ന ട്രെയിനില്‍ ചിത്രീകരിച്ച ആ ഗാനം അതിന്റെ വരികള്‍ കൊണ്ടും സംഗീതം കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഷാരൂഖ് ഖാന്റെയും മലൈക അറോറയുടെയും ചടുലമായ നൃത്തച്ചുവടുകളും ഇന്നും ആരാധകരെ ഹരം കൊള്ളിക്കുന്നു. 'ദില്‍സെ'യും 'ചയ്യ ചയ്യാ' ഗാനവും പുറത്തിറങ്ങിയിട്ട് 20 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുമ്പോള്‍ ചിത്രീകരണ വിശേഷണങ്ങള്‍ ഓര്‍ക്കുകയാണ് പ്രശസ്ത ഛായാഗ്രഹന്‍ സന്തോഷ് ശിവന്‍. 

ചയ്യ ചയ്യ എന്ന ഗാനരംഗം സന്തോഷ് ശിവന്‍ ഷൂട്ട് ചെയ്തത് ARRI (ARRIFLEX 35 III) എന്ന ക്യാമറയിലായിരുന്നു. ARRI ക്യാമറ അതിന്റെ നൂറാം വര്‍ഷം ആഘോഷിക്കുന്നതിന്റെ ഭാഗമായി കമ്പനി പുറത്തിറക്കിയ പ്രമോ വീഡിയോയിലാണ് 'ദില്‍സെ'യിലെ ഗാനത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ സന്തോഷ് ശിവന്‍ പങ്കു വയ്ക്കുന്നത്.

'നാലു ദിവസം കൊണ്ടാണ് ആ ഗാനരംഗം ചിത്രീകരിച്ചത്. ആ ട്രെയിനില്‍ മുഴുവന്‍ ആര്‍ട്ടിസ്റ്റുകളായിരുന്നു. ടെക്‌നോളജിയുടെ ഗുണവശങ്ങളെ ഏറ്റവും നന്നായി ഉപയോഗപ്പെടുത്തി, ചിത്രത്തില്‍ മുഴച്ചു നില്‍ക്കാത്ത രീതിയില്‍ ചിത്രീകരിക്കാന്‍ കഴിഞ്ഞു എന്നതാണ് ആ ഗാനത്തിന്റെ പ്രത്യേകത. ആ പാട്ടിന്റെ വരികളില്‍ പോലും നിഴലിനെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്,'- സന്തോഷ് ശിവന്‍ വ്യക്തമാക്കി.

നിഴലും വെളിച്ചവും മാറിമാറി മറയുന്ന രീതിയിലുള്ള നിരവധി വിഷ്വലുകളാണ് ആ ഗാനരംഗത്തിലുള്ളത്. ടണലിന് അകത്തു കൂടി ട്രെയിന്‍ കടന്നു പോകുന്ന രംഗങ്ങളിലെല്ലാം ഛായാഗ്രഹകന്റെ കഴിവ് പ്രകടമായിരുന്നു. 

ചിത്രത്തില്‍ ഗുല്‍സാറിന്റെ വരികള്‍ക്ക് സംഗീതമൊരുക്കിയത് എആര്‍ റഹ്മാന്‍ ആയിരുന്നു. സൂഫി സംഗീതവും ഉറുദു കവിതകളെയും അടിസ്ഥാനമാക്കിയൊരുക്കിയതാണ് 'ചയ്യ ചയ്യാ' ഗാനം. ശുഖ്‌വിന്ദര്‍ സിംഗും സപ്ന അവാസ്തിയുമാണ് ഗാനം ആലപിച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com