ഇത് മാതൃക; ഡബ്ല്യൂസിസിയ്ക്ക് പിന്നാലെ തെലുങ്കിലും സ്ത്രീകൂട്ടായ്മ,വോയ്‌സ് ഓഫ് വിമണ്‍

ഡബ്ല്യൂസിസിയെ പ്രചോദനയാക്കിയാണ് തെലുങ്കില്‍ പുതിയ സംഘടന രൂപംകൊണ്ടിരിക്കുന്നത്
ഇത് മാതൃക; ഡബ്ല്യൂസിസിയ്ക്ക് പിന്നാലെ തെലുങ്കിലും സ്ത്രീകൂട്ടായ്മ,വോയ്‌സ് ഓഫ് വിമണ്‍

രാജ്യത്തിന് തന്നെ മാതൃകയായാണ് മലയാള സിനിമയിലെ വനിതകളുടെ കൂട്ടായ്മയായ ഡബ്ല്യൂസിസി പിറവിയെടുക്കുന്നത്. ഇപ്പോള്‍ തെലുങ്കിലും ഡബ്ല്യൂസിസിക്ക് സമാനമായി ഒരു വനിതമുന്നേറ്റം രൂപംകൊണ്ടിരിക്കുകയാണ്. തെലുങ്ക് സിനിമയിലെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരെ ഉള്‍പ്പെടുത്തിക്കൊണ്ടാണ് പുതിയ സംഘടന. വോയ്‌സ് ഓഫ് വുമണ്‍ എന്ന് പേരിട്ടിരിക്കുന്ന സംഘടനയില്‍ എണ്‍പതോളം പേരാണ് അംഗങ്ങളാകുന്നത്. 

ഡബ്ല്യൂസിസിയെ പ്രചോദനയാക്കിയാണ് തെലുങ്കില്‍ പുതിയ സംഘടന രൂപംകൊണ്ടിരിക്കുന്നത്. നടി ലക്ഷ്മി മാഞ്ചു, നിര്‍മാതാക്കളായ സുപ്രിയ, സ്വപ്‌ന ദത്ത്, സംവിധായിക നന്ദിനി, അഭിനേത്രിയും അവതാരകയുമായ ഝാന്‍സി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് വനിതാ കൂട്ടായ്മയ്ക്ക് രൂപം നല്‍കിയിരിക്കുന്നത്. സിനിമയിലെ സ്ത്രീകള്‍ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും മുന്നേറ്റത്തിനും ലിംഗനീതിക്കും വേണ്ടി പോരാടുക എന്നതാണ് സംഘടനയുടെ ലക്ഷ്യമെന്ന് അംഗങ്ങള്‍ വ്യക്തമാക്കി. മിടൂ മൂവ്‌മെന്റ് വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ട മേഖലയാണ് തെലുങ്ക്. നിരവധി സ്ത്രീകളാണ് തങ്ങള്‍ക്ക് നേരെയുണ്ടായ അക്രമണങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് രംഗത്തെത്തിയത്.

മലയാളത്തിലെ പ്രമുഖ നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് സിനിമ രംഗത്തെ സ്ത്രീസുരക്ഷ എന്ന ആവശ്യവുമായി ഡബ്ല്യൂസിസി രൂപീകരിക്കപ്പെടുന്നത്. രണ്ട് വര്‍ഷം പൂര്‍ത്തിയാക്കുന്ന സംഘടനയെ സിനിമ മേഖലയിലെ വിപ്ലവകരമായ മുന്നേറ്റമെന്നാണ് വിശേഷിപ്പിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com