അതിന്റെ മുഴുവന്‍ ക്രെഡിറ്റും സിദ്ദിഖിനാണ്; നേസമണിക്കു വേണ്ടിയുള്ള പ്രാര്‍ഥനയെക്കുറിച്ച് വടിവേലു

പാക്കിസ്ഥാനി  ട്രോള്‍ പേജിലാണ് നേസമണിയ്ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ തുടങ്ങുന്നത്
അതിന്റെ മുഴുവന്‍ ക്രെഡിറ്റും സിദ്ദിഖിനാണ്; നേസമണിക്കു വേണ്ടിയുള്ള പ്രാര്‍ഥനയെക്കുറിച്ച് വടിവേലു

പ്പോള്‍ സോഷ്യല്‍ മീഡിയയിലെ മിന്നും താരം നേസമണിയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പോലും പിന്നിലാക്കിക്കൊണ്ടാണ് നേസമണിയുടെ കുതിപ്പ്. നേസമണിയ്ക്കായി പ്രാര്‍ത്ഥിക്കാത്തവരായി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ആരുമില്ല. എന്തായാലും 18 വര്‍ഷം മുന്‍പ് ഇറങ്ങിയ ചിത്രത്തിലെ രംഗം ലോകത്തെ മുഴുവനും ചിരിപ്പിക്കുന്നതിന്റെ സന്തോഷത്തിലാണ് നേസമണിയായി അഭിനയിച്ചു തകര്‍ത്ത വടിവേലു. 

'ദൈവത്തിനു നന്ദി, 18 വര്‍ഷം മുന്‍പ് അഭിനയിച്ച രംഗം ഇപ്പോള്‍ ലോകം മുഴുവന്‍ ചിരിക്കാന്‍ കാരണമാവുമ്പോള്‍ സന്തോഷം. ക്രെഡിറ്റ് സംവിധായകന്‍ സിദ്ദിഖിനാണ്' വടിവേലു പറഞ്ഞു. 

മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രം ഫ്രണ്ട്‌സിന്റെ തമിഴ് പതിപ്പിലാണ് നേസമണി ഉള്ളത്. മലയാളത്തില്‍ ജഗതി അഭിനയിച്ച ലേസര്‍ എളേപ്പന്റെ തമിഴ് വേര്‍ഷന്‍. പാക്കിസ്ഥാനിലെ ഒരു ട്രോള്‍ പേജിലാണ് നേസമണിയ്ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ തുടങ്ങുന്നത്. ചുറ്റികയുടെ ചിത്രം പങ്കുവെച്ച് ഇതിനെ നിങ്ങളുടെ നാട്ടില്‍ എന്തു പറയും എന്ന് ഒരാള്‍ ചോദിച്ചു. ഇതിന് മറുപടിയായി തമിഴ്‌നാട് സ്വദേശി നല്‍കിയ മറുപടിയാണ് വൈറല്‍ ഹാഷ്ടാഗിന് കാരണമായത്. 

ഇതിനെ ഞങ്ങളുടെ നാട്ടില്‍ 'സുത്തിയല്‍' എന്നാണ് പറയുകയെന്നും ഇതു വീണ് പെയിന്റിങ് കോണ്‍ട്രാക്ടറായ നേസണമണിയുടെ തലപൊട്ടിയെന്നുമായിരുന്നു കമന്റ്. കാര്യം അറിയാതെ പാക്കിസ്ഥാന്‍കാര്‍ നേസമണിയ്ക്ക് എങ്ങനെയുണ്ടെന്ന് ചോദിച്ചു. ഇതോടെ തമിഴ്‌നാട് സ്വദേശികള്‍ നേസമണിയ്്ക്കായി പ്രാര്‍ത്ഥന ആഹ്വാനത്തിന് തുടക്കമിട്ടു. പ്രേ ഫോര്‍ നേസാമണി ഹാഷ്ടാഗുകല്‍ കൊണ്ട് നിറയുകയാണ് ട്വിറ്ററും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളും. നടന്‍ ധനുഷ് ഉള്‍പ്പടെ നിരവധി പേരാണ് അത് ഏറ്റെടുത്തത്. ആഗോളതലത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ് നേസമണിയും ചുറ്റികയും. 

നേസമണിയുടെ ആരോഗ്യനില സംബന്ധിച്ച അപ്പോളോ ആശുപത്രിയുടെ പ്രസ് റിലീസും, ചുറ്റിക തലയിലേക്കു വീഴുന്നതിന്റെ ദൃശ്യങ്ങളും ട്രോളന്മാര്‍ വ്യാപകമായി പ്രചരിപ്പിച്ചു. നേസമണിക്കു വേണ്ടി ശബ്ദിക്കാത്ത രാഷ്ട്രീയക്കാര്‍ക്കു വോട്ടില്ലെന്നും തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്നും വരെ ആഹ്വാനം ചെയ്തു. കൂടാതെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചിഹ്നത്തില്‍ നിന്ന് നേസമണിയെ വീഴ്ത്തിയ ചുറ്റിക എടുത്തു മാറ്റണമെന്ന ആവശ്യവുമായി ഒരു വിഭാഗം രംഗത്തെത്തി. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ മഹേന്ദ്ര സിങ് ധോണിയ്ക്ക് മാത്രമേ നേസമണിയെ രക്ഷിക്കാന്‍ കഴിയുകയൊള്ളൂ എന്നാണ് ട്രോളര്‍മാരുടെ കണ്ടുപിടുത്തം. നേസമണി ബിബിസിയില്‍ വരെ വാര്‍ത്തയായിരിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com