സ്‌റ്റേജിലേക്ക് തള്ളിക്കയറി ബിനീഷിനൊപ്പം നില്‍ക്കണമായിരുന്നു, അനിലിന്റെ അൽപത്തത്തേക്കാൾ വെളിപ്പെട്ടത് കോളജധികൃതരുടെ നട്ടെല്ലില്ലായ്മ; ശാരദക്കുട്ടി 

നടന്‍ ബിനീഷ് ബാസ്റ്റിനെ അധിക്ഷേപിച്ച സംഭവത്തിൽ പ്രതികരിച്ച് ശാരദക്കുട്ടി
സ്‌റ്റേജിലേക്ക് തള്ളിക്കയറി ബിനീഷിനൊപ്പം നില്‍ക്കണമായിരുന്നു, അനിലിന്റെ അൽപത്തത്തേക്കാൾ വെളിപ്പെട്ടത് കോളജധികൃതരുടെ നട്ടെല്ലില്ലായ്മ; ശാരദക്കുട്ടി 

യുവനടന്‍ ബിനീഷ് ബാസ്റ്റിനെ സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോനും കോളജ് അധികൃതരും ചേര്‍ന്ന് അധിക്ഷേപിച്ച സംഭവത്തിൽ പ്രതികരിച്ച് എഴുത്തുകാരി എസ് ശാരദക്കുട്ടി. പരസ്യവേദിയിൽ ക്ഷണിക്കപ്പെട്ട അതിഥികളോട് രണ്ടു തരം പെരുമാറ്റം പാടില്ലെന്നും കോളജധികൃതരുടെ നട്ടെല്ലില്ലായ്മയും അന്തസ്സില്ലായ്മയും സംസ്കാര ശൂന്യതയുമാണ് സംഭവത്തിൽ വെളിപ്പെട്ടതെന്നും ശാരദക്കുട്ടി പറഞ്ഞു. 

കാംപസിൽ നിന്ന് രാഷ്ട്രീയമില്ലാതായാൽ സംഭവിക്കുന്ന അപകടമാണിതെന്നും ബ്രോയ്ലർ കോഴികളെപ്പോലെ ക്വാക് ക്വാക് എന്നൊച്ച വെക്കുകയല്ല, സ്റ്റേജിലേക്ക് തള്ളിക്കയറി ബിനീഷ് ബാസ്റ്റിനൊപ്പം നിൽക്കുകയായിരുന്നു കുട്ടികൾ ചെയ്യേണ്ടതെന്നും ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ ശാരദക്കുട്ടി പറഞ്ഞു‌. 

പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ കോളജ് ഡേ പരിപാടിക്കിടയിലായിരുന്നു സംഭവം. തന്റെ സിനിമയില്‍ ചാന്‍സ് ചോദിച്ചു നടന്ന ബിനീഷിനൊപ്പം വേദി പങ്കിടാന്‍ പറ്റില്ലെന്നാണ് അനില്‍ പറഞ്ഞത്. സംവിധായകൻ പ്രസം​ഗിച്ചുകൊണ്ടിരിക്കേ വേദിയിലേക്ക് കയറിച്ചെന്ന ബിനീഷ് നിലത്തിരുന്നാണ് തന്റെ പ്രതിഷേധം പ്രകടിപ്പിച്ചത്. സംഭവത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നതിന് പിന്നാലെ ബിനീഷിനെ പിന്തുണച്ചും അനിലിനെ വിമർശിച്ചും പ്രമുഖരടക്കം ധാരാളം പേർ രം​ഗത്തെത്തി. 

ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

എന്തു കാരണം കൊണ്ടായാലും പരസ്യവേദിയിൽ ക്ഷണിക്കപ്പെട്ട അതിഥികളോട് രണ്ടു തരം പെരുമാറ്റം പാടില്ലാത്തതാണ്. കോളേജധികൃതരാണ് അത് സാധിക്കില്ല എന്ന് കൊമ്പത്തെ സംവിധായകനോടു പറയേണ്ടിയിരുന്നത്. റോസിക്കിഷ്ടമില്ലെങ്കിൽ റോസിക്ക് ഈ വീട്ടിൽ നിന്നു പോകാം എന്നോ മറ്റോ ഇല്ലേ. ഇത്തരം സന്ദർഭങ്ങളിലാണത് പറയേണ്ടത്.

അനിൽ രാധാകൃഷ്ണമേനോന്റെ (ആൾ ആരാണെന്നെനിക്കറിയില്ല), മാടമ്പിത്തരത്തേക്കാൾ, അൽപത്തത്തേക്കാൾ, ആത്മവിശ്വാസമില്ലായ്മയേക്കാൾ, കോളേജധികൃതരുടെ നട്ടെല്ലില്ലായ്മയും അന്തസ്സില്ലായ്മയും സംസ്കാര ശൂന്യതയുമാണ് വല്ലാതങ്ങു വെളിപ്പെട്ടു പോയത്.

കാംപസിൽ നിന്ന് രാഷ്ട്രീയമില്ലാതായാൽ സംഭവിക്കുന്ന അപകടമാണിത്. കുട്ടികൾ ഇങ്ങനെ നിശ്ശബ്ദരാക്കപ്പെടും. ബ്രോയ്ലർ കോഴികളെപ്പോലെ ക്വാക് ക്വാക് എന്നൊച്ച വെക്കുകയല്ല, സ്റ്റേജിലേക്ക് തള്ളിക്കയറി ബിനീഷ് ബാസ്റ്റിനൊപ്പം നിൽക്കുമായിരുന്നു ഞാൻ പഠിപ്പിച്ച പാവപ്പെട്ട കോളേജിലെ കുട്ടികളായിരുന്നുവെങ്കിൽ. അവർക്ക് സംഘടനാ ബോധമുണ്ട്. അഭിമാനബോധമുണ്ട്. അപമാനിക്കപ്പെടുന്നവരുടെ ഉള്ളിൽ നിന്നുയരുന്ന നിലവിളി മനസ്സിലാകും.

എസ്.ശാരദക്കുട്ടി
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com