'ബിനീഷിന് എല്ലാം അറിയാമായിരുന്നു, ഒരാളുടെ ഈഗോയും രണ്ടാമന്റെ എടുത്തുചാട്ടവും ഞങ്ങളുടെ പരിപാടി കുളമാക്കി' 

ബിനീഷിനോട് തങ്ങള്‍ എല്ലാം പറഞ്ഞിരുന്നെന്നും അനില്‍ പോയതിന് ശേഷം എത്താം എന്ന് ആദ്യം സമ്മതിച്ചതാണെന്നുമാണ് ചെയര്‍മാന്റെ വാക്കുകള്‍
'ബിനീഷിന് എല്ലാം അറിയാമായിരുന്നു, ഒരാളുടെ ഈഗോയും രണ്ടാമന്റെ എടുത്തുചാട്ടവും ഞങ്ങളുടെ പരിപാടി കുളമാക്കി' 

കൊച്ചി; പാലക്കാട് ഗവണ്‍മെന്റ് കൊളജില്‍വെച്ച് നടന്‍ ബിനീഷ് ബാസ്റ്റിന് നേരിടേണ്ടിവന്ന അധിക്ഷേപം വലിയ വിവാദങ്ങള്‍ക്കാണ് തുടക്കമിട്ടത്.സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്‍ മേനോനും കൊളജ് അധികൃതര്‍ക്കും എതിരേ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. ഇപ്പോള്‍ ബിനീഷിനും അനില്‍ രാധാകൃഷ്ണന്‍ മേനോനുമെതിരേ രംഗത്തെത്തിയിരിക്കുകയാണ് കൊളജ് യൂണിയന്‍ ചെയര്‍മാന്‍ വൈഷ്ണവ്. ഒരാളുടെ ഈഗോയും രണ്ടാമന്റെ എടുത്തുചാട്ടവും ഞങ്ങളുടെ പരിപാടി കുളമാക്കി എന്നാണ് വൈഷ്ണവ് പറയുന്നത്. 

ബിനീഷിനോട് തങ്ങള്‍ എല്ലാം പറഞ്ഞിരുന്നെന്നും അനില്‍ പോയതിന് ശേഷം എത്താം എന്ന് ആദ്യം സമ്മതിച്ചതാണെന്നുമാണ് ചെയര്‍മാന്റെ വാക്കുകള്‍.  തന്റെ സിനിമയില്‍ ചാന്‍സ് ചോദിച്ച് നടന്നവനൊപ്പം വേദി പങ്കിടാനാവില്ലെന്ന് അനില്‍ പറഞ്ഞിരുന്നെന്നും എന്നാല്‍ ബിനീഷ് ബാസ്റ്റിന്റെ ജാതിയെയും മതത്തേയും പറ്റിയൊന്നും അദ്ദേഹം പറഞ്ഞിരുന്നില്ല എന്നുമാണ് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വൈഷ്ണവ് പറയുന്നത്. 

'എന്റെ സിനിമകളില്‍ ചാന്‍സ് ചോദിച്ചു നടന്നവനാണ് ബിനീഷ്! അവനൊപ്പം വേദി പങ്കിടുന്നതില്‍ എനിക്ക് താത്പര്യമില്ല. ബിനീഷ് വേദിയിലുണ്ടെങ്കില്‍ ഞാനവിടെ ഉണ്ടാകില്ല. ഉറപ്പ്!' മാഗസിന്‍ പ്രകാശനം ചെയ്യുന്നതിന് മുഖ്യാതിഥിയായി ക്ഷണിക്കാന്‍ എത്തിയപ്പോള്‍ അനില്‍ രാധാകൃഷ്ണ മേനോന്‍ പറഞ്ഞത് ഇങ്ങനെയാണ്. അതല്ലാതെ ബിനീഷ് ബാസ്റ്റിന്റെ ജാതിയെയും മതത്തെയും പറ്റിയൊന്നും അദ്ദേഹം പറഞ്ഞില്ല. ഇക്കാര്യം അറിയിച്ചപ്പോള്‍ പ്രകാശന ചടങ്ങിനു ശേഷം അനില്‍ രാധാകൃഷ്ണ മേനോന്‍ പോയിക്കഴിഞ്ഞ് കോളജ് ദിനം ഉദ്ഘാടനം ചെയ്യാന്‍ വേദിയിലേക്ക് എത്താം എന്ന് ഇങ്ങോട്ടു നിര്‍ദേശിച്ചത് ബിനീഷാണ്. എന്നിട്ട് അപ്രതീക്ഷിതമായി അദ്ദേഹം വികാര പ്രകടനം നടത്തുകയായിരുന്നു. ചുരുക്കി പറഞ്ഞാല്‍ ഒരാളുടെ ഈഗോയും രണ്ടാമന്റെ എടുത്തു ചാട്ടവും കൂടി ഞങ്ങളുടെ പരിപാടി കുളമാക്കുകയായിരുന്നു.' 

അനിലിന്റെ നിബന്ധന അറിയിച്ചപ്പോള്‍ 'അനില്‍ സാര്‍ അദ്ദേഹത്തിന്റെ പരിപാടി കഴിഞ്ഞ് പോട്ടെ, നമ്മുടെ പരിപാടി അടിപൊളിയാക്കാം ഞാനുണ്ട് കൂടെ പരിപാടി കുളമാകില്ല' എന്നാണ് ബിനീഷ് പറഞ്ഞത്. എന്നാല്‍ പരിപാടി തുടങ്ങിയതിന് പിന്നാലെ ഞൊടിയിടയില്‍ ഭാവം മാറിയ ബിനീഷ് സ്റ്റേജിലേക്ക് പോയേ തീരു എന്ന് ശഠിക്കുകയായിരുന്നുവെന്നും വൈഷ്ണവ് പറയുന്നു. 

 'പിന്നീട് നടന്നത് എല്ലാവരും കണ്ടതാണ്. കുത്തിയിരിക്കുന്നു.. ആരോ എഴുതി കൊടുത്ത പേപ്പറിലെ വാചകങ്ങള്‍ നോക്കി സ്‌റ്റേജില്‍ വായിക്കുന്നു... ആകെ സീന്‍... അതു വരെ തികച്ചു സന്തോഷവാനായിരുന്ന ബിനീഷ് പരിപാടിയുടെ ഇടയിലേക്ക് ഇങ്ങനെ കടന്നു വന്ന് പ്രതിഷേധിച്ചതു പിന്നിലുള്ള കാരണമെന്താണ് എന്ന് എനിക്ക് ഇപ്പോഴും അറിയില്ല. ജാതി മതം മനുഷ്യന്‍ എന്നൊക്കെ പറഞ്ഞ് വികാരാധീനനാകേണ്ട ഒരു സാഹചര്യവും അവിടെ ഉണ്ടായിരുന്നില്ല. എല്ലാം ബിനീഷ് ബാസ്റ്റിന്‍ സമ്മതിച്ചതാണ്.' വൈഷ്ണവ് പറഞ്ഞു. 

''അനില്‍ സാറിന് നിങ്ങളുമായി വേദി പങ്കിടാന്‍ കഴിയില്ല' എന്ന് ഞങ്ങള്‍ പറഞ്ഞിട്ടില്ല. ഇങ്ങനെയൊരു ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്, 'എന്ത് ചെയ്യും' എന്ന് ചോദിക്കുക മാത്രമാണ് ചെയ്തത്. അത് ഇത്രയും വിവാദമാക്കിയത് എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നും വൈഷ്ണവ് ചോദിച്ചു. എസ്എഫ്‌ഐയാണ് കൊളെജ് യൂണിയന്‍ ഭരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com