'നായകനാവേണ്ടിയിരുന്നത് ഞാന്‍, സ്‌നേഹ എന്നെ ഒഴിവാക്കി'; ഫോണ്‍വിളിച്ചപ്പോള്‍ ദേഷ്യപ്പെട്ടു, പിന്നെ പ്രണയം; സിനിമയെ വെല്ലുന്ന ജീവിതം

സ്‌നേഹയാണ് ജീവിതത്തില്‍ സംഭവിക്കാവുന്ന ഏറ്റവും നല്ല കാര്യമെന്ന് തോന്നിയതോടെ അവളെ മാത്രമേ വിവാഹം ചെയ്യൂ എന്ന് ഉറപ്പിച്ചു
'നായകനാവേണ്ടിയിരുന്നത് ഞാന്‍, സ്‌നേഹ എന്നെ ഒഴിവാക്കി'; ഫോണ്‍വിളിച്ചപ്പോള്‍ ദേഷ്യപ്പെട്ടു, പിന്നെ പ്രണയം; സിനിമയെ വെല്ലുന്ന ജീവിതം

തെന്നിന്ത്യയിലെ സൂപ്പര്‍താരജോഡികളാണ് സ്‌നേഹയും പ്രസന്നയും. വിജയനായികയായി മിന്നി നില്‍ക്കുന്ന സമയത്താണ് സ്‌നേഹയെ പ്രസന്ന മിന്നുചാര്‍ത്തുന്നത്. സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ചതോടെയാണ് ഇരുവരും പരസ്പരം അടുക്കുന്നത്. എന്നാല്‍ അതിന് മുന്‍പ് അവര്‍ തമ്മില്‍ വഴക്കായിരുന്നു. ഒരു യുദ്ധത്തിന് ശേഷമാണ് പ്രസന്നയുടേയും സ്‌നേഹയുടേയും ജീവിതത്തില്‍ പ്രണയം പൂവിടുന്നത്. വനിതയുമായുള്ള അഭിമുഖത്തിലാണ് ഇരുവരും തങ്ങളുടെ പ്രണയകഥ തുറന്നു പറഞ്ഞത്. 

സ്‌നേഹ നായകയായി വന്ന സിനിമയില്‍ നായകനായി നിശ്ചയിച്ചിരുന്നത് പ്രസന്നയെ ആയിരുന്നു. എന്നാല്‍ പിന്നീട് പ്രസന്നയെ ഒഴിവാക്കി. അതിന് കാരണം അന്വേഷിച്ചപ്പോള്‍ സ്‌നേഹയുടെ നിര്‍ദേശപ്രകാരമാണ് നായകനെ മാറ്റിയത് എന്ന മറുപടിയായിരുന്നു ലഭിച്ചത്. ഇതോടെയാണ് പ്രസന്നയ്ക്ക് സ്‌നേഹയോട് ദേഷ്യമാകുന്നത്. പിന്നീട് ചേച്ചിക്ക് സമ്മാനം കൊടുക്കാനായി തന്റെ കയ്യിലുള്ള ഇളയരാജ പാട്ടുകളുടെ കളക്ഷന്‍ ചോദിച്ച് സ്‌നേഹ വിളിച്ചു. നേരത്തെയുണ്ടായിരുന്ന ദേഷ്യത്തില്‍ അത്ര നന്നായല്ല സംസാരിച്ചത് എന്നാണ് പ്രസന്ന പറയുന്നത്. 

2009 ല്‍ പുറത്തിറങ്ങിയ 'അച്ചമുണ്ട് അച്ചമുണ്ട്' എന്ന ചിത്രത്തിലാണ് ഞാനും സ്‌നേഹയും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്നത്. സ്‌നേഹയെ അടുത്തറിയുന്നത് അപ്പോഴാണ്. ജീവിതത്തില്‍ അഭിനയിക്കാത്ത നടിയാണ്. അവര്‍ക്ക് സാധാരണക്കാരിയാകാനാണ് കൂടുതല്‍ താല്‍പര്യം എന്നു തിരിച്ചറിഞ്ഞതോടെ ഞങ്ങള്‍ സൗഹൃദമായി. വീട്ടുകാര്‍ തീരുമാനിക്കുന്ന പെണ്‍കുട്ടിയെ വിവാഹം കഴിക്കണം എന്നായിരുന്നു ചിന്തിച്ചിരുന്നതെന്നും എന്നാല്‍ സ്‌നേഹ തന്റെ ജീവിതത്തില്‍ എത്തിയതോടെ ഈ തീരുമാനം മാറ്റുകയായിരുന്നു എന്നും പ്രസന്ന പറഞ്ഞു. 

'സ്‌നേഹയാണ് ജീവിതത്തില്‍ സംഭവിക്കാവുന്ന ഏറ്റവും നല്ല കാര്യമെന്ന് തോന്നിയതോടെ അവളെ മാത്രമേ വിവാഹം ചെയ്യൂ എന്ന് ഉറപ്പിച്ചു. എന്റെ അച്ഛനെ സമ്മതിപ്പിക്കാന്‍ ആറു മാസമെടുത്തു, ജാതി ആയിരുന്നു തടസ്സം. ഞങ്ങള്‍ ബ്രാഹ്മണരാണ്, സ്‌നേഹ നായിഡുവും. ഒടുവില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് റിട്ടയറായ അച്ഛന്റെ സുഹൃത്തുക്കളെ വരെ ഇടപെടുത്തിയാണ് സമ്മതം വാങ്ങിയത്. 2012ലായിരുന്നു വിവാഹം. പറ്റിയാല്‍ എന്നെങ്കിലും ഞാന്‍ ഇതൊരു സിനിമയാക്കും. അത്രയ്ക്ക് സംഭവബഹുലമാണ് ആ കഥ.' പ്രസന്ന പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com