നടിക്കുവേണ്ടി ഒന്നും ചെയ്തില്ല, സമൂഹമാധ്യമങ്ങളില്‍ തോന്നിയത് എഴുതി വിടുന്നു, ചാനല്‍ ചര്‍ച്ചയില്‍ വിഡ്ഡിത്തം പറയുന്നു;  ഡബ്ല്യുസിസിക്കെതിരെ സിദ്ധിഖ്

ആക്രമിക്കപ്പെട്ട നടി അറസ്റ്റിലായ നടന്റെ പേര് പറഞ്ഞത് നാലുമാസങ്ങള്‍ക്ക് ശേഷമാണ്. ഇതില്‍ ദുരൂഹതയുണ്ട്
നടിക്കുവേണ്ടി ഒന്നും ചെയ്തില്ല, സമൂഹമാധ്യമങ്ങളില്‍ തോന്നിയത് എഴുതി വിടുന്നു, ചാനല്‍ ചര്‍ച്ചയില്‍ വിഡ്ഡിത്തം പറയുന്നു;  ഡബ്ല്യുസിസിക്കെതിരെ സിദ്ധിഖ്


കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ ചലച്ചിത്ര രംഗത്തെ വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമാ കളക്ടീവിനെതിരെ (ഡബ്ല്യുസിസി ) നടന്‍ സിദ്ധിഖ്. ആക്രമിക്കപ്പെട്ട നടിക്ക് വേണ്ടി വനിതാ താരങ്ങളുടെ സംഘടനയായ ഡബ്ലിയുസിസി ഒന്നും ചെയ്തില്ല. സമൂഹമാധ്യമങ്ങളില്‍ തോന്നിയതൊക്കെ എഴുതി വിടുക മാത്രമാണ് അവര്‍ ചെയ്തത്. ജനം അത് വിശ്വസിച്ചുവെന്ന് സിദ്ധിഖ് പറഞ്ഞു.

നടിക്കുവേണ്ടി നില്‍ക്കുന്നുവെന്ന് അവകാശപ്പെടുന്നവര്‍ ചാനല്‍ ചര്‍ച്ചകളില്‍ മാത്രമേ രംഗത്ത് വരൂ. അവര്‍ക്കൊരു ആശ്വാസമായിക്കൊള്ളട്ടെ എന്നു കരുതി സംസാരിക്കുന്നതാണെന്ന് ചിലര്‍ പറഞ്ഞിട്ടുണ്ട്. സ്വന്തം പ്രശസ്തിക്കുവേണ്ടിയും  ചാനല്‍ ചര്‍ച്ചയില്‍ പലരും വിഡ്ഡിത്തം പറയുന്നുവെന്നും സിദ്ധിഖ് പറഞ്ഞു.

റൂറല്‍ പൊലീസും കേരള പൊലീസ് അസോസിയേഷന്‍ റൂറല്‍ ജില്ലാ കമ്മിറ്റിയും ചേര്‍ന്ന് സംഘടിപ്പിച്ച ടോക് ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നടി ആക്രമിക്കപ്പെട്ടത് അറിഞ്ഞ ഉടന്‍ താരസംഘടനയായ അമ്മയുടെ ഭാരവാഹികള്‍ മുഖ്യമന്ത്രിയെയും ഡിജിപിയെയും കണ്ടു. മൂന്നു ദിവസത്തിനുള്ളില്‍ പ്രതി പള്‍സര്‍ സുനിയെ പിടികൂടിയെന്ന് സിദ്ധിഖ് പറഞ്ഞു

കേസില്‍ 85 ദിവസം ജയിലില്‍ കിടന്ന നടനെതിരെ മാസങ്ങള്‍ക്ക് ശേഷമാണ് ആരോപണം ഉന്നയിച്ചത്. ആക്രമിക്കപ്പെട്ട നടി അറസ്റ്റിലായ നടന്റെ പേര് പറഞ്ഞത് നാലുമാസങ്ങള്‍ക്ക് ശേഷമാണ്. ഇതില്‍ ദുരൂഹതയുണ്ട്. നടന്‍ കുറ്റവാളിയാണെന്ന് കോടതി പറഞ്ഞാല്‍ മാത്രം ആ രീതിയില്‍ കണ്ടാല്‍ മതി. നടിക്കൊപ്പം നില്‍ക്കുന്നില്ലെന്ന് പറയുന്നത് ജനങ്ങളുടെ തോന്നലാണ്.

അക്രമം ഉണ്ടായതറിഞ്ഞ് അമ്മയുടെ ഭാരവാഹി എന്ന നിലയിലും സഹപ്രവര്‍ത്തകനെന്ന നിലയിലും മുഖ്യമന്ത്രിയെ കണ്ടിരുന്നു. നടിക്കൊപ്പമാണ് എല്ലാവരും നില്‍ക്കുന്നതെന്നും സിദ്ധിഖ് പറഞ്ഞു. ലഹരിമരുന്ന് മാഫിയക്കെതിരെ പൊലീസുമായി ചേര്‍ന്ന് പോരാടാന്‍ തയ്യാറാണെന്നും സിനിമാതാരം വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com