ഐഎഫ്എഫ്‌കെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നവംബര്‍ 10 മുതല്‍; 25 ന് ശേഷം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് 1500 രൂപ

സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം 1000 രൂപയായിരിക്കും പൊതുവിഭാഗത്തിനുള്ള ഡെലിഗേറ്റ് ഫീസ്
ഐഎഫ്എഫ്‌കെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നവംബര്‍ 10 മുതല്‍; 25 ന് ശേഷം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് 1500 രൂപ


 
തിരുവനന്തപുരം; തിരുവനന്തപുരത്ത് നടക്കുന്ന ഇരുപത്തിനാലാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഡിസംബര്‍ ആറിന് തിരിതെളിയും. മുഖ്യമന്ത്രി പിണറായി വിജയനാണ് മേള ഉദ്ഘാടനം ചെയ്യുന്നത്. 13 വരെയാണ് ചലച്ചിത്രമേള നീണ്ടുനില്‍ക്കുക. മലയാളത്തിലെ മികച്ച സിനിമകളില്‍ കരുത്തുറ്റ സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിച്ച ശാരദയാണ് ഉദ്ഘാടനച്ചടങ്ങിലെ മുഖ്യാതിഥി.

മേളയുടെ ഡെലിഗേറ്റ് പാസിനായുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നവംബര്‍ പത്തിനാണ് ആരംഭിക്കും. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം 1000 രൂപയായിരിക്കും പൊതുവിഭാഗത്തിനുള്ള ഡെലിഗേറ്റ് ഫീസ്. നവംബര്‍ 25നുശേഷം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് 1500 രൂപയായിരിക്കും ഡെലിഗേറ്റ് ഫീസ്. വിദ്യാര്‍ഥികള്‍ക്ക് ഇത് യഥാക്രമം 500 ഉം 750 ഉം ആയിരിക്കും. ഓഫ് ലൈന്‍ രജിസ്‌ട്രേഷനാണ് നവംബര്‍ എട്ടിന് ആരംഭിക്കുക. ചലച്ചിത്ര അക്കാദമിയുടെ കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, കോട്ടയം എന്നീവിടങ്ങളിലെ മേഖലാകേന്ദ്രങ്ങളിലും തിരുവനന്തപുരത്ത് ടാഗോര്‍ തിയേറ്ററിലും ഓഫ് ലൈന്‍ രജിസ്‌ട്രേഷന് സൗകര്യമുണ്ടായിരിക്കും. ഓഫ് ലൈന്‍ രജിസ്‌ട്രേഷനില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കുന്നതാണ്.

ആകെ 10,000 പാസുകളാണ് വിതരണംചെയ്യാനുദ്ദേശിക്കുന്നത്. അതില്‍ നാല് മേഖലാകേന്ദ്രങ്ങള്‍ക്കും 250 വീതവും തിരുവനന്തപുരത്ത് 500 ഉം ഉള്‍പ്പെടെ 1500 പേര്‍ക്ക് ഓഫ്‌ലൈനായി ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്. ബാക്കിയുള്ള 8500 പ്രതിനിധികള്‍ക്ക് ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്യാം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നവംബര്‍ 10ന് ആരംഭിക്കും. ആദ്യത്തെ രണ്ടു ദിവസം വിദ്യാര്‍ഥികള്‍ക്കു മാത്രമായിരിക്കും രജിസ്‌ട്രേഷന്‍. 12 മുതല്‍ പൊതു വിഭാഗത്തിനായുള്ള രജിസ്‌ട്രേഷന്‍ തുടങ്ങും.

'മൂന്നാംലോക സിനിമ'യെന്ന ചലച്ചിത്രപ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളികളിലൊരാളായ അര്‍ജന്റീനിയന്‍ സംവിധായകന്‍ ഫെര്‍ണാണ്ടോ സൊളാനസിനാണ് ഇത്തവണ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് സമ്മാനിക്കുന്നത്. അദ്ദേഹത്തിന്റെ അഞ്ച് ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. ഇന്ത്യയിലെ പരീക്ഷണ സിനിമകളുടെ പാക്കേജ്, വിഘടനാനന്തര യുഗോസ്ലാവിയന്‍ സിനിമകളുടെ പാക്കേജ്, മൃണാള്‍സെന്‍, ഗിരീഷ് കര്‍ണാട്, ലെനിന്‍ രാജേന്ദ്രന്‍, എം ജെ രാധാകൃഷ്ണന്‍ എന്നിവര്‍ക്ക് സ്മരണാഞ്ജലിയര്‍പ്പിക്കുന്ന ഹോമേജ് വിഭാഗം എന്നിവയും മേളയിലെ മറ്റ് ആകര്‍ഷണങ്ങളാണ്. മല്‍സരവിഭാഗം, ഇന്ത്യന്‍ സിനിമ, ലോകസിനിമ തുടങ്ങിയ വിഭാഗങ്ങളിലായി 180 ഓളം ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. 14 തിയേറ്ററുകളിലായാണ് പ്രദര്‍ശനം നടക്കുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com