ചിത്രയ്‌ക്കൊപ്പം 'ഒരു മുറൈ വന്ത് പാര്‍ത്തായ' പാടി സൗദി സുല്‍ത്താന്‍; കയ്യടിച്ച് മലയാളികള്‍; വിഡിയോ വൈറല്‍

സൗദി സ്വദേശിയായ നടനും ഗായകനുമായ അഹമ്മദ് സുല്‍ത്താനാണ് മലയാളികളെ ഞെട്ടിച്ചിരിക്കുന്നത്
ചിത്രയ്‌ക്കൊപ്പം 'ഒരു മുറൈ വന്ത് പാര്‍ത്തായ' പാടി സൗദി സുല്‍ത്താന്‍; കയ്യടിച്ച് മലയാളികള്‍; വിഡിയോ വൈറല്‍

സൂപ്പര്‍ഹിറ്റ് ചിത്രം മണിച്ചിത്രത്താഴ് ഇന്നും മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ചിത്രമാണ്. അതിനൊപ്പം തന്നെ മണിച്ചിത്രത്താഴിലെ ഒരു മുറൈ വന്ത് പാര്‍ത്തായാ എന്ന ഗാനവും മലയാളികള്‍ക്ക് പ്രിയപ്പെട്ടതാണ്. ആ ഒരു ഗാനം മാത്രം മതി മണിച്ചിത്രത്താഴിലെ കഥാപാത്രവും കഥാസന്ദര്‍ഭങ്ങളുമെല്ലാം മനസില്‍ തെളിയാന്‍. ബിച്ചു തിരുമലയും വാലിയും ചേര്‍ന്ന് രചിച്ച് എം.ജി.രാധാകൃഷ്ണന്‍ കുന്തളവരാളി രാഗത്തില്‍ ചിട്ടപ്പെടുത്തിയ ഗാനം യേശുദാസും ചിത്രയും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. ഇപ്പോള്‍ ഈ ഗാനം പാടി കയ്യടി വാങ്ങുകയാണ് സൗദി ഗായകന്‍. 

സൗദി സ്വദേശിയായ നടനും ഗായകനുമായ അഹമ്മദ് സുല്‍ത്താനാണ് മലയാളികളെ ഞെട്ടിച്ചിരിക്കുന്നത്. കെ.എസ് ചിത്രയ്‌ക്കൊപ്പമാണ് അദ്ദേഹം വേദിയില്‍ എത്തിയത്. കഴിഞ്ഞ ദിവസം റിയാദില്‍ നടന്ന അഹ് ലാന്‍ കേരള എക്‌സ്‌പോയിലായിരുന്നു സുല്‍ത്താന്‍ അത്ഭുതം തീര്‍ത്തത്. കൂടെപ്പാടിയ ചിത്രയെ പോലും അത്ഭുതപ്പെടുത്തുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം. പരിപാടിയുടെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. നിരവധി പേരാണ് സുല്‍ത്താന്‍ അഹമ്മദിനെ പുകഴ്ത്തി രംഗത്തെത്തിയത്. 

പാടിത്തുടങ്ങുമ്പോള്‍ വേദിയില്‍ ചിത്ര തനിച്ചായിരുന്നു. പല്ലവിയും അനുപല്ലവിയും കഴിഞ്ഞ് ചരണത്തിലെത്തിയപ്പോഴായിരുന്നു പരമ്പരാഗത അറബി വേഷത്തില്‍ തോം തോം തോം എന്ന് പാടിക്കൊണ്ടുള്ള സുല്‍ത്താന്‍ വേദിയിലേക്ക് എത്തിയത്. ഉച്ചാരണത്തില്‍ അറബിയുടെ സ്വാധീനമുണ്ടായിരുന്നെങ്കിലും വളരെ മനോഹരമായാണ് അദ്ദേഹം പാടിയത്. ഒടുവില്‍ സുല്‍ത്താന്റെ ആലാപനമികവ് കേട്ട് വേദിയില്‍ വച്ച് പാട്ടിനിടെ ചിത്ര തന്നെ കൈയടിച്ചുപോയി.

ഇതിഹാസമായ ചിത്രയ്‌ക്കൊപ്പം ഒരു മലയാളഗാനം ആലപിക്കാന്‍ കഴിഞ്ഞത് ഭാഗ്യമാണെന്നാണ് അഹമ്മദ് സുല്‍ത്താന്‍ ഫെയ്‌സ്ബുക്കില്‍ പ്രതികരിച്ചത്. ജീവിതത്തിലെ ഏറ്റവും അഭിമാന നിമിഷമെന്നും സുല്‍ത്താന്‍ കുറിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com