'രണ്ടര ദിവസം ഇരുന്നുകൊടുക്കേണ്ടിവന്നു, കഥാപാത്രമാക്കി തെരുവിലൂടെ നടത്തിച്ചു'; അനുഭവം പറഞ്ഞ് നിവിൻ പോളി

ബോളിവുഡ് മേക്കപ്പ് ആർട്ടിസ്റ്റ് വിക്രമാണ് നിവിനെ പക്കാ മുംബൈക്കാരനാക്കിയത്
'രണ്ടര ദിവസം ഇരുന്നുകൊടുക്കേണ്ടിവന്നു, കഥാപാത്രമാക്കി തെരുവിലൂടെ നടത്തിച്ചു'; അനുഭവം പറഞ്ഞ് നിവിൻ പോളി

നിവിൻ പോളിയെ നായകനാക്കി ​ഗീതു മോഹൻദാസ് സംവിധാനം ചെയ്ത മൂത്തോൻ മികച്ച പ്രതികരണമാണ് നേടുന്നത്. നിവിൻ പോളിയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമാണ് മൂത്തോനിലെ അക്ബർ ഭായ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇതുവരെ കാണാത്ത നിവിൻ പോളിയെയാണ് ചിത്രത്തിൽ നാം കാണുന്നത്. എന്നാൽ അത്ര എളുപ്പമായിരുന്നില്ല ഈ മേക്കോവർ എന്നാണ് നിവിൻ പോളി പറയുന്നത്. 

ബോളിവുഡ് മേക്കപ്പ് ആർട്ടിസ്റ്റ് വിക്രമാണ് നിവിനെ പക്കാ മുംബൈക്കാരനാക്കിയത്. മൂത്തോനിലെ കഥാപാത്രം എങ്ങനെയാവണമെന്ന് സംവിധായകയ്ക്ക് ക‌‌ൃത്യമായ ധാരണയുണ്ടായിരുന്നെന്നും അതിനനുസരിച്ച് വളര സമയമെടുത്താണ് അക്ബർ ഭായിയുടെ ലുക്ക് വിക്രം റെഡിയാക്കിയെടുത്തതെന്നുമാണ്  നിവിൻ പറയുന്നത്. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു മേക്കോവർ അനുഭവം അദ്ദേഹം പങ്കുവെച്ചത്. 

'മൂത്തോനിലെ കഥാപാത്രത്തെക്കുറിച്ച് സംവിധായികയ്ക്ക് കൃത്യമായ ധാരണയുണ്ടായിരുന്നു. പ്രത്യേകത നിറഞ്ഞതായിരുന്നു വിക്രത്തിന്റെ ഡിസൈനിംഗ് രീതി. മുന്‍പിലിരുത്തി ഒരുപാടുനേരം നിശബ്ദമായി നിരീക്ഷിക്കും. പിന്നീട് അവിടെ ,ഷേഡ് കൊടുക്കൂ, കമ്മല്‍ നല്‍കൂ, മുടി കുറച്ചുകളയൂ.. അങ്ങനെ പലതരം കമന്റുകള്‍ വന്നുകൊണ്ടിരിക്കും. അഭിനേതാവിനെ കണ്‍മുന്നില്‍ വച്ചുകൊണ്ടുള്ള പരീക്ഷണമാണ്. രണ്ടര ദിവസം മുന്നില്‍ ഇരുന്നുകൊടുക്കേണ്ടിവന്നു. ഏതാണ്ടൊരു രൂപം ഉറപ്പിച്ചുകഴിഞ്ഞപ്പോള്‍ കഥാപാത്രത്തിന്റെ വേഷം നല്‍കി തെരുവിലൂടെ നടത്തിച്ചു. കടകളില്‍ കയറി സാധനങ്ങള്‍ വാങ്ങുന്നതും ആള്‍ക്കൂട്ടവുമായി സംസാരിക്കുന്നതുമെല്ലാം ക്യാമറയില്‍ പകര്‍ത്തി. അതിനുശേഷവും സൂക്ഷ്മമായ മാറ്റങ്ങള്‍ കൊണ്ടുവന്നു', നിവിന്‍ വിശദീകരിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com