കുളം കലക്കി മീന്‍ പിടിക്കാനറിയാവുന്ന സംവിധായകന്റേയും വിതരണക്കാരന്റേയും പേര് ഒന്നു തന്നെയാണ്, ലാല്‍ ജോസ്!

ലോകത്ത് ഏറ്റവും പ്രബലമായ ധൈഷണിക ചിന്താധാരയായ യുക്തിവാദത്തെ അപഹസിക്കുകയാണ് ഉല്ലാസ് എന്ന നായകന്റെ ജന്മ ലക്ഷ്യം.
കുളം കലക്കി മീന്‍ പിടിക്കാനറിയാവുന്ന സംവിധായകന്റേയും വിതരണക്കാരന്റേയും പേര് ഒന്നു തന്നെയാണ്, ലാല്‍ ജോസ്!


ചാന്ത് പൊട്ടില്‍ ട്രാന്‍സ്ജന്ററുകളോടുള്ള അരാഷ്ട്രീയ സമീപനത്തിനൊപ്പവും നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതിക്കൊപ്പവും ചേര്‍ന്നു നിന്ന ലാല്‍ജോസ് എന്ന സംവിധായകന്‍ മതവിശ്വാസവും യുക്തിചിന്തയും വിഷയീഭവിച്ച് സിനിമയെടുക്കുമ്പോള്‍ ഏതുപക്ഷത്ത് നില്‍ക്കുമെന്നാണ് നിങ്ങള്‍ പ്രതീക്ഷിക്കുന്നത്?  പ്രതീക്ഷ അണുവിട തെറ്റിക്കാതെ തീര്‍പ്പുകല്‍പ്പിച്ചിരിക്കുന്ന സിനിമയാണ് 41.

ദുര്‍ബലനായ കമ്യൂണിസ്റ്റിനേയും അതി ദുര്‍ബലനായ യുക്തിവാദിയേയും ഉല്ലാസ് മാഷ് എന്ന കഥാപാത്രത്തില്‍ രൂപപ്പെടുത്തിയതിലൂടെ ദൈവ വിശ്വാസത്തിന്റെ/അയ്യപ്പഭക്തിയുടെ സ്‌കോര്‍ കാര്‍ഡില്‍ ഗോളിന്റെ എണ്ണമുയര്‍ത്തുക എന്ന പ്രതിലോമ, പുരോഗമന വിരുദ്ധ രാഷ്ട്രീയ പ്രവര്‍ത്തനമാണ് സംവിധായകന്‍ നടത്തുന്നത്. എക്കാലത്തും മുഖ്യധാരാ പ്രഖ്യാപിക സാമൂഹ്യ ഘടനയും കുടുംബ സങ്കല്‍പ്പവും ആഴത്തില്‍ തറക്കല്ലിട്ടുറപ്പിക്കാന്‍ ശ്രമിച്ച ലാല്‍ജോസില്‍ നിന്നാണ് ഇക്കാര്യമെന്നതിനാല്‍ അത്ഭുത ആശ്ചര്യ ചിഹ്നങ്ങള്‍ക്കൊന്നും വകുപ്പില്ല. വോട്ട് ബാങ്ക് രാഷ്ട്രീയം പോലുള്ള ആളുകേറല്‍ ഗിമ്മിക്ക്‌സ് മാത്രമാണ് അയാളെ എക്കാലത്തും നയിച്ചിട്ടുള്ളത്.

ലോകത്ത് ഏറ്റവും പ്രബലമായ ധൈഷണിക ചിന്താധാരയായ യുക്തിവാദത്തെ അപഹസിക്കുകയാണ് ഉല്ലാസ് എന്ന നായകന്റെ ജന്മ ലക്ഷ്യം. 'ദൈവം എന്ന വ്യവസായി' എന്നൊരു പുസ്തകമെഴുതുകയും മതാന്ധതയുടെ അയുക്തിയെ വെളിക്കിരുത്തുകയും ചെയ്യാനുള്ള അയാളുടെ ശ്രമങ്ങളെ, വിവാഹത്തിലെ അനാചാര ആലോചനകളെ എല്ലാം നിറഞ്ഞു പരിഹസിക്കുന്ന ആഖ്യാന സ്വഭാവമാണ് സിനിമയ്ക്ക്. എന്നിട്ട് പുട്ടിന് പീര പോലെ ഭക്തിയുടെ അസ്ഥിത്വത്തെപ്പറ്റിയുള്ള ചില്ലറ കമന്റുകളില്‍ ഹൈപ്പ് നല്‍കി സംവിധായകന്‍ നയം വ്യക്തമാക്കുന്നത് കാണാം. ഒടുവില്‍ ശബരിമലയിലെത്തുന്ന ഉല്ലാസിന്റെ അയ്യപ്പ  മകരജ്യോതി ദര്‍ശനങ്ങളിലൂടെ അപ്പോള്‍ തെളിയുന്ന ദിവ്യവെളിച്ചത്തിലൂടെ അയാളുടെ പരിണാമം പ്രഖ്യാപിക്കുന്നു. നിര്‍ണ്ണായക സമയത്തുള്ള ആകാശനോട്ടത്തിലൂടെ മനംമാറ്റം സംഭവിച്ച ഉല്ലാസ് പൂര്‍ണ്ണമാകുകയും ചെയ്യുന്നു.

വിശ്വാസി/ അവിശ്വാസി സംഘര്‍ഷം യഥാര്‍ത്ഥത്തില്‍ ഈ സിനിമയുടെ പ്രമേയ പരിസരമൊന്നുമല്ല. അങ്ങനെ തോന്നിപ്പിക്കാവുന്ന ഒരു 'മായ ' സൃഷ്ടിക്കുക മാത്രമാണ് മേക്കര്‍ ചെയ്തിട്ടുള്ളത്. സൂക്ഷിച്ചു നോക്കിയാല്‍ ഉല്ലാസ് ഒന്നാന്തരം വിശ്വാസിയാണെന്ന് / ഭക്തനാണെന്ന് തെളിയും. എല്ലാ ഭക്തരിലും അവര്‍ക്കൊപ്പം നില്‍ക്കാത്തവരെ അപഹസിക്കുന്ന ഒരന്തര്‍ധാര സജീവമായുണ്ടായിരിക്കുമല്ലോ. അതു മാത്രമാണ് ഉല്ലാസിന്റെ യുക്തിവാദം. നവോത്ഥാ പുരോഗമന ആശയസംഹിതയെ പരിഹസിക്കാനുപയോഗിക്കുന്ന രീതി ശാസ്ത്രം യുക്തിചിന്തയുടെ കാര്യത്തിലും പ്രയോഗിക്കുന്ന സംവിധായകന്‍ തന്റെ സ്ഥിരം കുറ്റിയില്‍ കെട്ടി ടോട്ടല്‍ സെന്റിമെന്‍സ് വസൂലാക്കാന്‍ പാകത്തില്‍ കണ്ണന്‍ വാവച്ചിയെ രൂപപ്പെടുത്തിയെടുക്കുകയും ചെയ്യുന്നുണ്ട്. മലയാളത്തില്‍ കുളം കലക്കി മീന്‍ പിടിക്കാനറിയാവുന്ന സംവിധായകന്റേയും വിതരണക്കാരന്റേയും പേര് ഒന്നു തന്നെയാണ്, ലാല്‍ ജോസ്!

മിത്തിനും ഫിക്ഷനും മതവിശ്വാസ പ്രമാണങ്ങള്‍ക്കും പരമോന്നത കോടതിയടക്കം നല്‍കുന്ന പരിഗണനയും പ്രഥമസ്ഥാനവും കണക്കിലെടുക്കുമ്പോള്‍ ലാല്‍ ജോസൊന്നും ഒരു മൂലക്കില്ല!

(സഫറാസ് അലി ഫെയ്‌സ്ബുക്കിലെഴുതിയ കുറിപ്പ്)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com