ഇത് എന്തൊരു മനുഷ്യന്‍!; പിണറായിയെ പുകഴ്ത്തി മുരുഗദോസ് 

തമിഴ്‌നാട്ടിലെ പ്രമുഖ സംവിധായകനായ ഏ ആര്‍ മുരുഗദോസ് മുഖ്യമന്ത്രി പിണറായിയെ പ്രകീര്‍ത്തിച്ച് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്
ഇത് എന്തൊരു മനുഷ്യന്‍!; പിണറായിയെ പുകഴ്ത്തി മുരുഗദോസ് 

ചെന്നൈ: ജന്മദിനത്തില്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ എത്തിയ ഭിന്നശേഷിക്കാരനായ യുവാവും ഒന്നിച്ച് സമയം ചെലവഴിച്ചതിന്റെ ഹൃദയസ്പര്‍ശിയായ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടുളള മുഖ്യമന്ത്രി പിണറായി വിജയന്റെ കുറിപ്പ് വലിയ തോതിലാണ് സോഷ്യല്‍മീഡിയ അടക്കം ഏറ്റെടുത്തത്. ഇരുകൈകളുമില്ലാത്ത യുവാവ് തനിക്ക് ഒപ്പം നിന്ന് കാലുകൊണ്ട് സെല്‍ഫി എടുത്തത് ഉള്‍പ്പെടെയുളള വേറിട്ട അനുഭവം പിണറായി വിജയന്‍ തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ പുറത്തുവിട്ടത്. തുടര്‍ന്ന് നിരവധിപ്പേരാണ് മുഖ്യമന്ത്രിക്കും യുവാവിനും ആശംസകള്‍ നേര്‍ന്ന് രംഗത്തുവന്നത്. വ്യത്യസ്തനായ മുഖ്യമന്ത്രി എന്നെല്ലാം വിശേഷിപ്പിച്ച് സോഷ്യല്‍മീഡിയയില്‍ അടക്കം നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെട്ടത്.

ഇപ്പോള്‍ തമിഴ്‌നാട്ടിലെ പ്രമുഖ സംവിധായകനായ എ ആര്‍ മുരുഗദോസ്
മുഖ്യമന്ത്രി പിണറായിയെ പ്രകീര്‍ത്തിച്ച് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. രജനീകാന്ത് മുഖ്യവേഷത്തില്‍ എത്തുന്ന പുതിയ ചിത്രമായ ദര്‍ബാറിന്റെ ചിത്രീകരണത്തിന്റെ തിരക്കിലാണ് മുരുഗദോസ്. ഇത് എന്തൊരു മനുഷ്യന്‍ എന്ന അര്‍ത്ഥമുളള what a man എന്നാണ് പിണറായി വിജയനെ മുരുഗദോസ് വിശേഷിപ്പിച്ചത്. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് മുഖ്യമന്ത്രിയെ അഭിനന്ദിച്ച് കൊണ്ട് മുരുഗദോസ് കുറിപ്പ് പങ്കുവെച്ചത്. മുഖ്യമന്ത്രിക്കൊപ്പം യുവാവ് നില്‍ക്കുന്ന ചിത്രം സഹിതമാണ് പോസ്റ്റ്. നിരവധി കമന്റുകളും ഷെയറുമാണ് ഈ കുറിപ്പിന് ലഭിക്കുന്നത്.

കഴിഞ്ഞദിവസം നിയമസഭയിലെ ഓഫീസില്‍ എത്തിയപ്പോള്‍ ഒരു ഹൃദയ സ്പര്‍ശിയായ അനുഭവം ഉണ്ടായെന്ന് പറഞ്ഞാണ്  പ്രണവ് എന്ന യുവാവിനെ മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പരിചയപ്പെടുത്തിയത്. ആലത്തൂര്‍ സ്വദേശിയായ പ്രണവ് ചിത്രകാരന്‍ കൂടിയാണ്. ടെലിവിഷന്‍ റിയാലിറ്റി ഷോകളിലൂടെ കിട്ടിയ തുകയാണ് പ്രണവ് ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. അച്ഛനും അമ്മയ്ക്കും ഒപ്പമാണ് ഈ കൊച്ചുമിടുക്കന്‍ എത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വലിയ മൂല്യമാണ് പ്രണവിന്റെ ഈ സംഭാവനക്കുള്ളതെന്ന് മുഖ്യമന്ത്രി കുറിച്ചു. ചിറ്റൂര്‍ ഗവ. കോളേജില്‍ നിന്ന് ബികോം ബിരുദം നേടിയ പ്രണവ് പിഎസ് സി കോച്ചിംഗിന് പോവുകയാണ് ഇപ്പോള്‍. കാല്‍ ഉപയോഗിച്ച് സെല്‍ഫിയും എടുത്ത് ഏറെ നേരം സംസാരിച്ചാണ് പ്രണവിനെ സന്തോഷപൂര്‍വം യാത്രയാക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com