'ആ മുരടൻ വാർധക്യം ഇന്നൊരു യാഥാർഥ്യമേയല്ല'

സിനിമ തന്നെ വൈകാരികമായി സ്പർശിക്കാതെ പോയതിന്റെ കാരണങ്ങളാണ് കുറിപ്പിൽ വിവരിക്കുന്നത്
'ആ മുരടൻ വാർധക്യം ഇന്നൊരു യാഥാർഥ്യമേയല്ല'

സുരാജ് വെഞ്ഞാറമ്മൂട്, സൗബിന്‍ ഷാഹിര്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25. സാങ്കേതികവിദ്യയുടെ വികാസം സാധാരണക്കാരന്റെ ജീവിതത്തോട് കൂട്ടിയിണക്കി ഒറ്റപ്പെടലിന്റേയും അച്ഛന്‍ മകന്‍ ബന്ധത്തിന്റെ ഇഴയടുപ്പം വരച്ച് കാണിക്കുന്നതാണ് ചിത്രം. എന്നാൽ ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, മധ്യവർത്തി കുടുംബങ്ങളിൽ അച്ഛനും മകനും പുലർത്തിയിരുന്ന ഗതകാല ശുണ്ഠിയുടെ കഥയാണ് സിനിമയിലേക്കു കൊണ്ടുവരുവാൻ ശ്രമിക്കുന്നതെന്നാണ് എഴുത്തുകാരി എസ് ശാരദക്കുട്ടിയുടെ അഭിപ്രായം.

വാർധക്യത്തിന്റെ പ്രശ്നങ്ങൾ സ്വയം വിദഗ്ദ്ധമായി കൈകാര്യം ചെയ്തു വരുന്ന, 'വൃദ്ധരാ'കാൻ കൂട്ടാക്കാത്തവരുടെ കാലമാണിത്. അതു കൊണ്ടു തന്നെ ആൻഡ്രോയ്ഡ് കുഞ്ഞപ്പനിലെ ഭാസ്ക്കരപ്പൊതുവാളിന്റെ മൂശേട്ടത്തരങ്ങൾക്ക് കൃത്രിമത്വത്തിന്റെ നിറം ഇത്തിരി കൂടുതലാണ്, ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ ശാരദക്കുട്ടി അഭിപ്രായപ്പെടുന്നു. സുരാജിന്റെ ഹൃദ്യമായ അഭിനയത്തെയും സൗബിൻ, സൈജു, കെന്‍ഡി സിര്‍ദോ എന്നിവരുടെ മിതത്വം വിടാതെയുള്ള അവതരണത്തെയും അഭിനന്ദിച്ച ശാരദക്കുട്ടി സിനിമ തന്നെ വൈകാരികമായി സ്പർശിക്കാതെ പോയതിന്റെ കാരണങ്ങളാണ് കുറിപ്പിൽ വിവരിക്കുന്നത്. 

ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് കുറിപ്പ്

സിനിമ തുടങ്ങി അൽപം കഴിഞ്ഞപ്പോൾ ചില കൂട്ടുകാർക്ക് മെസേജയച്ചു, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ കൊള്ളാം, കാണാതിരിക്കരുത് എന്ന്. പക്ഷേ അവസാനം വരെ ആ തോന്നൽ നിലനിൽക്കാതെ പോയതിന്റെ ചില കാരണങ്ങളാണ് പറയുന്നത്. ഒരു പുതു സംവിധായകന് ഒട്ടേറെ മുന്നോട്ടു സഞ്ചരിക്കുവാൻ ഇതൊക്കെ സഹായകമായേക്കുമെന്നും ചൂണ്ടിക്കാണിക്കേണ്ടതുണ്ടെന്നുമുള്ള ബോധ്യമാണ് ഈ കുറിപ്പിന്റെ പ്രേരണ.

'നീ ഇവിടെ എന്റെ കൂടെ, കിട്ടുന്ന പണിയൊക്കെ ചെയ്തു നിൽക്ക് ' എന്ന് പറയുന്ന രക്ഷിതാക്കൾ ഇന്ന് കുറവാണ്. 'നീ പോയി രക്ഷപ്പെട്' എന്നേ അവർ പറയൂ. യഥാർഥ ജീവിതത്തിൽ അവർ രൂപത്തിലും സ്വഭാവത്തിലും ചിത്രത്തിൽ കാണുന്ന ഭാസ്കരപ്പൊതുവാളിന്റെയത്ര വൃദ്ധരല്ല. ഏറെക്കുറെ മക്കളെപ്പോലെ തന്നെ യുവാക്കളാണ്. വാർധക്യത്തിന്റെ പ്രശ്നങ്ങൾ സ്വയം വിദഗ്ദ്ധമായി കൈകാര്യം ചെയ്തു വരുന്ന, 'വൃദ്ധരാ'കാൻ കൂട്ടാക്കാത്തവരുടെ കാലമാണിത്. പരമാവധി മക്കളുടെ തൊഴിലിനെയും അവരുടെ കുടുംബ ജീവിതത്തെയും പ്രവാസ ജീവിതത്തെയും ഒന്നും ബാധിക്കാതെ, പരാതികൾ പറയാതെ, സന്തുഷ്ടരായിത്തന്നെ കഴിയാൻ പരിശീലിച്ചു കഴിഞ്ഞവരാണ് ഇന്നത്തെ രക്ഷിതാക്കൾ. പുതിയ തലമുറയേക്കാൾ അക്കാര്യത്തിൽ പുതിയതാണവർ. രൂപത്തിലും ഭാവത്തിലും അവർ ഭാസ്കരപ്പൊതുവാളിനേക്കാൾ യുവാക്കളാണ്. അതു കൊണ്ടു തന്നെ ആൻഡ്രോയ്ഡ് കുഞ്ഞപ്പനിലെ ഭാസ്ക്കരപ്പൊതുവാളിന്റെ മൂശേട്ടത്തരങ്ങൾക്ക് കൃത്രിമത്വത്തിന്റെ നിറം ഇത്തിരി കൂടുതലാണ്. ഒരു മധ്യവർത്തി മലയാളി കുടുംബം വർഷങ്ങൾക്കു മുൻപ് ഇങ്ങനെയായിരുന്നു എന്നു പറഞ്ഞാൽ ശരിയാകും.

പ്രസന്നനെ പോലെ അമ്മാവനെ നോക്കിയും സംരക്ഷിച്ചും നിൽക്കുന്ന മരുമക്കളും ഇന്നുണ്ടാവില്ല. മകനും മരുമകനും ഒന്നുമില്ല, എല്ലാ യുവാക്കളും ഒരേ പോലെ മത്സരിച്ചു ജീവിക്കുന്ന കാലമാണ്. അതിനാൽ ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, മധ്യവർത്തി കുടുംബങ്ങളിൽ അച്ഛനും മകനും പുലർത്തിയിരുന്ന ഗതകാല ശുണ്ഠിയുടെ കഥയാണ് സിനിമയിലേക്കു കൊണ്ടുവരുവാൻ ശ്രമിക്കുന്നത് എന്ന് പറയേണ്ടി വരും.

പത്മരാജന്റെ തിങ്കളാഴ്ച നല്ല ദിവസവും ഐ വി ശശിയുടെ ആൾക്കൂട്ടത്തിൽ തനിയെയും ഒക്കെ കൈകാര്യം ചെയ്ത പ്രമേയത്തിന് ഇന്ന് സ്വീകാര്യത കുറയും. ടെക്നോളജിയുടെ സാധ്യതകൾ പ്രമേയത്തിലും ആവിഷ്കാരത്തിലും എത്ര ഉപയോഗിച്ചാലും ആ മുരടൻ വാർധക്യം ഇന്നൊരു യാഥാർഥ്യമേയല്ല എന്നയിടത്താണ് സിനിമ വൈകാരികമായി അത്രമേൽ സ്പർശിക്കാതെ പോകുന്നത്.

സുരാജ് വെഞ്ഞാറമ്മൂടിന്റെ ശരീരഭാഷയും അഭിനയവും മികച്ചത്. അച്ഛനല്ല, അച്ഛന്റെ അച്ഛനാകാനാണ് അതു കൂടുതൽ യോജിക്കുക. അച്ഛൻ, പൊതുവേ ഇത്ര വൃദ്ധനാവില്ല. പക്ഷേ സുരാജ് ഏറ്റവും ഹൃദ്യമാക്കി തന്റെ റോൾ. സൗബിൻ, സൈജു, ജപ്പാൻകാരി പെൺകുട്ടിയായി വന്ന നടി ഒക്കെ മിതത്വം വിടാതെ വേഷങ്ങൾ ഭംഗിയാക്കി. കാരക്ടറുകൾ ഒന്നും സൃഷ്ടിയിൽ തന്നെ അത്രയ്ക്ക് കൺ വിൻസിങ് അല്ലെങ്കിലും അവരവരുടെ റോളുകൾ എല്ലാവരും ഭംഗിയാക്കി. മാലാ പാർവ്വതി രസമുണ്ട് സൗദാമിനിയുടെ വേഷത്തിൽ. ഹോംനേഴ്സായി വരുന്ന നാടകനടി കൂടിയായ ഭാനുമതിയും തയ്യൽക്കാരനുമാണ് ഉപകഥാപാത്രങ്ങളിൽ ഏറ്റവും മികച്ചതായി തോന്നിയത്. കുഞ്ഞപ്പനെ കൊല്ലാൻ നടക്കുന്ന ആളുടെ റോൾ ഒട്ടും പിടികിട്ടുന്നില്ല.

പ്രമേയത്തിലെ ചില അസ്വാഭാവികതകൾ, സംഭാഷണത്തിലെ അനായാസത കൊണ്ട് ഏറെക്കുറെ മറികടക്കാൻ കഴിയുന്നുണ്ട്. 'തോൽക്കുമെന്ന പേടിയില്ലെങ്കിൽ ഒന്നിരിക്ക്' എന്ന് ചെസ്സുകളിക്കാൻ അച്ഛൻ ക്ഷണിക്കുമ്പോൾ, 'തോൽക്കുമെന്നു പേടിയുണ്ടെ' ന്നു പറഞ്ഞ് തകർന്ന മനസ്സോടെ വീടിനു പുറത്തേക്കു പോകുന്ന സൗബിന്റെ സന്ദർഭം അതിലൊന്നാണ്.

BijiBal, AC Sreehari, Harinarayanan മികച്ച ഗാനാനുഭവമാണ് ഒരുക്കിയത്.

എല്ലാ സിനിമകൾക്കും ഒടുവിൽ മാത്രം പിന്നണി പ്രവർത്തകരെ എഴുതിക്കാണിക്കുന്ന രീതി മാറേണ്ടതുണ്ട്. പ്രേക്ഷകരെല്ലാം എഴുന്നേറ്റു പുറത്തേക്കിറങ്ങുന്നതിനാൽ എഴുന്നേറ്റു നിന്നു വായിക്കേണ്ടി വരുന്നു. അതു തന്നെ പകുതിക്കു വെച്ച് തീയേറ്ററുകൾ നിർത്തിക്കളയുന്നു. ഇത്രമാത്രം തീരെ ചെറിയ അക്ഷരങ്ങളിൽ വളരെ വേഗത്തിൽ എഴുതിമറയേണ്ട പേരുകളല്ല അവ. അവയും ദൃശ്യങ്ങളാണ്. ദൃശ്യങ്ങൾക്കു കിട്ടുന്ന പ്രാധാന്യം അതിനും കിട്ടണം. ഞാൻ ടിക്കറ്റെടുത്തു വെയ്റ്റ് ചെയ്യുന്നത് അതുകൂടി കാണാനാണ്. അതിനു വേണ്ടി മാത്രം തിയേറ്ററിൽ നിന്ന് അവസാനമിറങ്ങുന്ന പ്രേക്ഷകയാണ് ഞാൻ. ഒരിക്കൽ മാത്രമാണ് സിനിമ മുഴുവനാക്കാതെ ഇറങ്ങേണ്ടി വന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com