സുചിത്രയെ കാണാനില്ലെന്ന് സഹോദരി, താന്‍ എവിടേയും പോയിട്ടില്ല, പരാതിയില്‍ ഗൂഢാലോചനയെന്ന് ഗായിക; വിവാദം

സുചി ലീക്ക്‌സ് എന്ന ഹാഷ് ടാഗോടെ സുചിത്രയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍നിന്ന് സെലിബ്രിറ്റികളുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോയും പുറത്ത് പോയത് തമിഴ് സിനിമ ലോകത്ത് വലിയ വിവാദങ്ങളാണ് സൃഷ്ടിച്ചത്
സുചിത്രയെ കാണാനില്ലെന്ന് സഹോദരി, താന്‍ എവിടേയും പോയിട്ടില്ല, പരാതിയില്‍ ഗൂഢാലോചനയെന്ന് ഗായിക; വിവാദം

നാളുകള്‍ക്കു ശേഷം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ് ഗായികയും റേഡിയോ ജോക്കിയുമായ സുചിത്ര കാര്‍ത്തിക്. സുചിത്രയെ കാണാനില്ലെന്ന് പറഞ്ഞ് സഹോദരി സുനിത പൊലീസില്‍ പരാതിപ്പെട്ടതാണ് പുതിയ വിവാദങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിന് പിന്നാലെ താന്‍ എവിടെയും പോയിട്ടില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് സുചിത്രയും രംഗത്തെത്തി. 

സുചി ലീക്ക്‌സ് എന്ന ഹാഷ് ടാഗോടെ സുചിത്രയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍നിന്ന് സെലിബ്രിറ്റികളുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോയും പുറത്ത് പോയത് തമിഴ് സിനിമ ലോകത്ത് വലിയ വിവാദങ്ങളാണ് സൃഷ്ടിച്ചത്. തുടര്‍ന്ന് സുചിത്രയുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും അവര്‍ വലിയ മാനസിക സംഘര്‍ഷം അനുഭവിക്കുകയാണെന്നും വ്യക്തമാക്കി ഭര്‍ത്താവും നടനുമായ കാര്‍ത്തിക്കും രംഗത്തെത്തി. ആ സംഭവത്തിന് ശേഷം സുചിത്ര സിനിമയിലോ സാമൂഹിക മാധ്യമങ്ങളിലോ സജീവമല്ല. അതിനിടെയാണ് പരാതിയുമായി സഹോദരി എത്തിയത്. 

സുചിത്ര കടുത്ത മാനസിക സംഘര്‍ഷത്തിലാണെന്നും തിങ്കളാഴ്ച മുതല്‍ അവരെ കാണാനില്ലെന്നും പറഞ്ഞാണ് സുനിത പോലീസില്‍ പരാതി നല്‍കിയിരുന്നത്. എന്നാല്‍ ഈ പരാതിയില്‍ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നതായാണ് സുചിത്ര പറയുന്നത്. 'ഞാന്‍ എവിടെയും പോയിട്ടില്ല. എന്നെ കാണാനില്ല എന്ന പരാതി അടിസ്ഥാനരഹിതമാണ്. മാനസിക പ്രശ്‌നമുണ്ടെന്ന് പറഞ്ഞ് അവര്‍ എന്നെ അണ്ണാ നഗറിലെ ഒരു ക്ലിനിക്കില്‍ കൊണ്ടുവിട്ടു. ക്ലിനിക്കിന്റെ പുറത്ത് സഹോദരിയും ഭര്‍ത്താവും കാത്ത് നില്‍ക്കുകയായിരുന്നു. അവര്‍ എന്നെ പുറത്ത് പോകാന്‍ പോലും അനുവദിച്ചില്ല.' സുചിത്ര പറഞ്ഞു.

നടന്‍ ധനുഷിനെതിരെയുള്ള ഒരു ട്വീറ്റിലൂടെയാണ് സുചിത്ര വിവാദ നായികയാകുന്നത്. ചെന്നൈയില്‍ ഒരു വിരുന്നില്‍ പങ്കെടുക്കവെ ധനുഷിനൊപ്പം വന്ന ഒരാള്‍ തന്നെ ഉപദ്രവിച്ചുവെന്നും ധനുഷിന്റെ യഥാര്‍ഥ മുഖം ലോകത്തിന് മുന്‍പ് തുറന്നു കാട്ടുമെന്നും സുചിത്ര വെല്ലുവിളിച്ചിരുന്നു. തുടര്‍ന്നാണ് സുചി ലീക്‌സ് ഉണ്ടാകുന്നത്. ആന്‍ഡ്രിയ, അനിരുദ്ധ്, ഹന്‍സിക, തൃഷ, ചിന്‍മയി ശ്രീപാദ എന്നിവരുടെ സ്വകാര്യചിത്രങ്ങളാണ് ട്വിറ്ററിലൂടെ പുറത്തുവന്നത്. ഇത് സംബന്ധിച്ച് സുചിത്ര സൈബര്‍ സെല്ലില്‍ പരാതി നല്‍കിയെന്ന് കാര്‍ത്തിക് പറഞ്ഞുവെങ്കിലും ഇപ്പോഴും ദുരൂഹത തുടരുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com