'ലാല്‍ജോസിനോട് സംസാരിക്കാന്‍ പോലും താത്പര്യമില്ലാതായി; അത്രത്തോളം അപമാനം വരുത്തിവച്ചു'; പിന്നീട് തെറ്റിദ്ധാരണ മാറി

 ആ ഒരൊറ്റ സിനിമ എന്നെയും എന്നെപ്പോലെ ഉള്ളവരുടെയും ജീവിതത്തില്‍ വരുത്തിവെച്ച ആക്ഷേപവും അപമാനവും വ്യക്തിഹത്യയുമാണ് അത്രത്തോളമാണ്
'ലാല്‍ജോസിനോട് സംസാരിക്കാന്‍ പോലും താത്പര്യമില്ലാതായി; അത്രത്തോളം അപമാനം വരുത്തിവച്ചു'; പിന്നീട് തെറ്റിദ്ധാരണ മാറി

കൊച്ചി: ലാല്‍ജോസ് സംവിധാനം ചെയ്ത് ദിലീപ് അഭിനയിച്ച ചിത്രമാണ് ചാന്തുപൊട്ട്. ചിത്രത്തിലെ ദിലീപിന്റെ രാധയെന്ന കഥാപാത്രം തന്റെ ജീവിതത്തില്‍ വളരെയധികം വിഷമിപ്പിച്ചിട്ടുണ്ടെന്ന് അഞ്ജലി അമീര്‍. മുന്‍പ് ലാല്‍ ജോസിനോട് തനിയ്ക്ക് സംസാരിക്കാന്‍ പോലും താല്പര്യമില്ലായിരുന്നുവെന്നും അദ്ദേഹത്തിന്റെ തുറന്നു പറച്ചിലു കൊണ്ട് തന്റെ മനസില്‍ ഉണ്ടായിരുന്ന തെറ്റിദ്ധാരണ മാറിയെന്നും അഞ്ജലി തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം

ഈ ഇടയായ് ലാല്‍ ജോസ് സാറിന്റെ ഒരു സിനിമയായ ചാന്തുപൊട്ട് എന്ന സിനിമയെ കുറിച്ച് നടന്ന ചര്‍ച്ച കാണാനിടയായി. ഞാന്‍ ആദ്യമായി ലാല്‍ ജോസ് സാറിനെ കാണുമ്പോള്‍ അദ്ദേഹത്തിനോട് സംസാരിക്കാന്‍ പോലും എനിക്ക് താല്‍പ്പര്യം ഇല്ലായിരുന്നു കാരണം ആ ഒരൊറ്റ സിനിമ എന്നെയും എന്നെപ്പോലെ ഉള്ളവരുടെയും ജീവിതത്തില്‍ വരുത്തിവെച്ച ആക്ഷേപവും അപമാനവും വ്യക്തിഹത്യയുമാണ് അത്രത്തോളം ' ചാന്തുപൊട്ട് ,രാധ എന്നീ വിളികള്‍ കൊണ്ട് സംമ്പുഷ്ട്ടമായിരുന്നു എന്റെയും ബാല്യം. അങ്ങനെ എന്റെ പരിഭവങ്ങള്‍ അദ്ധേഹത്തോട് പങ്കുവെച്ചപ്പോള്‍ അദ്ധേഹം പറഞ്ഞത് ദിലീപേട്ടന്‍ അവതരിപ്പിച്ച ആ കാരക്ടര്‍ ഒരു 'ട്രാന്‍സ്‌ജെന്‍ഡറോ ) 'ഗേയോ ' അല്ല മറിച്ച് വീട്ടുകാരുടെ ഒരു പെണ്‍കുട്ടി വേണമെന്ന ആഗ്രഹത്തില്‍ തങ്ങള്‍ക് ജനിച്ച മകനെ സ്ത്രീയെപ്പോലെ വളര്‍ത്തിയതു കൊണ്ടും ഡാന്‍സ് പടിപ്പിച്ചതു കൊണ്ടുമുള്ള സ്‌ത്രൈണതയാണെന്നാണ്.... ഇതല്ലാതെ ജെന്‍ഡര്‍ പരമായും sexualtiy ക്കും ഒരു പ്രശ്‌നവും ഉള്ള വ്യക്തിയായിരുന്നില്ല .... ഇതു മനസ്സില്ലാക്കാതെ ഞങ്ങളെ പ്പോലെയുള്ളവരെ ഇതും പറഞ്ഞ് ആക്ഷേപിച്ചവരല്ലെ വിഡ്ഡികള്‍ ... ആദ്യമൊന്നു ഈ സിനിമയിലെ അക്ഷേപഹാസ്യം എനിക്കാസ്വദിക്കാന്‍ പറ്റിയില്ലെങ്കിലും എന്തോ ഇപ്പോ ലാല്‍ ജോസ് സാറിനോട് സംസാരിച്ചു കഴിഞ്ഞപ്പോള്‍ എനിക്ക് ഈ സിനിമയിഷ്ട മയ് . അദ്ധേഹം അവസാനം എന്നോട് പറഞ്ഞത് എന്റെ സിനിമ കൊണ്ട് വല്ല വിഷമവും ഉണ്ടായിട്ടുണ്ടെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നുവെന്ന് ഈ ഒരൊറ്റ വാക്കു കൊണ്ട് ഇന്ന് ലാലുവങ്കിള്‍ എനിക്കേറെ പ്രിയപ്പെട്ടവരില്‍ ഒരാളാണ്

നേരത്തെ  ചാന്ത് പൊട്ട് ട്രാന്‍സ് ജെന്‍ഡര്‍ സമൂഹത്തെ അവഹേളിക്കുന്ന സിനിമയെന്ന വിമര്‍ശനത്തോട് ഒരു അഭിമുഖത്തില്‍ ലാല്‍ ജോസ് പ്രതികരിച്ചിരുന്നു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ലാല്‍ ജോസിന്റെ പ്രതികരണം.

ചാന്ത് പൊട്ടിന്റെ പേരില്‍ എന്നെ കടിച്ചുകീറാന്‍ വന്നവരൊന്നും അറിയാത്ത കാര്യം ചാന്ത് പൊട്ടിലെ രാധ എന്ന രാധാകൃഷ്ന്‍ പുരുഷനാണ്. അവന്റെ ജെന്‍ഡറിനെക്കുറിച്ച് യാതൊരു സംശയവുമില്ല. അവന്‍ ആ സിനിമയില്‍ ഒരു പെണ്‍കുട്ടിയെ ആണ് പ്രണയിക്കുന്നത്, അവനൊരു കുട്ടി പിറക്കുന്നുണ്ട്.

രാധാകൃഷ്ണന് ആകെയുണ്ടായിരുന്നത് പെരുമാറ്റത്തിലെ  സ്‌ത്രൈണതയാണ്, അത് വളര്‍ന്ന സാഹചര്യത്തെ മുന്‍നിര്‍ത്തിയാണ്. ലാല്‍ജോസ് പറയുന്നു. ചാന്ത് പൊട്ട് എന്നത് സിനിമയ്ക്ക് ശേഷം ട്രാന്‍സ് സമൂഹത്തിന് നേരെയുള്ള അധിക്ഷേപമായിരുന്നുവെന്ന വിമര്‍ശനത്തോടും ലാല്‍ ജോസ് പ്രതികരിക്കുന്നുണ്ട്.

പാര്‍വതി ഒരാളോട് ചാന്ത് പൊട്ടിന്റെ പേരില്‍ തനിക്ക് വേണ്ടി മാപ്പ് പറഞ്ഞത് എന്തിനാണെന്ന് മനസിലായില്ല. അത് ശുദ്ധ ഭോഷ്‌ക് ആണെന്നും ലാല്‍ ജോസ്. ട്രാന്‍സ് സമൂഹം ചാന്ത്‌പൊട്ട് സിനിമയ്ക്ക് ശേഷം അടുത്ത സൗഹൃദമാണ് പുലര്‍ത്തിയതെന്നും ലാല്‍ ജോസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com