ഷെയ്‌നെതിരെ കടുത്ത നടപടി; എല്ലാ ചിത്രങ്ങളില്‍ നിന്നും നിര്‍മ്മാതാക്കള്‍ പിന്മാറും, പ്രഖ്യാപനം വ്യാഴാഴ്ച

കരാര്‍ ലംഘിച്ച് മുടിമുറിച്ചതിന്റെ പേരില്‍ തുടങ്ങിയ പ്രശ്‌നത്തില്‍ ഒരു വീട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് സൂചന നല്‍കി ഷെയ്ന്‍ മുടി പറ്റെവെട്ടിയും ഷേവ് ചെയ്തും നവമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു
ഷെയ്‌നെതിരെ കടുത്ത നടപടി; എല്ലാ ചിത്രങ്ങളില്‍ നിന്നും നിര്‍മ്മാതാക്കള്‍ പിന്മാറും, പ്രഖ്യാപനം വ്യാഴാഴ്ച

സിനിമാക്കരാറും ഒത്തുതീര്‍പ്പ് വ്യവസ്ഥകളും ലംഘിച്ചതിന്റെപേരില്‍ നടന്‍ ഷെയ്ന്‍ നിഗമിനെതിരെ ചലച്ചിത്ര നിര്‍മ്മാതാക്കളുടെ സംഘടന കടുത്ത നടപടിയിലേക്ക് നീങ്ങുന്നു. ഷെയ്ന്‍ കരാറാക്കിയതും ധാരണയാക്കിയതുമായ എല്ലാ ചിത്രങ്ങളില്‍നിന്നും നിര്‍മ്മാതാക്കള്‍ പിന്മാറും. നിര്‍മ്മാതാക്കളുടെ തീരുമാനം വ്യാഴാഴ്ച പ്രഖ്യാപിക്കും.

കരാര്‍ ലംഘിച്ച് മുടിമുറിച്ചതിന്റെ പേരില്‍ തുടങ്ങിയ പ്രശ്‌നത്തില്‍ ഒരു വീട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് സൂചന നല്‍കി ഷെയ്ന്‍ മുടി പറ്റെവെട്ടിയും ഷേവ് ചെയ്തും നവമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇത് വെല്ലുവിളിയായി കണ്ടാണ് നിര്‍മ്മാതാക്കള്‍ കടുത്ത നടപടിയിലേക്ക് നീങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

അഞ്ചു കോടിയിലധികം രൂപയുടെ രണ്ട് ചിത്രങ്ങളാണ് ഷെയ്ന്‍ കാരണം മുടങ്ങിയതെന്ന് നിര്‍മ്മാതാക്കള്‍ ആരോപിക്കുന്നു.ഇതോടെയാണ്  ഷെയ്ന്‍ കരാറാക്കിയതും  ധാരണയാക്കിയതുമായ എല്ലാ ചിത്രങ്ങളും പിന്‍വലിക്കാനുള്ള നടപടിയിലേക്ക് നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ കടക്കുന്നത്. കൂടുതല്‍ നടപടികള്‍ വ്യാഴാഴ്ച ചേരുന്ന യോഗത്തിനുശേഷം വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിക്കുമെന്നും അസോസിയേഷന്‍ അറിയിച്ചു.

വെയില്‍ സിനിമയുടെ ഷൂട്ടിങ്ങിനിടെ നിര്‍മ്മാതാവ് ജോബി ജോര്‍ജും ഷെയ്‌നുമായുണ്ടായ തര്‍ക്കം ഒത്തുതീര്‍പ്പാക്കിയിരുന്നു. ഇതിനിടെയാണ് ഷൂട്ടിങ് സെറ്റില്‍ തന്നെ മനപൂര്‍വ്വം കഷ്ടപ്പെടുത്തുന്നുവെന്ന ആരോപണവുമായി ഷെയ്ന്‍ സംവിധായകനെതിരെ തിരിഞ്ഞത്. പിന്നാലെ കരാര്‍ ലംഘിച്ച് മുടിമുറിച്ചതിന്റെ പേരില്‍ തുടങ്ങിയ പ്രശ്‌നത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കുമില്ലെന്ന് വ്യക്തമായ സൂചന നല്‍കി മുടി പറ്റെവെട്ടിയും ഷേവ് ചെയ്തും ഷെയ്ന്‍ നവമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുകയായിരുന്നു.

വെയില്‍ എന്ന സിനിമയുടെ ചിത്രീകരണത്തോട് ഷെയ്ന്‍ സഹകരിക്കുന്നില്ലെന്ന പേരില്‍ വിവാദങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് താരത്തിന്റെ പുതിയ ലുക്ക് ചര്‍ച്ചയായത്. ഷെയ്ന്‍ അഭിനയിക്കുന്ന മറ്റൊരു ചിത്രത്തിനായി മുടിയുടെ പിന്‍ഭാഗം മുറിച്ചതോടെയാണ് വിവാദങ്ങള്‍ തുടങ്ങിയത്. തനിക്കെതിരെ വെയില്‍ നിര്‍മാതാവ് ജോബി ജോര്‍ജ്ജ് വധ ഭീഷണി മുഴക്കിയെന്ന് പറഞ്ഞ് ഷെയ്ന്‍ രംഗത്തെത്തിയിരുന്നു. ജോബിയും ഷെയ്‌നും തമ്മിലുളള പ്രശ്‌നങ്ങള്‍ സിനിമാ സംഘടനകള്‍ ഇടപെട്ട് പരിഹരിച്ചെങ്കിലും ചിത്രത്തിന്റെ സംവിധായകനുമായി പുതിയ പ്രശ്‌നങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഉടലെടുത്തിരുന്നു.

ഷെയ്ന്‍ ചിത്രീകരണത്തോട് സഹകരിക്കുന്നില്ലെന്നാരോപിച്ച് സംവിധായകന്‍  ശരത് മേനോന്‍ രംഗത്തെത്തുകയായിരുന്നു. എന്നാല്‍ രാപ്പകലില്ലാതെ ചിത്രത്തോട് സഹകരിക്കുകയാണെന്നും പ്രചരിക്കുന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്നുമായിരുന്നു ഷെയ്‌ന്റെ പ്രതികരണം. ഇതിന് പിന്നാലെയാണ് മുടി വടിച്ച ചിത്രങ്ങള്‍ പുറത്തുവന്നത്. താരത്തിന്റെ പ്രവൃത്തിയോട് കടുത്ത എതിര്‍പ്പാണ് ആരാധകര്‍ പ്രകടിപ്പിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com