സിനിമ കച്ചവടമാണ്; അതില്‍ വിനോദമുണ്ടാകണം;ഒരു വിഭാഗത്തെ അവഹേളിച്ചുകൊണ്ടാവരുത്‌: പാര്‍വതി

പ്രേമബന്ധങ്ങളില്‍ ബലപ്രയോഗം നടത്തുന്നതു ന്യായീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് ന്യായീകരിക്കാനില്ലെന്ന് നടി പാര്‍വതി
സിനിമ കച്ചവടമാണ്; അതില്‍ വിനോദമുണ്ടാകണം;ഒരു വിഭാഗത്തെ അവഹേളിച്ചുകൊണ്ടാവരുത്‌: പാര്‍വതി

പ്രേമബന്ധങ്ങളില്‍ ബലപ്രയോഗം നടത്തുന്നതു ന്യായീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് ന്യായീകരിക്കാനില്ലെന്ന് നടി പാര്‍വതി തിരുവോത്ത്. ഫിലിം കംപാനിയന്‍ സംഘടിപ്പിച്ച റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സില്‍ വിജയ് ദേവരക്കോണ്ട കേന്ദ്രകഥാപാത്രമായെത്തിയ തെലുങ്ക് ചിത്രം അര്‍ജ്ജുന്‍ റെഡ്ഢിക്കെതിരെ നടത്തിയ വിമര്‍ശനത്തിനിടെയാണ് പാര്‍വതിയുടെ പ്രതികരണം. ചര്‍ച്ചയില്‍ വിജയ് ദേവരക്കോണ്ടയടക്കം പങ്കെടുത്തിരുന്നു.

പരസ്പരം ഉപദ്രവിക്കാതെ ഇഷ്ടവും പ്രേമവും പങ്കുവയ്ക്കാന്‍ കഴിയില്ലെന്നു പറയുകയും അതു ആളുകള്‍ കൊണ്ടാടുകയും ചെയ്യുന്നതില്‍ പ്രശ്‌നമുണ്ടെന്ന് 'അര്‍ജുന്‍ റെഡ്ഢി' എന്ന ചിത്രത്തെ പരാമര്‍ശിച്ചു കൊണ്ട് പാര്‍വതി അഭിപ്രായപ്പെട്ടു. പ്രേമബന്ധങ്ങളില്‍ ബലപ്രയോഗം നടത്തുന്നതു ന്യായീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് അംഗീകരിക്കാനാവില്ല. അതു ഭയപ്പെടുത്തുന്നതാണ്. ഒരു സംവിധായകനെ അത്തരം സിനിമകള്‍ ചെയ്യുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാനാവില്ല. എന്നാല്‍, ആ കഥാപാത്രങ്ങള്‍ ഞാന്‍ ചെയ്യില്ലെന്ന തീരുമാനം എനിക്ക് എടുക്കാനാകും, പാര്‍വതി പറഞ്ഞു.

ഒരാളുടെ സ്വഭാവത്തെ സ്വാധീനിക്കുന്നത് സിനിമ മാത്രമല്ലെന്നും നിരവധി ഘടകങ്ങളുണ്ടെന്നുമായിരുന്നു പാര്‍വതിക്കുള്ള വിജയിന്റെ മറുപടി.
'ഭൂമി നാശത്തിന്റെ വക്കിലാണ്. എവിടെ നോക്കിയാലും മലിനീകരണം... പ്രശ്‌നങ്ങള്‍... ഒന്നും ശുഭകരമല്ല. നല്ലൊരു സിനിമ ചെയ്തു ലോകത്തെ രക്ഷിക്കാനാകുമോ? അതൊരു കാര്യം. അതുപോലെ, നിങ്ങളുടെ സ്വഭാവത്തെ സ്വാധീനിക്കുന്നത് സിനിമ മാത്രമല്ല. കുടുംബം, മാതാപിതാക്കള്‍, സ്‌കൂള്‍.. അങ്ങനെ നിരവധി ഘടകങ്ങള്‍ ഒരാളുടെ സ്വഭാവത്തെ സ്വാധീനിക്കുന്നുണ്ട്. ഒരു നടന്‍ എന്ന നിലയില്‍ ഒരു കഥാപാത്രം ലഭിക്കുമ്പോള്‍ അത് എനിക്ക് ഇഷ്ടപ്പെടുകയാണെങ്കില്‍ ഞാന്‍ അതു ചെയ്യും. അതില്‍ ഞാനൊരു ന്യായം കണ്ടെത്തും.'

'ആ കഥാപാത്രത്തെ എനിക്കിഷ്ടപ്പെട്ടു, ഞാനതു ചെയ്യും. എനിക്ക് ഇഷ്ടപ്പെട്ടില്ലെങ്കില്‍ ഞാന്‍ ചെയ്യില്ല. അതു ഒഴിവാക്കാന്‍ ഒരു പക്ഷേ, സാമൂഹികപ്രതിബദ്ധത എന്ന ന്യായം ഞാന്‍ ഉപയോഗിച്ചേക്കാം. ഇതേ കാരണം ചൂണ്ടിക്കാട്ടി ഞാന്‍ ചെയ്യുന്ന കഥാപാത്രങ്ങളില്‍ ചില തിരുത്തലുകള്‍ വരുത്താനും ഞാന്‍ ശ്രമിച്ചേക്കാം. എല്ലാവര്‍ക്കും വേണ്ടി സിനിമ ഉണ്ടാക്കാന്‍ കഴിയില്ല. ഒരു സംവിധായകന്‍ അയാള്‍ക്ക് പൂര്‍ണബോധ്യം ഉള്ള വിഷയത്തിലാണ് സിനിമ എടുക്കുന്നത്,' വിജയ് പറഞ്ഞു.

അതേസമയം, സമൂഹത്തിലെ സത്രീവിരുദ്ധതകളെ തുറന്നു കാട്ടുന്നതും അത്തരം കാര്യങ്ങള്‍ ആഘോഷിക്കുന്നതും തമ്മില്‍ കൃത്യമായ അന്തരമുണ്ടെന്ന് പാര്‍വതി ചൂണ്ടിക്കാട്ടി. 'സ്ത്രീവിരുദ്ധത ആഘോഷിക്കണോ വേണ്ടയോ എന്നുള്ളത് സംവിധായകന്റെയും എഴുത്തുകാരന്റെയും തീരുമാനമാണ്. ഒരു സിനിമയിലെ കേന്ദ്രകഥാപാത്രം സ്ത്രീകളെ അപമാനിക്കുന്നതിലൂടെയും കയ്യേറ്റം ചെയ്യുന്നതിലൂടെയും കയ്യടി നേടുന്നുണ്ടെങ്കില്‍ അത് സ്ത്രീവിരുദ്ധതയെ പ്രകീര്‍ത്തിക്കുന്നതാണ്. അതേസമയം, അത്തരം രംഗങ്ങളിലൂടെ ആ കഥാപാത്രത്തിന്റെ ശരികേടിനെക്കുറിച്ച് പ്രേക്ഷകരില്‍ ഒരു ചിന്തയുണ്ടാക്കുന്നുണ്ടെങ്കില്‍ അതു പ്രേക്ഷകരുമായി സംവദിക്കുന്നു. അതാണ് സിനിമ. അവിടെയൊരു സംവാദമുണ്ട്. മറ്റേത് സ്പൂണ്‍ഫീഡ് ചെയ്യുകയാണ്,' പാര്‍വതി പറഞ്ഞു.

'എന്റെ ടീനേജ് പ്രായത്തില്‍ അത്തരം രംഗങ്ങള്‍ തിയറ്ററില്‍ ഇരുന്നു കാണുമ്പോള്‍ ഞാന്‍ അസ്വസ്ഥതയായിരുന്നു. എന്നാല്‍ എനിക്കു ചുറ്റുമുള്ളവര്‍ അതു കയ്യടിച്ച്, ഗംഭീരമെന്നൊക്കെ പറയുന്നത് കേള്‍ക്കുമ്പോള്‍ സത്യത്തില്‍ ഞാന്‍ ആശയക്കുഴപ്പത്തിലായി. അതു ശരിയാണെന്നും സാധാരണമാണെന്നും തോന്നാന്‍ തുടങ്ങി. അത് എന്റെ വ്യക്തിജീവിതത്തിലും പ്രതിഫലിച്ചു. അത് എന്റെ വ്യക്തിബന്ധങ്ങളെ പോലും ബാധിച്ചതുകൊണ്ടാണ് ഞാനിപ്പോള്‍ അത്തരം കാര്യങ്ങളെ ശക്തമായി എതിര്‍ക്കുന്നത്.'

'എന്റെ സ്‌നേഹബന്ധങ്ങള്‍ അക്രമണാത്മകവും അധിക്ഷേപകരവുമായപ്പോള്‍ അതെല്ലാം ശരിയാണെന്നും സാധാരണമാണെന്നും ഞാന്‍ കരുതി. വര്‍ഷങ്ങളോളം അത്തരം വിശ്വാസത്തിലാണ് ഞാന്‍ ജീവിച്ചത്. പിന്നെയാണ് അത് തിരിച്ചറിഞ്ഞത്. ഒരുപാടു പെണ്‍കുട്ടികള്‍ക്ക് സമാന അനുഭവങ്ങളുണ്ടാകാം,' സ്വന്തം അനുഭവം ഉദ്ധരിച്ച് പാര്‍വതി പറഞ്ഞു.  സിനിമയെ ബൗദ്ധികവല്‍ക്കരണമെന്നല്ല ഉദ്ദേശിച്ചത്. സിനിമ കച്ചവടമാണ്. അതില്‍ വിനോദമുണ്ടാകണം. പക്ഷേ, അത് ഏതെങ്കിലും ലിംഗത്തില്‍പ്പെട്ടവരെ അവഹേളിച്ചുകൊണ്ടാകരുത്. ഒരാളുടെ ആസക്തിയെ തൃപ്തിപ്പെടുത്താന്‍ മറ്റൊരു വിഭാഗത്തെ കച്ചവടവല്‍ക്കരിച്ചു കൊണ്ടാകരുത്. മോശം കഥാപാത്രങ്ങളെ സിനിമയില്‍ ചിത്രീകരിക്കാം. എന്നാല്‍ ആ കഥാപാത്രങ്ങളെ ആഘോഷിക്കുന്നതിലാണ് പ്രശ്‌നം, പാര്‍വതി അഭിപ്രായപ്പെട്ടു.

ഇന്ത്യന്‍ സിനിമയില്‍ കഴിഞ്ഞ ദശാബ്ദത്തില്‍ ഇറങ്ങിയ സിനിമകളില്‍ ഏറ്റവും മികച്ച കഥാപാത്രങ്ങള്‍ അവതരിപ്പിച്ച താരങ്ങളുടെ റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സിലാണ് സിനിമയുടെ സാമൂഹിക പ്രതിബദ്ധതയും കച്ചവടതാല്‍പര്യങ്ങളും ചര്‍ച്ചയായത്. രണ്‍വീര്‍ സിങ്, വിജയ് സേതുപതി, വിജയ് ദേവരക്കോണ്ട, ദീപിക പദുക്കോണ്‍, ആലിയ ഭട്ട്, പാര്‍വതി തിരുവോത്ത്, ആയുഷ്മാന്‍ ഖുരാന, മനോജ് ബാജ്‌പേയ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.   

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com