ഭാവിയെ ദോഷകരമായി ബാധിക്കും; പ്രശ്നത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഷെയ്നിന്റെ മാതാവ് 'അമ്മ'യ്ക്ക് കത്ത് നൽകി

വെയില്‍, ഖുര്‍ബാനി സിനിമകളുമായി ബന്ധപ്പെട്ടുയര്‍ന്ന പ്രശ്നങ്ങള്‍ക്കൊടുവിലാണ് നിര്‍മ്മാതാക്കളുടെ സംഘടന ഷെയ്ൻ നിഗത്തിന് വിലക്ക് ഏര്‍പ്പെടുത്തിയത്
ഭാവിയെ ദോഷകരമായി ബാധിക്കും; പ്രശ്നത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഷെയ്നിന്റെ മാതാവ് 'അമ്മ'യ്ക്ക് കത്ത് നൽകി

കൊച്ചി: നടന്‍ ഷെയ്ന്‍ നിഗമിനെ നിര്‍മ്മാതാക്കളുടെ സംഘടന സിനിമയില്‍ നിന്ന് വിലക്ക് ഏര്‍പ്പെടുത്തിയ സംഭവത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ഷെയ്‌നിന്‍റെ കുടുംബം അഭിനേതാക്കളുടെ സംഘടനയായ അമ്മയ്ക്ക് കത്ത് നൽകി. വെയില്‍, ഖുര്‍ബാനി സിനിമകളുമായി ബന്ധപ്പെട്ടുയര്‍ന്ന പ്രശ്നങ്ങള്‍ക്കൊടുവിലാണ് നിര്‍മ്മാതാക്കളുടെ സംഘടന ഷെയ്ൻ നിഗത്തിന് വിലക്ക് ഏര്‍പ്പെടുത്തിയത്. 

പ്രശ്നത്തിൽ ഇടപെടണം എന്നാവശ്യപ്പെട്ട് അമ്മ ഭാരവാഹികൾക്ക് ഷെയ്ൻ നിഗമിന്റെ മാതാവാണ് കത്ത് നൽകിയത്. ഇന്നലെയാണ് നിര്‍മ്മാതാക്കളുടെ സംഘടന ഷെയ്ന്‍ നിഗമിന് വിലക്കേര്‍പ്പെടുത്തിയത്. ഷെയ്ന്‍ അഭിനയിച്ച രണ്ട് സിനിമകള്‍ ഉപേക്ഷിക്കുമെന്നും ഏഴ് കോടി രൂപ നഷ്ടപരിഹാരം ഷെയ്ന്‍ നല്‍കണമെന്നും നിര്‍മ്മാതാക്കളുടെ സംഘടന നിലപാടെടുത്തിരുന്നു.

ഇത്തരത്തിലുള്ള കടുത്ത നടപടി താരത്തിന്റെ ഭാവിയെ ദോഷകരമായി ബാധിക്കും എന്ന സ്ഥിതി വന്നതോടെയാണ് അനുനയ നീക്കവുമായി കുടുംബം അമ്മ ഭാരവാഹികളെ സമീപിച്ചത്. മകന്റെ ഭാഗം കേൾക്കാതെയാണ് നിർമ്മാതാക്കൾ തീരുമാനം എടുത്തതെന്നും അതിനാൽ പ്രശ്നത്തിൽ ഇടപെടണം എന്നുമാണ് ആവശ്യം.

വളർന്നു വരുന്ന താരം എന്ന നിലക്ക് പ്രശ്നത്തിൽ ഇടപെടാം എന്ന് അമ്മ സെക്രട്ടറി  ഇടവേള ബാബു പറഞ്ഞു. സംഭവം വിവാദമായതോടെ  ഷെയ്ൻ നിഗം ആവശ്യപ്പെട്ടാൽ വിലക്കുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടുമെന്ന് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു  നേരത്തെ പ്രതികരിച്ചിരുന്നു.

അമ്മയിലെ അംഗത്തെ സംഘടന സംരക്ഷിക്കുമെന്നും അതുകൊണ്ടാണ് ഈ വിഷയത്തില്‍ നേരത്തെ ഒരു കരാര്‍ ഉണ്ടാക്കിയതെന്നും എന്നാല്‍ പുതിയ വിലക്കുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളില്‍ അമ്മയുടെ ഇടപെടല്‍ ഷെയ്ന്‍ ആവശ്യപ്പെട്ടില്ലെന്നും ഇടവേള ബാബു വ്യക്തമാക്കി.

ഷെയ്നിന് തൊഴിൽ ചെയ്യാനുള്ള അവസരം ഇല്ലാതാക്കാൻ ശ്രമിക്കില്ല. ഷെയ്‌നിന്റെ ഭാഗത്തു തെറ്റുണ്ടെന്ന് മനസിലാക്കുന്നു. പുതിയ നടനെ സംബന്ധിച്ച് ഏഴ് കോടി രൂപ മടക്കി നൽകുക ബുദ്ധിമുട്ടാണെന്നുമായിരുന്നു പ്രതികരണം. ഇതിന് പിന്നാലെയാണ് വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കുടുംബം കത്ത് നല്‍കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com