ഷെയ്ൻ ചെയ്തത് തെറ്റ് ; വിമർശിച്ച് അമ്മയും ഫെഫ്കയും ; ആവശ്യപ്പെട്ടാൽ ഇടപെടും

ആര് തെറ്റ് ചെയ്താലും തെറ്റാണ്. നമ്മെ വിശ്വസിച്ച് പ്രൊഡ്യൂസര്‍ പണം മുടക്കുകയാണ്. മുടി വെട്ടിയതിന് ന്യായീകരണങ്ങളില്ല
ഷെയ്ൻ ചെയ്തത് തെറ്റ് ; വിമർശിച്ച് അമ്മയും ഫെഫ്കയും ; ആവശ്യപ്പെട്ടാൽ ഇടപെടും

കൊ​ച്ചി: യുവ നടൻ ഷെയ്ൻ നി​ഗത്തെ വിമർശിച്ച് സംവിധായകരുടെ സംഘടന ഫെഫ്ക. ഷെ​യ്ൻ നി​ഗം പെ​രു​മാ​റി​യ രീ​തി തെ​റ്റാ​ണെന്ന് സംഘടന ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ പറഞ്ഞു. എന്നാൽ ഇതിന്റെ പേരിൽ നിർമ്മാതാക്കൾ സിനിമകൾ ഉപേക്ഷിക്കരുത്. പ്രശ്നം കൂട്ടായ ചർച്ചയിലൂടെ പരിഹരിക്കണമെന്നും ഉണ്ണികൃഷ്ണൻ ആവശ്യപ്പെട്ടു.

ഏതൊരു സിനിമയെ സംബന്ധിച്ചിടത്തോളം കണ്ടിന്യൂറ്റി പ്രധാനഘടകമാണ്. എന്നാൽ അതിനെ ഇല്ലാതാക്കുന്ന തരത്തിൽ മുടി മുറിച്ചത് ശരിയായ നടപടിയല്ല. ഇത് പ്രതിഷേധമാണെന്നാണ് അയാൾ പറയുന്നത്. അത് ശരിയായ പ്രതിഷേധം എന്താണെന്ന് അറിയാത്തതുകൊണ്ടാണ്. ഇതിനെ പ്രതിഷേധം എന്നല്ല, തോന്നിവാസം എന്നാണ് പറയേണ്ടതെന്നും ബി ഉണ്ണിക്കൃഷ്ണൻ പറഞ്ഞു.

സിനിമാ ഷൂ​ട്ടിം​ഗ് സെ​റ്റു​ക​ളി​ലെ റെ​യ്ഡ് അ​പ്രാ​യോ​ഗി​കമാണ്. ന്യൂജെൻ നടീനടന്മാർ ഭൂരിഭാ​ഗവും ലഹരിക്ക് അടിമകളാണെന്ന നി​ർ​മാ​താ​ക്ക​ളു​ടെ പ്ര​തി​ക​ര​ണം അ​തിവൈ​കാ​രി​ക​മാ​ണ്. നിർമ്മാതാക്കൾ ഉന്നയിച്ച ലഹരി വിഷയം ഫെപ്ക ചർച്ച ചെയ്യുമെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു.

അതേസമയം ഷെയ്നിന്റെ നടപടിയെ രൂക്ഷമായി വിമർശിച്ച് താരസംഘടനയായ അമ്മ രം​ഗത്തെത്തി. ഷെയ്നിന്റേത് ശരിയായ പെരുമാറ്റമായിരുന്നില്ല. ഷെയ്ൻ ​ഗെറ്റപ്പ് മാറ്റിയത് ശരിയായില്ലെന്നും അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു പ്രതികരിച്ചു. ആര് തെറ്റ് ചെയ്താലും തെറ്റാണ്. നമ്മെ വിശ്വസിച്ച് പ്രൊഡ്യൂസര്‍ പണം മുടക്കുകയാണ്. മുടി വെട്ടിയതിന് ന്യായീകരണങ്ങളില്ല. പക്വതയോടെ പെരുമാറേണ്ട ഘട്ടമായിരുന്നു അത്. പ്രതിഷേധങ്ങള്‍ രേഖപ്പെടുത്തുന്നതിന് പരിമിതി ഉണ്ട്. സിനിമ മുടങ്ങുന്ന രീതിയിൽ പെരുമാറരുത്. പക്വതയില്ലായ്മയാണ് ഈ വിഷയത്തില്‍ കാണുന്നതെന്നും ഇടവേള ബാബു പറഞ്ഞു.

വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഷെയ്ൻ ഇതുവരെ സംഘടനയെ സമീപിച്ചിട്ടില്ല. ഷെയ്ൻ ആവശ്യപ്പെട്ടാൽ സംഘടന ഇടപെടും. ലഹരി ഉപയോ​ഗത്തെക്കുറിച്ച് നിർമ്മാതാക്കൾ പറഞ്ഞതിനോട് യോജിക്കുന്നു. അമ്മയുടെ ബൈലോ അമെന്റ്‌മെന്റില്‍ സെറ്റിൽ മയക്കുമരുന്നുപയോഗവും മദ്യപിച്ചു വരുന്നതും പാടില്ലെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.  ഈ പടം തീര്‍ക്കാന്‍ ഷെയ്ൻ മാനസികമായി തയ്യാറാവണമെന്നും ഇടവേള ബാബു പറഞ്ഞു. പു​തു​ത​ല​മു​റ​യി​ലെ ചി​ല ന​ടന്മാർ  സി​നി​മാ സെ​റ്റി​ൽ മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്ന​വ​രാ​ണെ​ന്ന്  നി​ർ​മാ​താ​ക്ക​ളു​ടെ സം​ഘ​ട​നാ പ്ര​സി​ഡ​ന്‍റ് ര​ഞ്ജി​ത്താ​ണ്  ആ​രോ​പ​ണ​മു​ന്ന​യി​ച്ച​ത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com