മറവിരോഗം ബാധിച്ച് കെ.ജി ജോര്‍ജ് വൃദ്ധസദനത്തില്‍; വ്യാജപ്രചരണത്തിനെതിരേ ജോണ്‍ പോള്‍; വിഡിയോ പുറത്തുവിട്ടു

ജോര്‍ജിന്റെ ഏറ്റവും പുതിയ ദൃശ്യങ്ങള്‍ പുറത്തുവിട്ടുകൊണ്ടാണ് വ്യാജ പ്രചരണത്തിനെതിരേ അദ്ദേഹം പ്രതികരിച്ചത്
മറവിരോഗം ബാധിച്ച് കെ.ജി ജോര്‍ജ് വൃദ്ധസദനത്തില്‍; വ്യാജപ്രചരണത്തിനെതിരേ ജോണ്‍ പോള്‍; വിഡിയോ പുറത്തുവിട്ടു

പ്രമുഖ സംവിധാനം കെ.ജി ജോര്‍ജ് ഗുരുതര മറവിരോഗം ബാധിച്ച് വൃദ്ധസദനത്തിലാണെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ കഴിഞ്ഞ ദിവസം പ്രചരണം നടന്നിരുന്നു. എന്നാല്‍ ഇത് വ്യാജമാണെന്ന് വ്യക്തമാക്കിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ജോര്‍ജിന്റെ സുഹൃത്തും പ്രമുഖ തിരക്കഥാകൃത്തുമായ ജോണ്‍ പോള്‍.

ജോര്‍ജിന്റെ ഏറ്റവും പുതിയ ദൃശ്യങ്ങള്‍ പുറത്തുവിട്ടുകൊണ്ടാണ് വ്യാജ പ്രചരണത്തിനെതിരേ അദ്ദേഹം പ്രതികരിച്ചത്. കാക്കനാടുള്ള ഫിസിയോതെറാപ്പി സെന്ററില്‍ ചികിത്സയിലാണ് ജോര്‍ജ്. വാര്‍ധക്യ സഹജമായ ആരോഗ്യ പ്രശ്‌നങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ അദ്ദേഹം പൂര്‍ണ ആരോഗ്യവാനാണെന്നും വ്യക്തമാക്കി. വ്യാജ പ്രചരണം കണ്ട് സത്യാവസ്ഥ എന്താണെന്ന് അറിയാന്‍ തന്നെ ഒരുപാട് പേര്‍ വിളിച്ചെന്നും അവരോടൊക്കെ അത് പച്ചക്കള്ളമാണെന്നാണ് പറഞ്ഞതെന്നും ജോണ്‍ പോള്‍ വിഡിയോ സന്ദേശത്തില്‍ പറയുന്നു.

അത്തരമൊരു ദുരവസ്ഥയില്‍ അല്ല ജോര്‍ജ്. അദ്ദേഹം ചികിത്സയില്‍ കഴിയുന്ന ഫിസിയോതെറാപ്പി കേന്ദ്രം ഒരു വൃദ്ധസദനമല്ല. അവിടെ ഒരു മാസം താമസിക്കാന്‍ എഴുപതിനായിരം രൂപ ചെലവുണ്ട്. അദ്ദേഹത്തിന്റെ കുടുംബം പ്രത്യേകിച്ച് മകളാണ് ഇതിന് മുന്‍കൈ എടുക്കുന്നത്. പൂര്‍വാധികം ആരോഗ്യവാനായി അദ്ദേഹം തിരിച്ചുവരുന്നത് കാത്തിരിക്കുകയാണ് വീട്ടുകാരെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരം വ്യാജ പ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരേ ശക്തമായ നടപടിയെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കെ ജി ജോര്‍ജിനെക്കുറിച്ച് ഡോക്യുമെന്ററി ഒരുക്കുന്ന തരുണ്‍ ഭാസ്‌കരനും പ്രതീഷ് വിജയനും അദ്ദേഹത്തോട് സംസാരിക്കുന്നതിന്റെ വിഡിയോ ആണ് പുറത്തുവിട്ടത്. വാര്‍ത്ത പ്രചരിച്ച പോലെ ആരും തിരിഞ്ഞു നോക്കാതെ അല്‍ഷിമേഴ്‌സ് വന്ന് വൃദ്ധസദനത്തില്‍ കഴിയുകയല്ല അദ്ദേഹമെന്ന് തരുണ്‍ ഫേയ്‌സ്ബുക്കില്‍ കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com