അസുരന്‍ പറഞ്ഞുപോകുന്നത് 44പേരെ ജീവനോടെ ചുട്ടുകൊന്ന സംഭവമോ?; ചര്‍ച്ച കൊഴുക്കുന്നു

1968ല്‍ തമിഴ്‌നാട്ടില്‍ നടന്ന കൂട്ടക്കൊലയാണോ ചിത്രത്തിന്റെ പ്രമേയം എന്ന തരത്തിലാണ് ചര്‍ച്ച കൊഴുക്കുന്നത്
അസുരന്‍ പറഞ്ഞുപോകുന്നത് 44പേരെ ജീവനോടെ ചുട്ടുകൊന്ന സംഭവമോ?; ചര്‍ച്ച കൊഴുക്കുന്നു

ചെന്നൈ: നടന്‍ ധനുഷും നടി മഞ്ജു വാരിയരും കേന്ദ്രകഥാപാത്രങ്ങളായ, വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന അസുരന്‍ തിയേറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ മുന്നേറുകയാണ്. ഇപ്പോള്‍ ചിത്രത്തിന്റെ കഥാപശ്ചാത്തലമാണ് ചര്‍ച്ചയാകുന്നത്.

1968ല്‍ തമിഴ്‌നാട്ടില്‍ നടന്ന കൂട്ടക്കൊലയാണോ ചിത്രത്തിന്റെ പ്രമേയം എന്ന തരത്തിലാണ് ചര്‍ച്ച കൊഴുക്കുന്നത്. തമിഴ്‌നാടിന്റെ നെല്ലറയായ തഞ്ചാവൂരിലെ കില്‍വെണ്‍മണി ഗ്രാമത്തില്‍ 44 കര്‍ഷകരെ ചുട്ടുകൊന്ന സംഭവം നാട് അന്ന് ഞെട്ടലോടെയാണ് കേട്ടത്. നാട് ക്രിസ്മസ് ആഘോഷിക്കുന്ന വേളയില്‍ കുടിലില്‍ കഴിഞ്ഞിരുന്ന 44 ദലിത് കര്‍ഷകരെ ജീവനോടെ ചുട്ടുകൊന്നു എന്നതാണ് കേസിനാധാരം. ഇതിന് സമാനമായ സംഭവങ്ങളാണ് സിനിമ പറഞ്ഞുപോകുന്നത്. അതോടെയാണ് സിനിമ പറയാന്‍ ഉദ്ദേശിക്കുന്നത് ഈ കൂട്ടക്കൊലയാണോ എന്ന സംശയം ആരാധകര്‍ ഉന്നയിക്കുന്നത്.

ഭുവുടമകള്‍ക്ക് എതിരെ മാര്‍ക്‌സിസ്റ്റുകാരുടെ നേതൃത്വത്തില്‍ നടത്തിയ സമരമാണ് ഈ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ച ഘടകമെന്നാണ് അന്ന് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ഉയര്‍ന്ന വേതനം ആവശ്യപ്പെട്ട് കര്‍ഷകര്‍ പ്രക്ഷോഭത്തിലായിരുന്നു. ഇതിന്റെ പ്രതികാരനടപടിയാണ് കൂട്ടക്കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രക്ഷോഭകാരികളെ അടിച്ചമര്‍ത്താന്‍ ഗുണ്ടകളെ ഭുവുടമകള്‍ നിയോഗിച്ചിരുന്നു.ഇവരെ ഭയന്ന് കുടിലില്‍ അഭയം തേടിയ കുട്ടികള്‍ അടക്കമുളള കര്‍ഷകസമൂഹത്തെയാണ് നിര്‍ദാക്ഷിണ്യം ചുട്ടുകൊന്നതെന്ന് അന്നത്തെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. തീ ആളിക്കത്തിയ കുടിലിലില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചവരെ വെട്ടിവീഴ്ത്തി വീണ്ടും തീയിലേക്ക് എറിയുകയും ചെയ്തു. 25 സ്ത്രീകള്‍ ഉള്‍പ്പെടെയുളളവരാണ് അന്ന് ഇരകളാക്കപ്പെട്ടതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

1970ല്‍ മുഖ്യപ്രതിയായ ഗോപാലകൃഷണന്‍ നായിഡുവിന് നാഗപട്ടണം ജില്ലാ കോടതി 10 വര്‍ഷം തടവുശിക്ഷ വിധിച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷം തെളിവിന്റെ അഭാവത്തില്‍ ഗോപാലകൃഷ്ണന്‍ നായിഡുവിനെ മദ്രാസ് ഹൈക്കോടതി മോചിപ്പിച്ചു.എന്നാല്‍ നക്‌സല്‍ബാരിയെ പിന്തുണക്കുന്നവര്‍ ഇത് മറക്കാന്‍ തയ്യാറായിരുന്നില്ല. 1980ല്‍ അമല്‍രാജിന്റെ നേതൃത്വത്തിലുളള ഒരു സംഘം ആളുകള്‍ ഗോപാലകൃഷ്ണനെ കൊലപ്പെടുത്തി.എന്നാല്‍ തെളിവുകളുടെ അഭാവത്തില്‍ അമല്‍രാജിനെ വെറുതെവിട്ടു. കഴിഞ്ഞ ഫെബ്രുവരിയിലാണ് അമല്‍രാജ് മരിച്ചത്. ഇതിന് സമാനമായ കഥയാണ് ധനുഷിന്റെ അസുരന്‍ പറഞ്ഞുപോകുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com