'അത് അറിയാവുന്നതുകൊണ്ടാണ് എല്ലാവരും മുതലെടുക്കുന്നത്' ; തുറന്നുപറഞ്ഞ് ശ്രുതി ഹാസന്‍

എങ്കിലും ഞാന്‍ പറയും അതൊരു നല്ല അനുഭവമായിരുന്നു. എനിക്ക് അതില്‍ പശ്ചാത്താപമില്ല
'അത് അറിയാവുന്നതുകൊണ്ടാണ് എല്ലാവരും മുതലെടുക്കുന്നത്' ; തുറന്നുപറഞ്ഞ് ശ്രുതി ഹാസന്‍

വളരെ പെട്ടെന്ന് തന്നെ തമിഴകം കീഴടക്കിയ നടിയാണ് ഉലകനായകന്‍ കമല്‍ ഹാസന്റെ മകളായ ശ്രുതി ഹാസന്‍. ബാലതാരമായി സിനിമയിലെത്തിയ ശ്രുതി, 2000 ല്‍ കമല്‍ഹാസന്റെ ഹേ റാമില്‍ അതിഥി താരമായി വേഷമിട്ടു. ബോളിവുഡ് ചിത്രം ലക്കിലൂടെ യുവതാരമായി സിനിമയില്‍ തന്റെ സാന്നിധ്യം ശ്രുതി  വ്യക്തമാക്കി. തമിഴില്‍ സൂര്യക്കൊപ്പമുള്ള ഏഴാം അറിവ് ശ്രുതി ഹാസനെ താരമൂല്യത്തിലേക്കുയര്‍ത്തി.

സൂപ്പര്‍ നായികാപദവിയിലേക്കുയര്‍ന്ന ശ്രുതി ഹാസനും ഇറ്റാലിയന്‍ തിയേറ്റര്‍ നടനുമായ മൈക്കല്‍ കോര്‍സലേയുമായുള്ള പ്രണയബന്ധം ഇതിനിടെ സിനിമാരംഗത്ത് കാട്ടുതീയായി പടര്‍ന്നു. എന്നാല്‍ കഴിഞ്ഞ ഏപ്രിലില്‍ ഈ ബന്ധം അപ്രതീക്ഷിതമായി തകരുകയായിരുന്നു. ഇരുവരും തമ്മില്‍ വിവാഹിതരാകും എന്ന അഭ്യൂഹം ശക്തമാകുന്നതിനിടെയാണ്, മൈക്കല്‍ കോര്‍സലെ ബന്ധം പിരിഞ്ഞകാര്യം തുറന്നു പറഞ്ഞത്. 

ഇപ്പോള്‍ മൈക്കിളുമായുള്ള പ്രണയബന്ധത്തെയും അതിന്റെ തകര്‍ച്ചയെയും കുറിച്ച് തുറന്നുപറയുകയാണ് ശ്രുതി ഹാസന്‍. ഒരു ചാറ്റ് ഷോയിലാണ് നടിയുടെ തുറന്നുപറച്ചില്‍. ''ഞാന്‍ വളരെ കൂളായ വ്യക്തിയാണ്. നിഷ്‌കളങ്കയായത് കൊണ്ട് തന്നെ എനിക്കു ചുറ്റുമുളളവര്‍ എന്റെ മേല്‍ അധികാരം കാണിക്കാറുണ്ട്.. വളരെ ഇമോഷണലായ വ്യക്തിയാണ് ഞാനെന്ന് അറിയാവുന്നതു കൊണ്ടാണ് അവര്‍ അത് മുതലെടുക്കുന്നത്. 

എങ്കിലും ഞാന്‍ പറയും അതൊരു നല്ല അനുഭവമായിരുന്നു. എനിക്ക് അതില്‍ പശ്ചാത്താപമില്ല. അത് മികച്ച ഒരു അനുഭവം തന്നെ ആയിരുന്നു. ഞാന്‍ ഒരുപാട് കാര്യങ്ങള്‍ പഠിച്ചു. പക്ഷേ ഞാനെന്നും മികച്ച പ്രണയത്തിനെ അന്വേഷിച്ചു കൊണ്ടിരിക്കും. അങ്ങനെ ഒന്ന് വന്ന് ചേര്‍ന്നാല്‍ ഇതിനായാണ് ഞാന്‍ കാത്തിരുന്നതെന്ന് സന്തോഷത്തോടെ തന്നെ പ്രഖ്യാപിക്കും.'' ശ്രുതി പറഞ്ഞു. 

പ്രണയബന്ധം തകര്‍ന്നതോടെ സിനിമാഭിനയത്തില്‍ നിന്നും അകന്നു നിന്ന ശ്രുതി ഹാസന്‍ വീണ്ടും സിനിമയില്‍ സജീവമാകാനുള്ള തീരുമാനത്തിലാണ്. വിജയ് സേതുപതിക്കൊപ്പം ലാഭം എന്ന ചിത്രത്തിലാകും ശ്രുതി ഹാസന്‍ അഭിനയിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com