'ജഗദീഷിന്റെ ഭാര്യയുടെ ഗതികേട്; പകല്‍ മുഴുവന്‍ ആശുപത്രി ശവങ്ങളുടെ കൂടെ, വൈകിട്ട് വീട്ടില്‍ വന്നാല്‍ മറ്റൊരു ശവത്തിന്റെ കൂടെ'; പ്രസംഗം വൈറല്‍

വളരെ ഗൗരവത്തോടെ ക്ലാസുകള്‍ കൈകാര്യം ചെയ്തിരുന്ന അധ്യാപകനായിരുന്നു ഞാന്‍. കൊമേര്‍സ് ആയിരുന്നു എന്റെ വിഷയം. എല്ലാം തന്നെ ഇംഗ്ലിഷിലായിരുന്നു പഠിപ്പിച്ചിരുന്നത്
'ജഗദീഷിന്റെ ഭാര്യയുടെ ഗതികേട്; പകല്‍ മുഴുവന്‍ ആശുപത്രി ശവങ്ങളുടെ കൂടെ, വൈകിട്ട് വീട്ടില്‍ വന്നാല്‍ മറ്റൊരു ശവത്തിന്റെ കൂടെ'; പ്രസംഗം വൈറല്‍

സിനിമയില്‍ ജഗദീഷിന്റെ കോമഡി കണ്ടാല്‍ ചിരിക്കാത്തവരായി ആരും ഉണ്ടാകില്ല. എന്നാല്‍ ഇയാളൊരു കൊമേഴ്‌സ് അധ്യാപകന്‍ ആണെന്നറിയുന്നതോടെ ചിരിച്ചവര്‍ അമ്പരപ്പോടെ മൂക്കത്ത് വിരല്‍വെച്ചുപോകും. മുഖച്ചിത്രം എന്ന ചിത്രത്തിലെ എച്ചൂസ് മീ എന്ന് ജഗദീഷിന്റെ കോമഡി മലയാള സിനിമാ ആസ്വാദകര്‍ മറക്കില്ല. സിനിമയിലെ കോമഡി കഥാപാത്രങ്ങള്‍ പോലെ തമാശക്കാരന്‍ മാത്രമല്ല ജഗദീഷ്. പാഠ്യവിഷയങ്ങള്‍ അപാര അറിവുള്ള വ്യക്തിത്വം കൂടിയാണ്. ഇത് വ്യക്തമാക്കുന്നതായിരുന്നു ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക്ക് സ്‌കൂളില്‍ അതിഥിയായി എത്തിയപ്പോഴുള്ള അദ്ദേഹത്തിന്റെ പ്രസംഗം.

സിബിഎസ്ഇ സ്‌കൂളുകളുടെ കലാമേളയായ സര്‍ഗസംഗമത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട്  ജഗദീഷ് നടത്തിയ പ്രസംഗം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. നര്‍മ്മത്തില്‍ ചാലിച്ച് ഗൗരവകരമായ വിഷയങ്ങള്‍ അവതരിപ്പിച്ചാണ് അദ്ദേഹം സദസ്സിനെ കൈയ്യിലെടുത്തത്. പലപ്പോഴും പ്രസംഗം ഇംഗ്ലിഷിലും ഹിന്ദിയിലും മലയാളത്തിലും മാറി മ്ാറി സഞ്ചരിച്ചു. ഒട്ടും വിരസമില്ലാതെ ജനം കാതോര്‍ത്തുകേട്ടു. 

'വളരെ ഗൗരവത്തോടെ ക്ലാസുകള്‍ കൈകാര്യം ചെയ്തിരുന്ന അധ്യാപകനായിരുന്നു ഞാന്‍. കൊമേര്‍സ് ആയിരുന്നു എന്റെ വിഷയം. എല്ലാം തന്നെ ഇംഗ്ലിഷിലായിരുന്നു പഠിപ്പിച്ചിരുന്നത്. അങ്ങനെയുള്ള ഞാന്‍ സ്‌ക്രീനില്‍ വന്നപ്പോള്‍ 'എച്ചൂസ്മി', 'കാക്ക തൂറീന്നാ തോന്നുന്നേ' എന്നുള്ള കോമഡികള്‍. അത് സ്‌ക്രീനിലെ ഇമേജ് ആണ്. രണ്ടും രണ്ട് ഇമേജ് ആണ്'.

'ഒരുവശത്ത് എന്നിലെ ഹാസ്യം നിങ്ങള്‍ അംഗീകരിച്ചപ്പോള്‍ മറുവശത്ത് ഒരധ്യാപകനു വേണ്ട പരിഗണനയും നല്‍കി. അതുകൊണ്ട് ഇത്തരം ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ ഇഷ്ടമാണ്. നിങ്ങളിലെ സാമൂഹികപ്രതിബദ്ധതകള്‍ ഇത്തരം ചടങ്ങുകളിലൂടെ പ്രകടമാകും. നാളത്തെ പൗരന്മാരാണ് ഇവിടെ ഇരിക്കുന്ന കൊച്ചുകുട്ടികള്‍.'

'മാര്‍ ഇവാനിയോസ് കോളജ് എന്ന സ്ഥാപനമാണ് പി.വി. ജഗദീഷ് കുമാറിനെ ഇന്ന് ഇവിടെ വരെ എത്തിച്ചത് എന്ന് അഭിമാനത്തോടെ എനിക്ക് പറയാന്‍ കഴിയും. അവരവരുടെ ചുമതലകള്‍ കൃത്യമായി നിര്‍വഹിക്കുക എന്നതാണ് ജീവിതത്തിലെ ചവിട്ടുപടികള്‍.'

'നര്‍മം മറ്റുള്ളവരെ വേദനിപ്പിക്കാതെ പറയുമ്പോഴാണ് അത് രസകരമാകുക. സിനിമയില്‍ മോഹന്‍ലാല്‍ എന്നെ കളിയാക്കി ചിരിക്കാറുണ്ട്. ഞാന്‍ ശ്രീനിചേട്ടനെ കളിയാക്കാറുണ്ട്. ശ്രീനിയേട്ടന്‍ ജഗതി ചേട്ടനെ കളിയാക്കി സംസാരിക്കാറുണ്ട്. അതൊരു സെന്‍സ് ഓഫ് ഹ്യൂമര്‍ ആണ്. മറ്റുള്ളവരെ വേദനിപ്പാക്കാതെ പറയുന്ന തമാശയാണ് ഏറ്റവും ഉദാത്തമായത്. അത്തരത്തിലുള്ള എന്നെ ചിരിപ്പിച്ചൊരു തമാശ ഏതെന്ന് ഞാന്‍ പറയാം. നടന്‍ മണിയന്‍പിള്ളരാജു എന്നെക്കുറിച്ച് പറഞ്ഞൊരു തമാശയാണ് എനിക്ക് ഏറ്റവും ഇഷ്ടം. അതിനൊരു പശ്ചാത്തലമുണ്ട്.'

'എന്റെ ഭാര്യ ഡോ. രമ, തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഫോറന്‍സിക് ഡിപ്പാര്‍ട്‌മെന്റ് പ്രൊഫസറായി ജോലി ചെയ്യുന്ന സമയം. ഫോറന്‍സിക് എന്നുപറഞ്ഞാല്‍ നിങ്ങള്‍ക്ക് അറിയാം, ആ ഡോക്ടര്‍ക്ക് പോസ്റ്റുമാര്‍ട്ടം ചെയ്യണം മോര്‍ച്ചറി ഡ്യൂട്ടി ഉണ്ടാകും. അതിനെക്കുറിച്ച് മണിയന്‍പിള്ള പറഞ്ഞത് ഇങ്ങനെ, 'ജഗദീഷിന്റെ ഭാര്യയുടെ ഗതികേട് നോക്കണേ, പകല്‍ മുഴുവന്‍ ആശുപത്രി ശവങ്ങളുടെ കൂടെ, വൈകിട്ട് വീട്ടില്‍ വന്നാല്‍ മറ്റൊരു ശവത്തിന്റെ കൂടെ.'

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com