മുസ്‌ലിം ആയതുകൊണ്ട് നിരവധി വര്‍ഗീയ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നു: കമല്‍

പലായനം, അതിര്‍ത്തി, പൗരത്വം സംബന്ധിച്ച വര്‍ഗീയ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്നത് കലാ സൃഷ്ടിയിലൂടെയും ആവിഷ്‌കാരങ്ങളിലൂടെയുമാണെന്നു ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍
മുസ്‌ലിം ആയതുകൊണ്ട് നിരവധി വര്‍ഗീയ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നു: കമല്‍

കൊച്ചി: പലായനം, അതിര്‍ത്തി, പൗരത്വം സംബന്ധിച്ച വര്‍ഗീയ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്നത് കലാ സൃഷ്ടിയിലൂടെയും ആവിഷ്‌കാരങ്ങളിലൂടെയുമാണെന്നു ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി മൂവാറ്റുപുഴ ഫിലിം സൊസൈറ്റിയുടെ സഹകരണത്തോടെ ഇവിഎം ലതാ തിയേറ്ററില്‍ സംഘടിപ്പിക്കുന്ന 11-ാമത് ദേശീയ ചലച്ചിത്രമേളയുടെ ഭാഗമായി 'അതിര്‍ത്തികള്‍  പൗരത്വം സിനിമ' എന്ന വിഷയത്തില്‍ നടന്ന ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇത്തരം വിഷയങ്ങള്‍ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനാണ് ദേശീയ ചലച്ചിത്രമേളയില്‍ പ്രത്യേക കശ്മീരി പാക്കേജ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇന്ത്യന്‍ എന്നതിലുപരി മതത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഇപ്പോള്‍ ഒരുവന്റെ വ്യക്തിത്വം നിശ്ചയിക്കുന്നത്. മുസ്‌ലിമായതുകൊണ്ടും തന്റെ മുസ്‌ലിം പേര് കൊണ്ടും വര്‍ഗീയമായ നിരവധി പ്രശ്‌നങ്ങള്‍ തനിക്ക് നേരിടേണ്ടി വന്നിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരേ രാജ്യത്ത് തന്നെ ഇരട്ടപൗരത്വം സൃഷ്ടിക്കപ്പെടുന്ന അവസ്ഥയാണ് ഇന്ത്യയിലുള്ളതെന്ന് എഴുത്തുകാരനും ഫിലിം സൊസൈറ്റി പ്രവര്‍ത്തകനുമായ ജിതിന്‍ കെ സി അഭിപ്രായപ്പെട്ടു. അപരവത്കരണത്തിന്റെ കാലത്താണ് നമ്മള്‍ അതിജീവിച്ചു കൊണ്ടിരിക്കുന്നത്. ഹിന്ദുത്വ ഭരണകൂടം ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനങ്ങളും നടപ്പിലാക്കി കൊണ്ടിരിക്കുന്നു. കശ്മീരില്‍ ഒരു ജനത മൊത്തം തടവിലാണ്. അസമില്‍ എണ്ണിയാലൊടുങ്ങാത്ത മനുഷ്യര്‍ അഭയാര്‍ത്ഥികളായത് ഒരു രാത്രിയുടെ ദൈര്‍ഘ്യത്തിലാണ്. 'ജയ് ശ്രീറാം' വിളിക്കെതിരെ കത്തെഴുതിയ അടൂരിന്റെ പേരില്‍ രാജ്യദ്രോഹകുറ്റം ചുമത്തുന്ന, ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കുന്ന, വിമത സ്വരങ്ങളെ ഫെഡറല്‍ ഭരണ സംവിധാനമുണ്ടായിട്ടും തഴയുന്ന ഭീതിജനകമായ രാഷ്ട്രത്തിന്റെ കാലം. മറ്റെല്ലാ കാലത്തേക്കാളും ഇപ്പോള്‍ കൂടുതലായി പൗരത്വത്തെക്കുറിച്ചും ദേശീയതയെക്കുറിച്ചു സംവാദങ്ങള്‍ അനിവാര്യമായ സാഹചര്യമാണിന്ന് അദ്ദേഹം പറഞ്ഞു.

ഒരാളുടെ മതം എന്തെന്നാല്‍ സ്‌കൂളില്‍ അപേക്ഷ പൂരിപ്പിക്കുമ്പോള്‍ തന്നെ തീരുമാനിക്കപ്പെടുന്ന ഒന്നാണെന്ന് സംവിധായകന്‍ അരുണ്‍ ബോസ് അഭിപ്രായപ്പെട്ടു. ദേശീയതയും എന്നത് പ്രചാരണത്തിനായി ഉപയോഗിക്കുന്ന കപടമായ ഒന്നായി മാറിയിരിക്കുകയാണ്. ഒറീസ്സയിലെ ജലക്ഷാമം അനുഭവപ്പെട്ടപ്പോള്‍ അതിന് പരിഹാരം കാണാതെ അവിടുത്തെ ഗോത്രവിഭാഗത്തെ പലായനം ചെയ്യുന്നതിന് ഗവണ്‍മെന്റ് പരോക്ഷമായി പ്രോത്സാഹിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം സിബി മലയില്‍ പരിപാടിയില്‍ പങ്കെടുത്തു. ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം മധു ജനാര്‍ദനന്‍ മോഡറേറ്ററായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com