സിനിമാ നടി രാധാമണി അന്തരിച്ചു 

മലയാളത്തിന് പുറമേ തമിഴിലും ഹിന്ദിയിലും ശ്രദ്ധേയ വേഷങ്ങള്‍ അഭിനയിച്ചിട്ടുണ്ട്
സിനിമാ നടി രാധാമണി അന്തരിച്ചു 

ചെന്നൈ: ആദ്യകാല സിനിമാ നടി ടിപി രാധാമണി (67) അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. അര്‍ബുദബാധയെത്തെത്തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. മലയാളത്തിന് പുറമേ തമിഴിലും ഹിന്ദിയിലും ശ്രദ്ധേയ വേഷങ്ങള്‍ അഭിനയിച്ചിട്ടുണ്ട്. ഷൊര്‍ണൂര്‍ വാടാനാംകുറുശിയില്‍ രാമന്‍ കണ്ടത്ത് നാരായണന്‍ നായരുടെ മകളായ  രാധാമണി രാമു കാര്യാട്ടിന്റെ ഏഴു രാത്രികള്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.

മലയാളി ഇന്നും മൂളി നടക്കുന്ന,  സിന്ദുരച്ചെപ്പ് എന്ന ചിത്രത്തിലെ  തമ്പ്രാന്‍ തൊടുത്തതു മലരമ്പ്, തമ്പ്രാട്ടി പിടിച്ചതു പൂങ്കൊമ്പ്' എന്ന പ്രശസ്ത ഗാനരംഗത്ത് അഭിനയിച്ചത് രാധാമണിയാണ്. ദേശീയ പുരസ്‌കാരം നേടിയ ഉത്തരായനത്തിലും ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു. തിലകന്റെ ആദ്യ ചിത്രമായ പെരിയാറില്‍ അദ്ദേഹത്തിന്റെ സഹോദരിയായി വേഷമിട്ടു.  അടൂര്‍ ഗോപാലകൃഷ്ണന്റെ പ്രശസ്ത ചിത്രം  കൊടിയേറ്റത്തിലും ശ്രദ്ധേയ വേഷം ചെയ്തിട്ടുണ്ട്.

മലയാളത്തില്‍ പ്രേംനസീര്‍, സത്യന്‍, മധു, ജയന്‍ മുതല്‍ മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ സൂപ്പര്‍ താര ചിത്രങ്ങളില്‍ അഭിനയിച്ച രാധാമണി, തമിഴില്‍ കമല്‍ ഹാസന്‍, പ്രഭു, വിജയ് സേതുപതി എന്നിവര്‍ക്കൊപ്പം അരങ്ങിലെത്തി. ഷാരൂഖ് ഖാന്‍ നായകനായ ചെന്നൈ എക്‌സ്പ്രസ്  എന്ന ബോളിവുഡ് ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. അര്‍ബുദബാധയെത്തുടര്‍ന്ന് ചികില്‍സയ്ക്ക് പണമില്ലാതെ രാധാമണി കഷ്ടപ്പെടുന്ന വാര്‍ത്ത അടുത്തിടെ പുറത്തുവന്നിരുന്നു.

രാധാമണിയുടെ സംസ്‌കാരം ഇന്നു രാവിലെ 11.30നു വടപളനി എവിഎം ശ്മശാനത്തില്‍ നടക്കും. കനയ്യലാലാണ് ഭര്‍ത്താവ്.  മകന്‍ അഭിനയ്. ടിപി രാധാമണിയുടെ നിര്യാണത്തില്‍ മന്ത്രി എ.കെ ബാലന്‍ അനുശോചിച്ചു.   രാധാമണിയുടെ കലാ സേവനം കേരളം എക്കാലവും ഓര്‍ക്കുമെന്ന് മന്ത്രി അനുശോചനസന്ദേശത്തില്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com