'13 വര്‍ഷം മുന്‍പ് അയാള്‍ എന്നെ ബലാത്സംഗം ചെയ്തു, ആ പേര് പറയാന്‍ ഇന്നും ധൈര്യമില്ല'; തുറന്നു പറഞ്ഞ് സംവിധായകന്‍

'വലിയ മാധ്യമ ഭീമനായതുകൊണ്ടാണ് അയാളെക്കുറിച്ച് തുറന്നു പറയാന്‍ മടിച്ചത് '
'13 വര്‍ഷം മുന്‍പ് അയാള്‍ എന്നെ ബലാത്സംഗം ചെയ്തു, ആ പേര് പറയാന്‍ ഇന്നും ധൈര്യമില്ല'; തുറന്നു പറഞ്ഞ് സംവിധായകന്‍

ഇസ്ലാമാബാദ്; മീടൂ ആരോപണവുമായി പാകിസ്ഥാനി സംവിധായകന്‍ രംഗത്ത്. 13 വര്‍ഷം മുന്‍പ് താന്‍ ബലാത്സംഗത്തിന് ഇരയായെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് പ്രമുഖ സംവിധായകന്‍ ജാമി(ജംഷേദ് മുഹമ്മദ്). മാധ്യമലോകത്തെ പ്രമുഖനാണ് തന്നെ പീഡിപ്പിച്ചത് എന്നാണ് ജാമിയുടെ തുറന്നു പറച്ചില്‍. പാക്കിസ്ഥാനില്‍ വലിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ് ജാമിയുടെ മീടൂ. 

അയാളെ താന്‍ നല്ല സുഹൃത്തായാണ് കണ്ടതെന്നും എന്നാല്‍ ഇന്നേക്ക് 13 വര്‍ഷം മുമ്പ് അയാള്‍ തന്നെ ബലാത്സംഗം ചെയ്തു എന്നുമാണ് അദ്ദേഹം പറയുന്നത്. അന്ന് അയാളെ ഒന്നും ചെയ്യാത്തതില്‍ ഞാന്‍ സ്വയം പഴിക്കുന്നു. ബലാത്സംഗത്തെക്കുറിച്ച് അടുത്ത സുഹൃത്തുക്കളോട് പറഞ്ഞിട്ടും ആരും ഗൗരവമായി എടുത്തില്ല. അവരുടെ മുന്നില്‍ ഞാന്‍ കോമാളിയാവുകയായിരുന്നു. എന്നാല്‍ ആറു മാസത്തെ ചികിത്സക്ക് ശേഷമാണ് ഷോക്കില്‍നിന്ന് കരകയറിയതെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. 

അത്ര വലിയ മാധ്യമ ഭീമനായതുകൊണ്ടാണ് അയാളെക്കുറിച്ച് തുറന്നു പറയാന്‍ മടിച്ചത് എന്നാണ് ജാമി പറയുന്നത്. ഇന്നും ആ പേര് പറയാന്‍ തനിക്ക് ധൈര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ പിതാവ് മരിച്ചപ്പോള്‍ ഇയാള്‍ വീട്ടില്‍ വന്നിരുന്നു. അന്ന് അച്ഛനെക്കുറിച്ച് ഓര്‍ത്ത് കരയുന്നതിന് പകരം ഇയാളെ പേടിച്ച് വീട്ടില്‍ ഒളിക്കുകയാണ് ചെയ്തത്. അച്ഛന്റെ വിയോഗത്തില്‍ ദുഃഖിച്ചിരിക്കുന്ന അമ്മയോട് അയാളെ വീട്ടില്‍ നിന്ന് പുറത്താക്കാന്‍ പറയേണ്ടി വന്നു. തുറന്നു പറഞ്ഞതിന്റെ പേരില്‍ തനിക്കെതിരേ രൂക്ഷ വിമര്‍ശനം ഉയരുമെന്ന് അറിയാമെന്നും ആത്മഹത്യാ പരമാണെന്ന് അറിഞ്ഞുകൊണ്ടാണ് തുറന്നുപറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 

പാകിസ്താനില്‍ സംഭവം വിവാദമായിരിക്കുകയാണ്. പാകിസ്ഥാനിലെ പ്രധാന മാധ്യമമായ ഡോണ്‍ ആദ്യം വാര്‍ത്ത നല്‍കിയെങ്കിലും പിന്നീട് പിന്‍വലിച്ചു. മറ്റ് വാര്‍ത്ത സൈറ്റുകളും വാര്‍ത്ത പിന്‍വലിച്ചിട്ടുണ്ട്. പാകിസ്ഥാനില്‍ മീടു ആരോപണം ഉന്നയിക്കുന്നവരെ സംശയത്തോടെ കാണുന്ന പശ്ചാത്തലത്തിലാണ് ജാമിയുടെ ട്വീറ്റ്. കഴിഞ്ഞ ദിവസം വ്യാജ മീടൂ ആരോപണത്തിന്റെ പേരില്‍ ഒരു അധ്യാപകന്‍ ആത്മഹത്യ ചെയ്തിരുന്നു. എന്നാല്‍ മീടൂ വെളിപ്പെടുത്തല്‍ നടത്തുന്ന എല്ലാവരും കള്ളന്മാരല്ലെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com