'എനിക്കിനി മക്കള്‍ വേണ്ട, അത്രക്ക് വിഷമമുണ്ട്': വാളയാര്‍ വിഷയത്തില്‍ വൈകാരികമായി പ്രതികരിച്ച് സാജു നവോദയ

വാളയാറിലെ പെണ്‍കുട്ടികള്‍ക്ക് നീതി നിഷേധിച്ചതിനെതിരെ സിനിമാപ്രവര്‍ത്തകരുടെ ഒരു സംഘം ചെറുപ്പക്കാര്‍ തെരുവ് നാടകത്തിലൂടെ പ്രതികരിച്ചിരുന്നു.
'എനിക്കിനി മക്കള്‍ വേണ്ട, അത്രക്ക് വിഷമമുണ്ട്': വാളയാര്‍ വിഷയത്തില്‍ വൈകാരികമായി പ്രതികരിച്ച് സാജു നവോദയ

വാളയാറില്‍ കൊല്ലപ്പെട്ട കുട്ടികള്‍ക്ക് നീതി കിട്ടണമെന്ന് ചലച്ചിത്രപ്രവര്‍ത്തകന്‍ സാജു നവോദയ. നീതി നിഷേധിക്കപ്പെട്ട അവസ്ഥയാണ് ഇപ്പോള്‍ ഉള്ളതെന്നും സാജു പറഞ്ഞു. വാളയാര്‍ പീഡനക്കേസ് പ്രതികളെ വെറുതേവിട്ട നടപടിയില്‍ പ്രതിഷേധിച്ച് നടത്തിയ പരിപാടില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  

ഏറെ വൈകാരികമായിട്ടായിരുന്നു സാജുവിന്റെ പ്രതികരണം. ഏറെ വര്‍ഷങ്ങളായി കുഞ്ഞുങ്ങളില്ലാത്ത ആളാണ് താനെന്നും അതില്‍ വലിയ വിഷമമുണ്ടെന്നും പറഞ്ഞ സാജു ഇനി തനിക്കു മക്കള്‍ വേണ്ട എന്നാണ് ഇപ്പോള്‍ ചിന്തിക്കുന്നതെന്നും പറഞ്ഞു. വിതുമ്പിക്കൊണ്ടാണ് സാജു ഇക്കാര്യം പറഞ്ഞത്. 

'ഇനി എനിക്ക് മക്കള്‍ വേണ്ട. അത്രയ്ക്കു വിഷമമുണ്ട്. ഇതൊന്നും നിര്‍ത്താന്‍ പറ്റില്ല. ഇതെല്ലാം കേട്ട് ഒരാളെങ്കിലും ഇങ്ങനെയൊന്നും ചെയ്യാന്‍ പാടില്ലെന്ന് ചിന്തിച്ചാല്‍ മതി. വ്യക്തമായ രാഷ്ട്രീയ ചിന്തയുള്ള ആളാണ് ഞാന്‍. ഒരു രാഷ്ട്രീയപാര്‍ട്ടിക്കും എതിരല്ല. പക്ഷേ ആ കുട്ടികള്‍ക്കു നീതി ലഭിക്കണം. കലാകാരന്‍ എന്ന നിലയില്‍ എനിക്ക് ചെയ്യാന്‍ കഴിയുന്ന കാര്യമെന്ന നിലക്കാണ് പ്രതിഷേധ കൂട്ടായ്മയില്‍ പങ്കെടുത്തത്'- സാജു പറഞ്ഞു.

'ഇത് മാധ്യമങ്ങള്‍ വഴി അറിഞ്ഞ കാര്യമാണ്. അറിയാത്ത കാര്യങ്ങള്‍ നിരവധിയുണ്ടാകും. ഇതിനെയൊക്കെ നേരിടാന്‍ ഒരാള്‍ വരും. ഇതുപോലെ ചെയ്യുന്നവന്മാര്‍ക്ക് മറുപടിയുമായി അവന്‍ വരും. ഇവിടെ പിഞ്ചു കുട്ടികള്‍ക്ക് നീതി നിഷേധിക്കപ്പെട്ടിരിക്കുകയാണ്. മക്കള്‍ ഉണ്ടാകരുത് എന്നാണ് ഇപ്പോള്‍ ആഗ്രഹം. മക്കളുണ്ടായാല്‍ അവര്‍ക്ക് ഈ നാട്ടില്‍ സ്വസ്ഥമായി ഉറങ്ങാന്‍ സാധിക്കില്ല. ഇപ്പോള്‍ ഇല്ലെന്നൊരു സങ്കടമുണ്ട്. നമ്മുടെ കേരളത്തില്‍ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ കുഞ്ഞുങ്ങള്‍ ജനിക്കാതിരിക്കുന്നതാണ് നല്ലത്'- സാജു വ്യക്തമാക്കി. 

വാളയാറിലെ പെണ്‍കുട്ടികള്‍ക്ക് നീതി നിഷേധിച്ചതിനെതിരെ സിനിമാപ്രവര്‍ത്തകരുടെ ഒരു സംഘം ചെറുപ്പക്കാര്‍ തെരുവ് നാടകത്തിലൂടെ പ്രതികരിച്ചിരുന്നു. ഈ പരിപാടിയിലാണ് സാജു വികാരാധീനനായത്. സിനിമാ പ്രവര്‍ത്തനായ നവജിത്ത് നാരായണന്റെ നേതൃത്വത്തില്‍ റാഷില്‍ ഖാന്‍, നിഖില്‍ ജയന്‍ തുടങ്ങിയവരാണ് തെരുവ് നാടകത്തില്‍ അഭിനയിച്ചത്. എറണാകുളം ബോട്ട്‌ജെട്ടിയില്‍ നിന്ന് ആരംഭിച്ച കലാപ്രകടനം ജിസിഡിഎ കോംപ്ലക്‌സിനു മുന്നില്‍ സമാപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com