'ഞാനും മോഹന്‍ലാലും അന്ന് ഉറങ്ങിയിട്ടില്ല, നല്ല ഭയമായിരുന്നു'; എണ്‍പതുകാരനായ മൂസയായി മാറിയതിനെക്കുറിച്ച് സംവിധായകന്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 08th September 2019 05:11 PM |
Last Updated: 08th September 2019 05:11 PM | A+A A- |

മോഹന്‍ലാലിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ് പരദേശി എന്ന ചിത്രത്തിലെ വലിയകത്ത് മൂസയുടെ കഥാപാത്രം. ചിത്രത്തിലെ ചെറുപ്പകാലം മുതല്‍ 80 വയസ് വരെയുള്ള നാല് ഗെറ്റപ്പിലാണ് മോഹന്‍ലാല്‍ എത്തിയത്. പിടി കുഞ്ഞ് മുഹമ്മദ് സംവിധാനം ചെയ്ത ചിത്രം മികച്ച നിരൂപക പ്രശംസ നേടിയിരുന്നു. ഇപ്പോള്‍ ചിത്രത്തിലെ കഥാപാത്രമാകാന്‍ മോഹന്‍ലാല്‍ എടുത്ത അധ്വാനത്തെക്കുറിച്ച് പറയുകയാണ് സംവിധായകന്‍.
അഞ്ച് മണിക്കൂറോളം എടുത്തായിരുന്നു മോഹന്‍ലാലിന്റെ മേക്കപ്പ്. താന്‍ അന്തംവിട്ടുപോയ ക്ഷമയുടെ പ്രതീകമാണ് അദ്ദേഹമെന്നാണ് കുഞ്ഞുമുഹമ്മദ് പറയുന്നത്. പട്ടണം റഷീദായിരുന്നു ചിത്രത്തില്‍ മേക്കപ്പ് നിര്‍വഹിച്ചത്. എണ്‍പതാമത്തെ വയസിലേക്ക് പോകുന്ന മേക്കപ്പിന്റെ അന്ന് താനോ മോഹന്‍ലാലോ പട്ടണം റഷീദോ ഉറങ്ങിയിട്ടില്ലെന്നും ശരിയാകുമോ എന്ന ഭയത്തിലായിരുന്നു എന്നുമാണ് സംംവിധായകന്‍ പറയുന്നത്.
കുഞ്ഞ് മുഹമ്മദ് പറയുന്നത് ഇങ്ങനെ; 'മോഹന്‍ലാലുമായി സംസാരിച്ചിട്ടുണ്ടെങ്കിലും അദ്ദേഹവുമായി വലിയൊരു അടുപ്പം എനിക്ക് ഉണ്ടായിരുന്നില്ല. സുഹൃത്ത് അഷ്‌റഫ് വഴിയാണ് ലാലിനോട് കഥപറയുന്നത്. ഒറ്റചോദ്യമേ അദ്ദേഹം എന്നോട് ചോദിച്ചുള്ളൂ, സാര്‍ എന്തിനാണ് സിനിമ എടുക്കുന്നത്. എന്തെങ്കിലും എനിക്ക് പറയാനുള്ളതുകൊണ്ടാണല്ലോ എന്ന് ഞാന്‍ മറുപടി കൊടുത്തു. ഞാന്‍ മേയ്ക്കപ്പിന്റെ രീതിയൊക്കെ കാണിച്ചു കൊടുത്തു.
നാലു കാലഘട്ടത്തിലൂടെ അദ്ദേഹം കടന്നു പോകുന്നത്. 80 വയസു മുതല്‍ ചെറുപ്പക്കാലം വരെയുള്ള നാല് കാലഘട്ടം. അതിനു വേണ്ട മേയ്ക്കപ്പ് വളരെ പ്രധനപ്പെട്ടതും. റഷീദ് പട്ടണത്തെയാണ് ഞങ്ങള്‍ മേയ്ക്കപ്പ് മാനായി തീരുമാനിച്ചത്. റഷീദ് അതൊരു ചലഞ്ചായി ഏറ്റെടുക്കുകയായിരുന്നു. ജര്‍മ്മനി, ഇംഗ്‌ളണ്ട് എന്നിവിടങ്ങളില്‍ നിന്നാണ് ചില മേയ്ക്കപ്പ് മെറ്റീരിയല്‍സ് വരുത്തിയത്.അഞ്ചു മണിക്കൂറാണ് മേയ്ക്കപ്പ്. ഞാന്‍ അന്തം വിട്ടുപോയ ക്ഷമയുടെ പ്രതീകമാണ് മോഹന്‍ലാല്‍.
ഇന്ത്യയിലെ തന്നെ എണ്ണപ്പെട്ട ഒരു നടന്‍ അഞ്ച് മണിക്കൂര്‍ മേയ്ക്കപ്പിനായി ഇരുന്ന് തരിക. എണ്‍പതാമത്തെ വയസിലേക്ക് പോകുന്ന മേയ്ക്കപ്പിന്റെ അന്ന് ഞാനോ, മോഹന്‍ലാലോ, പട്ടണം റഷീദോ ഉറങ്ങിയിട്ടില്ല. നല്ല ഭയമുണ്ടായിരുന്നു ഇതെങ്ങനാ വരികയെന്ന്. ആദ്യം ശരിയായില്ലെങ്കില്‍ പിന്നെ അന്ന് തന്നെ കൊണ്ട് വീണ്ടും ചെയ്യാന്‍ കഴിയില്ലെന്ന് റഷീദും പറഞ്ഞു. എന്നാല്‍ പ്രശ്‌നമൊന്നുമില്ലാതെ വന്നു. മേയ്ക്കപ്പ് കഴിഞ്ഞ് അടുത്തു വന്നിരിക്കുമ്പോള്‍ ലാല്‍ ആണെന്ന പ്രതീതിയെ ഉണ്ടായിരുന്നില്ല എന്നാണ് ആന്റണി പെരുമ്പാവൂര്‍ പോലു പറഞ്ഞത്. അസാമാന്യമായ മേയ്ക്കപ്പായിരുന്നു മോഹന്‍ലാലിന് വേണ്ടി റഷീദ് ഒരുക്കിയത്.'