'തുടര്‍ച്ചയായി നാലു തവണ വിളിച്ചപ്പോഴും കോള്‍ വെയിറ്റിങ്, ഞാന്‍ പാര്‍വതിയോട് ചൂടായി'; എന്റെ ഉള്ളിലും ഒരു ഗോവിന്ദ് ഉണ്ടായിരുന്നെന്ന് ആസിഫ് ആലി

ചിത്രത്തിലെ നായികയായി എത്തിയ പാര്‍വതിയോട് തന്നെയായിരുന്നു ആസിഫിന്റെ പരീക്ഷണം
'തുടര്‍ച്ചയായി നാലു തവണ വിളിച്ചപ്പോഴും കോള്‍ വെയിറ്റിങ്, ഞാന്‍ പാര്‍വതിയോട് ചൂടായി'; എന്റെ ഉള്ളിലും ഒരു ഗോവിന്ദ് ഉണ്ടായിരുന്നെന്ന് ആസിഫ് ആലി

സിഫ് അലി എന്ന നടന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായാണ് ഉയരെയിലെ ഗോവിന്ദിനെ വിലയിരുത്തുന്നത്. ചിത്രം പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് താനും ഒരു ഗോവിന്ദ് ആണെന്ന് തുറന്നു പറഞ്ഞുകൊണ്ട് രംഗത്തെത്തിയത്. തനിക്കുള്ളിലും ഒരു ഗോവിന്ദ് ഉണ്ടായിരുന്നു എന്നാണ് ആസിഫ് പറയുന്നത്. കൂടാതെ കഥ കേട്ട ശേഷം ഗോവിന്ദ് ആവാന്‍ താന്‍ ചില പരീക്ഷണങ്ങള്‍ നടത്തിയെന്നും താരം വ്യക്തമാക്കി. ചിത്രത്തിലെ നായികയായി എത്തിയ പാര്‍വതിയോട് തന്നെയായിരുന്നു ആസിഫിന്റെ പരീക്ഷണം. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നു പറച്ചില്‍. 

പനമ്പിള്ളി നഗറിലുള്ള ഒരു കോഫി ഷോപ്പില്‍ വെച്ചാണ് ചിത്രത്തിന്റെ കഥ കേള്‍ക്കുന്നത്. കഥ കേട്ട് തിരിച്ചു പോകും വഴിയാണ് പാര്‍വതിയെ ടെന്‍ഷനിലാക്കുന്ന പരീക്ഷണം താരം നടത്തിയത്. 'ഞാനും പാര്‍വ്വതിയും നേരത്തെ സുഹൃത്തുക്കളാണ്. പക്ഷേ ഫോണ്‍ വഴി ബന്ധങ്ങള്‍ സൂക്ഷിക്കുന്ന പതിവില്ല.  കഥ കേട്ട് തിരിച്ചുപോകും വഴി ഞാന്‍ പാര്‍വ്വതിയെ വിളിച്ചു. ഭാഗ്യത്തിന് പാര്‍വ്വതി വേറാരോടോ സംസാരിക്കുകയായിരുന്നു. തുടര്‍ച്ചയായി നാല് തവണ വിളിച്ചപ്പോഴും കോള്‍ വെയിറ്റിങ്. അപ്പോള്‍ തന്നെ പാര്‍വ്വതി തിരിച്ചുവിളിച്ച് 'ആസിഫ്, എന്തുപറ്റി' എന്ന് ചോദിച്ചു. 'എന്റെ കോള്‍ കണ്ടില്ലേ' എന്നുചോദിച്ചു ഞാന്‍. 'ഞാന്‍ മറ്റൊരു കോളിലായിരുന്നു' എന്ന് പാര്‍വ്വതി. 'എന്റെ ഫോണ്‍ കണ്ടിട്ട് എന്താ എടുക്കാത്തത്' എന്ന് ചോദിച്ച് ഞാന്‍ ചൂടായി. പാര്‍വ്വതി ആകെ ടെന്‍ഷനടിച്ചു. എനിക്ക് വട്ടാണോ എന്ന് വിചാരിച്ചിട്ടുണ്ടാകണം. ഗോവിന്ദിന് മുന്നോടിയായുള്ള ഒരു പരീക്ഷണമായിരുന്നു അത്.' ആസിഫ് പറഞ്ഞു. 

ഒരുകാലത്ത് എന്റെ ഉള്ളിലും ഒരു ഗോവിന്ദ് ഉണ്ടായിരുന്നു എന്നാണ് താരം പറയുന്നത്. എല്ലാവരുടെ ഉള്ളിലും അതുണ്ടെന്നും അതുകൊണ്ട് തന്നെ വലിയ കഷ്ടപ്പാടില്ലാതെ, ടെന്‍ഷനില്ലാതെ ചെയ്‌തൊരു സിനിമയാണ് ഉയരെയെന്നും താരം വ്യക്തമാക്കി. 'പണ്ടൊക്കെ കാമുകിയുമായി സംസാരിച്ചുകഴിഞ്ഞാലും വാട്‌സ്ആപ്പില്‍ 'ലാസ്റ്റ് സീന്‍' നോക്കാറുണ്ടായിരുന്നു. തുറന്നുസമ്മതിക്കുകയാണ് ഞാന്‍. പക്ഷേ ഇപ്പോ എല്ലാം മാറി. കുറെക്കൂടി പക്വത വന്നു.' ആസിഫ് കൂട്ടിച്ചേര്‍ത്തു. ഗോവിന്ദിന്റെ പ്രവൃത്തിയെ ഒരു രീതിയിലും ന്യായീകരിക്കാന്‍ കഴിയാത്തതിനാലാണ് താന്‍ ചിത്രത്തിന്റെ പ്രമോഷനുകളില്‍ നിന്ന് മാറി നിന്നതെന്നും താരം വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com