മമ്മൂട്ടി, വിജയ് ചിത്രങ്ങളുടെ പ്രമോഷന് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉപയോഗിക്കില്ല

മമ്മൂട്ടി നായകനാകുന്ന ഗാനഗന്ധര്‍വന്റെ പരസ്യത്തിനായി വലിയ ഹോര്‍ഡിങ്ങുകള്‍ ഉപയോഗിക്കില്ലെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി.
മമ്മൂട്ടി, വിജയ് ചിത്രങ്ങളുടെ പ്രമോഷന് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉപയോഗിക്കില്ല

ചെന്നൈയില്‍ ഫ്‌ളക്‌സ് ബോര്‍ഡ് റോഡിലേക്ക് വീണ് യുവതി മരിച്ച സംഭവത്തെതുടര്‍ന്ന് തങ്ങളുടെ പുതിയ സിനിമകളുടെ പ്രമോഷന് വേണ്ട് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉപയോഗിക്കില്ലെന്ന് വ്യക്തമാക്കി നടന്‍ മമ്മൂട്ടിയും വിജയ്യും. മമ്മൂട്ടി നായകനാകുന്ന ഗാനഗന്ധര്‍വന്റെ പരസ്യത്തിനായി വലിയ ഹോര്‍ഡിങ്ങുകള്‍ ഉപയോഗിക്കില്ലെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി.

ശുഭശ്രീയുടെ അപകട വാര്‍ത്ത കണ്ട മമ്മൂട്ടിയും സംവിധായകന്‍ രമേഷ് പിഷാരടിയും നിര്‍മാതാവ് ആന്റോ ജോസഫും ചേര്‍ന്നാണ് ഫ്‌ളക്‌സ് ഹോര്‍ഡിങ് ഒഴിവാക്കാന്‍ തീരുമാനിച്ചത്. ചിത്രത്തിന്റെ പരസ്യത്തിനായി പോസ്റ്ററുകള്‍ മാത്രമേ ഉപയോഗിക്കൂ എന്ന് സംവിധായകന്‍ രമേഷ് പിഷാരടി പറഞ്ഞു. 

ആറ്റ്‌ലി സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രമായ ബിഗിലിന്റെ ഓഡിയോ ലോഞ്ചിന്റെ വലിയ ഹോര്‍ഡിങ്ങുകളും ബാനറുകളും സ്ഥാപിക്കരുതെന്ന് ആരാധകരോട് നടന്‍ വിജയ്‌യും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മാസം 19നാണ് വിജയ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടക്കുന്നത്.

ഫ്‌ളക്‌സ് ബോര്‍ഡ് പൊട്ടി വീണു യുവതി മരിച്ച സംഭവത്തില്‍ തമിഴ്‌നാട് സര്‍ക്കാരിനെ മദ്രാസ് ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കരുതെന്ന കോടതി ഉത്തരവ് നടപ്പാക്കാത്തതാണ് വിമര്‍ശനത്തിനിടയാക്കിയത്. ബ്യൂറോക്രാറ്റിക് അനാസ്ഥയുടെ അനന്തര ഫലമാണ് യുവതിയുടെ ജീവന്‍ നഷ്ടപ്പെടുത്തിയ അപകടമെന്ന് കോടതി വിമര്‍ശിച്ചു.

സ്‌കൂട്ടറില്‍ യാത്ര ചെയ്തിരുന്ന യുവതിയുടെ ദേഹത്തേക്ക് ഫ്‌ളക്‌സ് ബോര്‍ഡ് പൊട്ടി വീഴുകയായിരുന്നു. നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ പിന്നാലെ എത്തിയ വാട്ടര്‍ ലോറിക്കടിയിലേക്ക് വീണു. അപകടത്തില്‍പ്പെട്ട ക്രോംപെട്ട് നെമിലിച്ചേരി സ്വദേശിനി ആര്‍ ശുഭശ്രീ (23) യെ ഉടന്‍ തന്നെ അടുത്തുളള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചെന്നൈയില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായിരുന്നു മരിച്ച ശുഭശ്രീ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com