'ഇവിടെ, ഇത് കാണാന്‍ എന്റെ അച്ഛന്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് തോന്നിപ്പോവുകയാണ്'; ഗീതു മോഹന്‍ദാസ്

'ഇരുപത് വര്‍ഷങ്ങള്‍ക്കു മുന്‍പ് എന്റെ അച്ഛന്‍ എന്നെ ഇവിടെ കൊണ്ടു വന്നിട്ടുണ്ട്'
'ഇവിടെ, ഇത് കാണാന്‍ എന്റെ അച്ഛന്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് തോന്നിപ്പോവുകയാണ്'; ഗീതു മോഹന്‍ദാസ്

ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത മൂത്തോന്‍ എന്ന ചിത്രം ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ചതിന്റെ സന്തോഷത്തിലാണ് താരം. കുറച്ച് ദിവസങ്ങളായി ഗീതുവിന്റെ സിനിമയാണ് സമൂഹമാധ്യമങ്ങളിലെ ചലച്ചിത്ര ഇടങ്ങളില്‍ ചര്‍ച്ചാ വിഷയമാകുന്നത്. 

ഈ അവസരത്തില്‍ തന്റെ സിനിമ കാണാന്‍ തന്റെ അച്ഛന്‍ കൂടി ഉണ്ടായിരുന്നെങ്കിലെന്ന് തോന്നിപ്പോവുകയാണെന്ന് ഗീതു പറഞ്ഞു. മൂത്തോന്റെ പ്രദര്‍ശനം കഴിഞ്ഞ് സംസാരിക്കുന്നതിനിടെയാണ് ഗീതു ഇക്കാര്യം പറഞ്ഞത്. ടൊറന്റോയുടെ വേദിയില്‍ ഗീതു സംസാരിക്കുന്ന വീഡിയോ പുറത്തുവിട്ടിട്ടുണ്ട്.

'ഇരുപത് വര്‍ഷങ്ങള്‍ക്കു മുന്‍പ് എന്റെ അച്ഛന്‍ എന്നെ ഇവിടെ കൊണ്ടു വന്നിട്ടുണ്ട്. ഒരുപാട് സ്വപ്‌നങ്ങളും ലക്ഷ്യങ്ങളും മകള്‍ക്കുണ്ടാകട്ടെയെന്നു കരുതിയാണ് അദ്ദേഹം അതു ചെയ്തത്. ഇവിടെ ടൊറന്റോയില്‍ എന്റെ സിനിമ പ്രദര്‍ശിപ്പിക്കുമ്പോള്‍ അതു കാണാന്‍ എന്റെ അച്ഛനുണ്ടായിരുന്നെങ്കില്‍ എന്നു തോന്നി പോവുകയാണ്'- ഗീതു പറഞ്ഞു. 

മൂത്തോനില്‍ നിവിന്‍ പോളിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നിവിന്റെ അഭിനയവും ചിത്രത്തില്‍ ഏറെ ശ്രദ്ധനേടിയിട്ടുണ്ട്. താരം ഇതുവരെ ചെയ്തതില്‍ വെച്ച് ഏറെ വ്യത്യസ്തമായൊരു കഥാപാത്രമാണിതെന്നാണ് സിനിമ കണ്ടവര്‍ പറയുന്നത്. മൂത്തോനിലെ കഥാപാത്രമായി എന്തുകൊണ്ട് നിവിന്‍ പോളിയെ തിരഞ്ഞെടുത്തുവെന്ന് സദസ്സില്‍ നിന്നുമുയര്‍ന്ന ചോദ്യത്തിനും ഗീതു മറുപടി നല്‍കിയിരുന്നു. 

'എന്റെ അയല്‍വാസിയാണ് എന്നതിലുപരി മൂത്തോനിലെ കഥാപാത്രമാകാന്‍ ആരും പ്രതീക്ഷിക്കാത്ത ഒരാള്‍ വേണമെന്നുണ്ടായിരുന്നു. നിഷ്‌കളങ്കമായ ചിരിയോടുകൂടിയുള്ള ഒരാളെയാണ് എനിക്കു വേണ്ടിയിരുന്നത്. അതു തന്നെയാണ് നിവിനെ തിരഞ്ഞെടുത്തത്. നിവിന് അഭിനയിച്ച് ഫലിപ്പിക്കാന്‍ പറ്റുമെന്നുറപ്പുള്ളതു കൊണ്ടാണ് നിവിനെ കാസ്റ്റ് ചെയ്തത്'- ഗീതു മോഹന്‍ദാസ് വ്യക്തമാക്കി. 

സ്ത്രീ സംവിധായിക എന്ന വിശേഷണത്തോട് എനിക്ക് താല്‍പര്യമില്ല. സിനിമയ്ക്ക് ലിഗംഭേദമില്ല. സ്ത്രീയെന്ന് പ്രത്യേകം എടുത്ത് പറയേണ്ട ആവശ്യമില്ല. സിനിമയില്‍ സ്ത്രീകളുടെ പ്രാതിനിധ്യം കൂടുന്നതോടെ അതിന് മാറ്റം വരുമെന്ന് ഞാന്‍ വിചാരിക്കുന്നുവെന്നും ഗീതു കൂട്ടിച്ചേര്‍ത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com