നടന്‍  സത്താര്‍ അന്തരിച്ചു; വിടവാങ്ങിയത് മലയാള സിനിമയിലെ ശ്രദ്ധേയനായ വില്ലന്‍

മൂന്ന് മാസമായി ആലുവയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു 
നടന്‍  സത്താര്‍ അന്തരിച്ചു; വിടവാങ്ങിയത് മലയാള സിനിമയിലെ ശ്രദ്ധേയനായ വില്ലന്‍

കൊച്ചി: : പ്രശസ്ത നടന്‍ സത്താര്‍ (67) അന്തരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ ആലുവ പാലിയേറ്റീവ് കെയര്‍ ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍ രോഗത്തിന് ചികിത്സയിലായിരുന്നു. സംസ്‌ക്കാരം ചൊവ്വാഴ്ച വൈകിട്ട് നാലു മണിക്ക് പടിഞ്ഞാറെ കടുങ്ങല്ലൂര്‍ ജൂമാ മസ്ജിദില്‍.

എഴുപതുകളില്‍ മലയാള ചലച്ചിത്ര രംഗത്ത് നിറഞ്ഞു നിന്നിരുന്ന നടനാണ് സത്താര്‍. എറണാകുളം ജില്ലയിലെ കടുങ്ങല്ലൂരില്‍ ജനിച്ച സത്താര്‍ ആലുവയിലെ യൂണിയന്‍ ക്രിസ്ത്യന്‍ കോളേജില്‍ നിന്നും ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ് സിനിമയില്‍ എത്തിയത്. 1975ല്‍ എം. കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്ത ഭാര്യയെ ആവശ്യമുണ്ട് എന്ന സിനിമയാണ് സത്താറിന്റെ ആദ്യ സിനിമ.  1976-ല്‍ വിന്‍സെന്റ് മാസ്റ്റര്‍ സംവിധാനം ചെയ്ത അനാവരണം മലയാളം സിനിമയിലൂടെ നായകനായി അരങ്ങേറി. എന്നാൽ പിന്നീട് സ്വഭാവ നടനായും വില്ലന്‍ വേഷങ്ങളിലുമാണ് സത്താറിനെ ഏറെയും കണ്ടത്.  148 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

2014 ല്‍ പുറത്തിറങ്ങിയ പറയാന്‍ ബാക്കിവെച്ചതാണ് അവസാന സിനിമ. സമാനകാലയളവില്‍ മലയാളത്തില്‍ സജീവമായി ഉണ്ടായിരുന്ന നടി ജയഭാരതിയെയാണ് സത്താര്‍ ആദ്യം വിവാഹം കഴിച്ചത്. പിന്നീട് ഇരുവരും വേര്‍പിരിഞ്ഞു. നടന്‍ കൃഷ് സത്താര്‍ സത്താറിന്റെയും ജയഭാരതിയുടെയും മകനാണ്.

യത്തീം, ഇനിയും പുഴയൊഴുകും, അവളുടെ രാവുകള്‍, ശരപഞ്ചരം, അടിമക്കച്ചവടം, ബീന, ശീമന്തിനി,  പടയോട്ടം, അഹിംസ, കുറുക്കന്റെ കല്യാണം, കെണി, ആദര്‍ശം, ബെന്‍സ് വാസു, മുത്തുചിപ്പികള്‍, അടിയൊഴുക്കുകള്‍, ലാല്‍ അമേരിക്കയില്‍, അവള്‍ ഒരു സിന്ധു തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായി വേഷങ്ങള്‍ അവതരിപ്പിച്ചു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com