അശ്ലീലകരമായ ലൈംഗിക പീഡനദൃശ്യങ്ങള്‍ സീരിയലില്‍ ; ലിംഗച്ഛേദം ; ചാനലിന് രണ്ടര ലക്ഷം രൂപ പിഴ

മെയ് 14, 15 തീയതികളില്‍ സംപ്രേഷണം ചെയ്ത എപ്പിസോഡുകളിലാണ് സഭ്യേതരമായ രംഗങ്ങള്‍ ഉള്‍പ്പെട്ടത്
അശ്ലീലകരമായ ലൈംഗിക പീഡനദൃശ്യങ്ങള്‍ സീരിയലില്‍ ; ലിംഗച്ഛേദം ; ചാനലിന് രണ്ടര ലക്ഷം രൂപ പിഴ

ചെന്നൈ : ലൈംഗിക പീഡനത്തിന്റെ അടക്കം അതീവ വയലന്‍സ് രംഗങ്ങള്‍ അടങ്ങിയ സീരിയല്‍ ഭാഗം സംപ്രേഷണം ചെയ്തതിന് ചാനലിന് പിഴശിക്ഷ. സണ്‍ ടിവിയ്ക്കാണ് ബ്രോഡ്കാസ്റ്റിങ് കണ്ടന്റ് കംപ്ലെയ്ന്റ്സ് അതോറിട്ടി പിഴയിട്ടത്. രണ്ടര ലക്ഷം രൂപയാണ് അതോറിട്ടി തമിഴ്‌നാട്ടിലെ പ്രമുഖ ചാനലിന് പിഴ വിധിച്ചത്. 

സണ്‍ ടിവിയുടെ പ്രൈംടൈം പരമ്പരയായ കല്യാണ വീടിലാണ് ഇത്തരം രംഗങ്ങള്‍ ഉള്‍പ്പെട്ടത്. ചാനലിന്റെ നടപടിയെ വിമര്‍ശിച്ച അതോറിട്ടി, ഈ മാസം 23 മുതല്‍ 28 വരെയുള്ള ദിവസങ്ങളില്‍ കല്യാണ വീട് പരമ്പരയ്ക്ക് മുമ്പ് ചാനല്‍ ക്ഷമാപണം എഴുതി പ്രദര്‍ശിപ്പിക്കണമെന്നും ഉത്തരവിട്ടിട്ടുണ്ട്. 

മെയ് 14, 15 തീയതികളില്‍ സംപ്രേഷണം ചെയ്ത എപ്പിസോഡുകളിലാണ് സഭ്യേതരമായ രംഗങ്ങള്‍ ഉള്‍പ്പെട്ടത്. മേട്ടി ഒലി ഫെയിം തിരുമുരുഗന്‍ എം ആണ് പരമ്പരയുടെ സംവിധായകന്‍. ചിത്രത്തില്‍ നായകവേഷത്തിലും അദ്ദേഹം അഭിനയിക്കുന്നുണ്ട്. സീരിയലിലെ വിവാദ ഭാഗങ്ങളില്‍, പ്രതിനായികയായ വനിതാകഥാപാത്രം, വാടകക്കെടുത്ത ഗുണ്ടാസംഘത്തോട് തന്റെ സഹോദരിയെ കൂട്ടബലാല്‍സംഗം ചെയ്യാന്‍ ആവശ്യപ്പെടുകയാണ്. തന്റെ സഹോദരയാണെന്നോ, പണം ഈടാക്കിയാണ് ചെയ്യുന്നതെന്നോ ഉള്ള വിചാരമില്ലാതെ അതിക്രൂരമായി ബലാല്‍സംഗം ചെയ്യണമെന്നാണ് വില്ലത്തിയുടെ ഉപദേശം. 

നിര്‍ദേശങ്ങളെല്ലാം കേട്ടശേഷം ഗുണ്ടാസംഘത്തലവന്‍ പ്രതിനായികയെ തന്നെ കൂട്ടബലാല്‍സംഗം ചെയ്യാന്‍ തീരുമാനിക്കുന്നു. തുടര്‍ന്ന് കുറ്റിക്കാട്ടിലേക്ക് ഇവരെ വലിച്ചിഴച്ചുകൊണ്ടുപോകുകയും ബലാല്‍സംഗം ചെയ്യുകയും ചെയ്യുന്നു. തുടര്‍ന്ന് മറ്റ് സംഘാംഗങ്ങളോടും പോയി എന്‍ജോയ് ചെയ്യാന്‍ ഇയാള്‍ നിര്‍ദേശിക്കുന്നതും സീരിയലിലുണ്ട്. 

ഇതുമാത്രമല്ല, ഇതിനേക്കാള്‍ കടുത്ത രംഗങ്ങളാണ് പിന്നീട് ചാനലില്‍ സംപ്രേഷണം ചെയ്തത്. ജൂണ്‍ 28 ന്റെ എപ്പിസോഡില്‍ ബലാല്‍സംഗം ചെയ്ത അക്രമികള്‍ക്കെതിരെ കടുത്ത ശിക്ഷയാണ് പ്രതിനായികയും സഹായിയും ചേര്‍ന്ന് നടപ്പാക്കുന്നത്. അക്രകമികളായ ഗുണ്ടകളുടെ ലിംഗം ഛേദിച്ച് തീയിലെറിയുന്നതാണ് സംപ്രേഷണം ചെയ്തത്. 

സീരിയല്‍ സംപ്രേഷണം ചെയ്തതിന് പിന്നാലെ, ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ അടക്കം കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്. പരാതികള്‍ വ്യാപകമായതോടെയാണ്, ബ്രോഡ്കാസ്റ്റിങ് കണ്ടന്റ് കംപ്ലെയ്ന്റ്്‌സ് അതോറിട്ടി ചാനലിനും സീരിയല്‍ നിര്‍മ്മാതാക്കളായ തിരു പിക്‌ചേഴ്‌സിനും നോട്ടീസ് അയച്ചത്. 

ചാനലിലെ ഉള്ളടക്കത്തെ നിര്‍മ്മാതാക്കളും ചാനല്‍ അധികൃതരും ന്യായീകരിച്ചു. സീരിയല്‍ പ്രേക്ഷകര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നതായും, വേണ്ട മുന്‍കരുതല്‍ സ്വീകരിച്ചിരുന്നുവെന്നുമാണ് ഇവര്‍ വാദിച്ചത്. എന്നാല്‍ ഈ എപ്പിസോഡുകള്‍ പ്രശ്‌നമുള്ളതാണെന്ന് വിലയിരുത്തി അതോറിട്ടി ശിക്ഷ വിധിക്കകുയായിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com