'അങ്ങനെ പറഞ്ഞാല്‍ ഈച്ചയെ ആട്ടി വീട്ടിലിരിക്കേണ്ടി വരും'; 'കോപ്പി സുന്ദര്‍' എന്ന പേരുവീണതിനെ കുറിച്ച് ഗോപി സുന്ദര്‍

സംഗീത സംവിധായകര്‍ അനുഭവിക്കേണ്ടിവരുന്ന മാനസിക സമ്മര്‍ദ്ദങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ഗോപി സുന്ദര്‍
'അങ്ങനെ പറഞ്ഞാല്‍ ഈച്ചയെ ആട്ടി വീട്ടിലിരിക്കേണ്ടി വരും'; 'കോപ്പി സുന്ദര്‍' എന്ന പേരുവീണതിനെ കുറിച്ച് ഗോപി സുന്ദര്‍

ലയാളത്തിലെ മുന്‍നിര സംഗീത സംവിധായകരില്‍ ഒരാളാണ് ഗോപി സുന്ദര്‍. എന്നാല്‍ അദ്ദേഹത്തിന്റെ പാട്ടുകള്‍ കോപ്പിയടിയാണെന്ന പരിഹാസങ്ങള്‍ ഉയരാറുണ്ട്. അതിനാല്‍ തന്നെ കോപ്പി സുന്ദര്‍ എന്ന് ചിലര്‍ അദ്ദേഹത്തെ കളിയാക്കി വിളിക്കാറുണ്ട്. ഇപ്പോള്‍ സംഗീത സംവിധായകര്‍ അനുഭവിക്കേണ്ടിവരുന്ന മാനസിക സമ്മര്‍ദ്ദങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ഗോപി സുന്ദര്‍. ഏതെങ്കിലും ഒരു പാട്ടിനെപ്പോലെയുള്ള പാട്ടുകള്‍ വേണമെന്ന ആവശ്യവുമായാണ് എല്ലാവരും എത്തുക. വ്യത്യസ്തമായ എത്ര ട്യൂണുകള്‍ നല്‍കിയാലും അതുപോലെ വന്നില്ല എന്നാണ് പറയുക. അവസാനം അതുതന്നെ ചെയ്തു കൊടുക്കേണ്ടിവരും. പണ്ട് കാലത്ത് സംഗീത സംവിധാനത്തിന് വളരെ പ്രാധാന്യം ഉണ്ടായിരുന്നെന്നും എന്നാല്‍ ഇന്ന് യാതൊരു വോയ്‌സുമില്ലെന്നും ഗോപി സുന്ദര്‍ കൂട്ടിച്ചേര്‍ത്തു. 

ഗോപി സുന്ദറിന്റെ വാക്കുകള്‍ ഇങ്ങനെ;

ഇന്നത്തെ കാലഘട്ടത്തില്‍ ഒരു സംഗീത സംവിധായകന് അത്രയും ആവിഷ്‌കാര സ്വാതന്ത്ര്യം കിട്ടുന്നുണ്ടോ എന്നു ചോദിച്ചാല്‍ ഇല്ലെന്നു പറയേണ്ടിവരും. ഇന്ന് എല്ലാവര്‍ക്കും അഭിപ്രായസ്വാതന്ത്ര്യമുണ്ട്. അവരുടെയെല്ലാം അഭിപ്രായം കേള്‍ക്കേണ്ട അവസ്ഥയില്‍ ഇരിക്കുകയാണ് ഓരോ ക്രിയേറ്റേഴ്‌സും. ആ പാട്ടു കേട്ടില്ലേ, അതുപോലെ ചെയ്യൂ' എന്നാണ് ഞങ്ങളോട് ആളുകള്‍ പറയുന്നത്. ഏതെങ്കിലും ഒരു പാട്ടിനെപ്പോലെയുള്ള പാട്ടുകള്‍. ഇത്തരത്തില്‍ ആരെങ്കിലും രവീന്ദ്രന്‍ മാഷിനോട് പറയുമോ. അങ്ങനെയെങ്ങാനും അദ്ദേഹത്തോട് പറഞ്ഞിരുന്നുവെങ്കില്‍ അത് മാത്രമേ പറയുന്നയാള്‍ക്ക് ഓര്‍മ കാണൂ. ആ വഴിക്കു പൊയ്‌ക്കോളാന്‍ പറയും. എന്നേപ്പോലുള്ളവര്‍ക്ക് ഒരിക്കലും അങ്ങനെ പറയാന്‍ സാധിക്കില്ല.

സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പറയും 'ഒരു പാട്ടു വേണം, മറ്റേ സിനിമയിലെ ആ പാട്ടുപോലെ തന്നെ വേണം'. അപ്പോ നമ്മള്‍ 'ഓകെ സാര്‍ അതു ഞാന്‍ ചെയ്തുതരാം' എന്ന് വാക്കും നല്‍കും. ചെയ്തുകൊടുക്കുമ്പോള്‍ പറയും കുഴപ്പമില്ല, എന്നാല്‍ അത് അതുപോലെ വന്നില്ല എന്ന്. ഒരു സന്ദര്‍ഭത്തിനു വേണ്ടി 40 ട്യൂണ്‍ ഉണ്ടാക്കിക്കൊടുത്തിട്ടുണ്ട്. പക്ഷേ ആ സമയത്ത് അതുപോലെ വന്നില്ല എന്ന കാരണം കൊണ്ട് അതു മാറ്റപ്പെടുകയാണ്. അങ്ങനെ അതുപോലെ വരാതെ വരാതെ.. ഒടുവില്‍ അതു തന്നെ ചെയ്തു കൊടുത്തു. അപ്പോള്‍ എല്ലാവരും കയ്യടിച്ചു. 'സൂപ്പര്‍! അടിപൊളി പാട്ട്!' എനിക്കൊരു പേരു വീണു, കോപ്പി സുന്ദര്‍. ഇതാണ് ഇപ്പോള്‍ സംഭവിക്കുന്നത്. ഞാന്‍ ആരെയും കുറ്റം പറയുന്നില്ല, ഇതൊന്നും ആരുടെയും തെറ്റല്ല. 

പണ്ട് കാലത്ത് നിര്‍മാതാവിനെ സ്റ്റുഡിയോയുടെ അകത്തേക്ക് കയറ്റുന്നതുപോലും നിയന്ത്രിച്ചിരുന്നു. മ്യൂസിക്, മ്യൂസിഷ്യന്‍സ്, മ്യൂസിക് ഡയറക്ടര്‍... അതു മാത്രമായിരുന്നു സ്റ്റുഡിയോയുടെ അകത്തുണ്ടായിരുന്നത്. അതിനുശേഷമേയുള്ളൂ ബാക്കി എല്ലാവരും. ഇന്ന് അങ്ങനെയല്ല നിര്‍മാതാവുണ്ടാകും. നിര്‍മാതാവിന്റെ വീട്ടുകാരുണ്ടാകും. അടുത്ത വീട്ടിലെ ചേട്ടനുണ്ടാകും. എല്ലാവരും കേള്‍ക്കും പാട്ട്.  അന്നത്തെ കാലത്ത്  സംഗീത സംവിധാനത്തിന് അത്രയും പ്രാധാന്യം ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് നമുക്ക് യാതൊരു വോയ്‌സുമില്ല... മാര്‍ക്കറ്റില്ല. അങ്ങനെയൊരു അവസ്ഥയില്‍ ഇരുന്നുകൊണ്ടാണ് പാട്ടുകള്‍ കമ്പോസ് ചെയ്യുന്നത്. അതിനിടയില്‍ നമ്മള്‍ ഓരോന്ന് ഉണ്ടാക്കി കൊണ്ടുവരുമ്പോള്‍ അത് എങ്ങനെയെങ്കിലുമൊന്ന് റിലീസ് ആയാല്‍ മതിയാരുന്നു അല്ലെങ്കില്‍ ഈ ട്യൂണ്‍ ഒന്നു അപ്രൂവ് ചെയ്താല്‍ മതിയായിരുന്നു. അത്രമാത്രമേ ചിന്തിക്കൂ. 

എല്ലാത്തിനും എനിക്കൊരു ന്യായമുണ്ട്, എന്നില്‍ക്കൂടി വരുന്ന മ്യൂസിക്കാണ്, അതിനെ ഞാന്‍ ഡയറക്ട് ചെയ്യണം. അത് തിരക്കഥയോട് നീതി പുലര്‍ത്തുന്ന അതേ രീതിയില്‍ തന്നെ മനസ്സാക്ഷിയോട് നീതി പുലര്‍ത്തണം. ഈ കാര്യം മനസ്സില്‍ വച്ച് അതിന്റെ ഉത്തരം കണ്ടെത്തുന്നിടത്താണ് ഒരു യഥാര്‍ഥ കലാകാരന്‍ ജനിക്കുന്നതും ജീവിക്കുന്നതും.ഇങ്ങനെ ഒരുപാടു കടമ്പകള്‍ കഴിഞ്ഞിട്ടാണ് ഈ സംഗീതം നിങ്ങള്‍ കേള്‍ക്കുന്ന അവസ്ഥയിലേക്ക് എത്തുന്നത്. 

അന്നത്തെ സംഗീതസംവിധായകര്‍ക്ക് അവരുടെതായ മൂല്യം ഉണ്ടായിരുന്നു. കാരണം, നമുക്ക് കയ്യില്‍ എണ്ണാവുന്നത്ര സംഗീത സംവിധായകരെ അന്നുണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ സംഗീത സംവിധായകരുടെ പേര് പറയുമ്പോള്‍ ആളുകള്‍ക്ക് മാറിപ്പോകും. അന്ന് നാലോ അഞ്ചോ പേരേ ഉള്ളൂ. ഇന്ന് നാല്‍പ്പതിനായിരമോ അമ്പതിനായിരമോ സംഗീതസംവിധായകരുണ്ട്. അന്നത്തെ കാലത്ത് സംഗീതസംവിധായകര്‍ക്ക് അവരുടെതായ സ്വാതന്ത്ര്യം ഉണ്ടായിരുന്നു. അവര്‍ പറയുന്ന വാക്കുകള്‍ക്ക് വിലയുണ്ടായിരുന്നു. അപ്പോള്‍ അവരുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ തലയിടാന്‍ ആരും വരുന്നില്ല. അപ്പോഴാണ് മഹത്തരമായ സംഗീതം ഉണ്ടായത്. ഗോപി സുന്ദര്‍ കൂട്ടിച്ചേര്‍ത്തു. 

പിന്നെ എനിക്കും ശാഠ്യം പിടിക്കാം, ഒരു കലാകാരനെന്ന പേരില്‍, ആര്‍ക്കും വ്യക്തിസ്വാതന്ത്ര്യമുണ്ടല്ലോ. ഇല്ല, ഞാന്‍ ചെയ്യുന്നില്ല, എനിക്ക് എന്റേതായ രീതിയിലേ ചെയ്യാന്‍ പറ്റുകയുള്ളൂ.  അങ്ങനെ പറഞ്ഞാല്‍ പിന്നെ ഞാന്‍ ഈച്ചയെ ആട്ടി വീട്ടിലിരിക്കേണ്ടി വരും. പുറത്തിരുന്നു പറയാന്‍ എളുപ്പമാണ്. അന്നത്തെ കാലത്ത് എന്തൊക്കെ സംഭവിച്ചു എന്ന് നമുക്ക് അറിയില്ല. 'വാഹ് വാഹ്, ഓള്‍ഡ് ഈസ് ഗോള്‍ഡ് എന്നൊക്കെ പറയാം. ശരിയാണ് ഓള്‍ഡ് ഈസ് ഗോള്‍ഡ്'. പക്ഷേ എല്ലാം പഴയതാകുമല്ലോ, അങ്ങനെ വരുമ്പോള്‍ ഈ പഴയതൊക്കെ നന്നാവുമോ എന്ന ചോദ്യം എനിക്കുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com