'സ്റ്റേജില്‍ കയറാന്‍ വല്ലാത്ത പേടിയായിരുന്നു, കയറിയാല്‍ ശബ്ദം പുറത്തുവരില്ല'; സിനിമയില്‍ വരുന്നതിന് മുന്‍പുള്ള ദുല്‍ഖര്‍ സല്‍മാന്‍

സിനിമയില്‍ വന്ന സമയത്ത് തനിക്ക് വല്ലാത്ത അരക്ഷിതത്വ ബോധമുണ്ടായിരുന്നു എന്നാണ് ദുല്‍ഖര്‍ പറയുന്നത്
'സ്റ്റേജില്‍ കയറാന്‍ വല്ലാത്ത പേടിയായിരുന്നു, കയറിയാല്‍ ശബ്ദം പുറത്തുവരില്ല'; സിനിമയില്‍ വരുന്നതിന് മുന്‍പുള്ള ദുല്‍ഖര്‍ സല്‍മാന്‍

ലയാളവും തമിഴും കടന്ന് ബോളിവുഡ് ലോകത്തിന്റെ മനസ് കീഴടക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. താരത്തിന്റെ പുതിയ ഹിന്ദി ചിത്രം സോയ ഫാക്ടര്‍ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ഇന്ന് തന്റെ മുന്നില്‍ നില്‍ക്കുന്നവരെ വളരെ എളുപ്പത്തില്‍ കയ്യിലെടുക്കാന്‍ ദുല്‍ഖറിന് അറിയാം. എന്നാല്‍ സിനിമയില്‍ വന്ന സമയത്ത് തനിക്ക് വല്ലാത്ത അരക്ഷിതത്വ ബോധമുണ്ടായിരുന്നു എന്നാണ് ദുല്‍ഖര്‍ പറയുന്നത്. ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നു പറച്ചില്‍. 

സിനിമയില്‍ എത്തുന്നതിന് മുന്‍പ് സ്റ്റേജില്‍ കയറാന്‍ വല്ലാത്ത ഭയമായിരുന്നെന്നും കയറിയാല്‍ തന്നെ ശബ്ദം പുറത്തേക്ക് വരില്ലെന്നുമാണ് ദുല്‍ഖര്‍ പറയുന്നത്. 'സിനിമയില്‍ വന്ന സമയത്ത് എനിക്ക് വല്ലാത്ത അരക്ഷിതത്വ ബോധമുണ്ടായിരുന്നു. എന്റെ ബാല്യകാലത്തും കൗമാരകാലത്തും ഉള്‍വലിഞ്ഞ പ്രകൃതമായിരുന്നു. സ്‌റ്റേജിലൊക്കെ കയറാന്‍ വല്ലാത്ത പേടിയായിരുന്നു. അഥവാ കയറിയാല്‍ ശബ്ദം പുറത്തേക്ക് വരില്ല. മുംബൈയില്‍ അഭിനയ പഠനത്തിന്റെ ഭാഗമായി വന്നപ്പോഴാണ് അപരിചിതര്‍ക്ക് മുന്നില്‍ സംസാരിക്കാന്‍ ധൈര്യമായത്. അതൊരു വലിയ അനുഭവമായിരുന്നു.' ദുല്‍ഖര്‍ പറഞ്ഞു. 

'മലയാള സിനിമയില്‍ ഒരു പുതിയ ഒരു ട്രെന്‍ഡ് ഉണ്ടായികൊണ്ടിരിക്കുന്ന സമയത്താണ് എന്റെ അരങ്ങേറ്റം. വളരെ റിയലിസ്റ്റിക് ആയി സിനിമ എടുക്കുന്ന ധാരാളം യുവ സംവിധായകര്‍ അവിടെയുണ്ട്. അതുകൊണ്ടു തന്നെ നമ്മള്‍ ചെയ്ത പല സിനിമകളും മറ്റു ഭാഷയിലെ സിനിമാസ്വാദകരും ഏറ്റെടുത്തു.'

ദുല്‍ഖറിന്റെ രണ്ടാമത്ത ഹിന്ദി ചിത്രമാണ് സോയ ഫാക്ടര്‍. കഴിഞ്ഞ വര്‍ഷം റിലീസായ കാര്‍വാനായിരുന്നു ആദ്യ ചിത്രം. എന്നാല്‍ എല്ലാ വര്‍ഷവും ഒരു ഹിന്ദി ചിത്രം ചെയ്യണം എന്ന ബോധപൂര്‍വമായ തീരുമാനമെടുത്തിട്ടില്ലെന്നാണ് താരം പറയുന്നത്. 'ഞാന്‍ ഒരു വര്‍ഷം അഞ്ച് സിനിമ ചെയ്യുമ്പോള്‍ എന്റെ വാപ്പച്ചി ചെയ്യുന്നത് ഏഴ് സിനിമകളോളമാണ്. ഞങ്ങള്‍ക്ക് മലയാളത്തില്‍ തിരക്കിലാണെന്ന് കരുതി ഹിന്ദിയില്‍ തിരക്കഥ കേള്‍ക്കാന്‍ സമയം ഉണ്ടാകില്ല എന്ന് പലരും ചിന്തിക്കുന്നുണ്ട്. എന്നാല്‍ അങ്ങനെയല്ല. നല്ല സിനിമകള്‍ തേടിയെത്തിയാല്‍ ഭാഷയൊന്നും എനിക്ക് വിഷയമല്ല.'

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com