അമിതാഭ് ബച്ചന് ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ് 

ഏകകണ്ഠമായാണ് അമിതാഭ് ബച്ചനെ തെരഞ്ഞെടുത്തതെന്ന് കേന്ദ്രവാര്‍ത്താ വിതരണമന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു
അമിതാഭ് ബച്ചന് ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ് 

ന്യൂഡല്‍ഹി: രാജ്യത്തെ ചലച്ചിത്രമേഖലയിലെ സമഗ്രസംഭാവനയ്ക്ക് നല്‍കുന്ന പരമോന്നത പുരസ്‌കാരമായ ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ് ബോളിവുഡ് താരം അമിതാഭ് ബച്ചന്. ഏകകണ്ഠമായാണ് അമിതാഭ് ബച്ചനെ തെരഞ്ഞെടുത്തതെന്ന് കേന്ദ്രവാര്‍ത്താ വിതരണമന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.

ബിഗ്ബി എന്ന് ഓമനപ്പേരിലറിയപ്പെടുന്ന ബച്ചന്‍ മൂന്ന് തവണ മികച്ച നടനുളള ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയിട്ടുണ്ട്. 1991ല്‍ അഗ്നീപഥ്, 2006ല്‍ ബ്ലാക്ക്, 2010ല്‍ പാ എന്നി ചിത്രങ്ങളിലെ അഭിനയത്തിനായിരുന്നു അവാര്‍ഡ്. ചലച്ചിത്ര രംഗത്തെ ഇദ്ദേഹത്തിന്റെ സംഭാവനകളെ മാനിച്ച് ഭാരത സര്‍ക്കാര്‍ പത്മശ്രീ, പത്മഭൂഷണ്‍ എന്നിവ നല്‍കി ആദരിച്ചിട്ടുണ്ട്. 

1969ല്‍ ഖ്വാജാ അഹ്മദ് അബ്ബാസ് സംവിധാനം ചെയ്ത സാത്ത് ഹിന്ദുസ്ഥാനി എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്തെത്തിയത്. വാണിജ്യപരമായി വിജയിച്ചില്ലെങ്കിലും  ചിത്രത്തിലെ അഭിനയം മികച്ച പുതുമുഖത്തിനുള്ള ദേശിയ പുരസ്‌കാരം ബച്ചന് നേടിക്കൊടുത്തു. 1971ല്‍ സുനില്‍ദത്ത് സംവിധാനം ചെയ്ത രേഷ്മ ഓര്‍ ഷേറ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ബച്ചന്‍ ബോളിവുഡ് സിനിമാലോകത്ത് ശ്രദ്ധേയനായി.

1971ല്‍ തന്നെ പുറത്തിറങ്ങിയ, ഹൃഷികേശ് മുഖര്‍ജീ സംവിധാനം ചെയ്ത ആനന്ദ് എന്ന ചലച്ചിത്രത്തിലെ ദോഷൈകദൃക്കായ ഡോക്ടറുടെ വേഷം ബച്ചനു ആ വര്‍ഷത്തെ മികച്ച സഹനടനുള്ള ഫിലിംഫെയര്‍ പുരസ്‌കാരം നേടിക്കൊടുത്തു. പരമ്പരാഗത നായകവേഷങ്ങളെ തിരസ്‌കരിച്ച് ക്ഷുഭിതയുവാവിന്റെ വേഷം അവതരിപ്പിച്ച 1973ലെ സഞ്ചീര്‍ എന്ന ചിത്രം അമിതാബ് ബച്ചനെ സൂപ്പര്‍ സ്റ്റാറാക്കി. 

ആയുധംകൊണ്ട് അനീതികളെ ചെറുക്കുന്ന ഒരു കഥാപാത്രത്തെയാണ് ഇദ്ദേഹം ഈ ചിത്രത്തില്‍ അവതരിപ്പിച്ചത്. 1975ല്‍ അടിയന്തരാവസ്ഥകാലത്തെ സുപ്രസിദ്ധ ഹിറ്റ് ചിത്രമായ ഷോലെ വന്‍ജനപ്രീതി നേടി. അമര്‍ അക്ബര്‍ ആന്റണി, ദോസ്തി, കൂലി എന്നീ ചിത്രങ്ങളും അമിതാബ് ബച്ചന്റെ അഭിനയ പാടവം തുറന്നു കാട്ടുന്നു. 2010ല്‍ മേജര്‍ രവി സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായ കാണ്ഡഹാര്‍ എന്ന മലയാളചിത്രത്തിലും അഭിനയിച്ചു. ഇതിനിടയില്‍ രാഷ്ട്രീയത്തിലും ഇദ്ദേഹം കൈവച്ചിട്ടുണ്ട്. 2017ല്‍ നടന്‍ വിനോദ് ഖന്നയ്ക്കാണ് പുരസ്‌കാരം ലഭിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com