''എന്റെ സാഹചര്യത്തില്‍ നിന്ന് യക്ഷിയെ പോയിട്ട് ഒരു ഈനാംപേച്ചിയെ എടുക്കാന്‍ നിങ്ങളെക്കൊണ്ട് കഴിയുമോ''?: വിമര്‍ശനങ്ങള്‍ക്കെതിരെ വിനയന്‍

ഇതിനിടെ തന്നെ നിരുത്സാഹപ്പെടുത്താനും നോവിക്കാനും ശ്രമിക്കുന്നവര്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് വിനയന്‍.
''എന്റെ സാഹചര്യത്തില്‍ നിന്ന് യക്ഷിയെ പോയിട്ട് ഒരു ഈനാംപേച്ചിയെ എടുക്കാന്‍ നിങ്ങളെക്കൊണ്ട് കഴിയുമോ''?: വിമര്‍ശനങ്ങള്‍ക്കെതിരെ വിനയന്‍

വിനയന്റെ ആകാശഗംഗ എന്ന ചിത്രം പ്രേക്ഷകര്‍ക്ക് ഒരിക്കലും മറക്കാനാവില്ല. മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ഹൊറര്‍ ചിത്രങ്ങളിലൊന്നായിരുന്നു ഈ ചിത്രം. ദിവ്യ ഉണ്ണിയും റിയാസും മയൂരിയും പ്രധാനവേഷങ്ങളിലെത്തിയ ആകാശഗംഗ തിയേറ്ററുകളില്‍ വലിയ നേട്ടം കൈവരിച്ച ചിത്രമായിരുന്നു.

ഇപ്പോള്‍ ഇരുപത് വര്‍ഷത്തിന് ശേഷം ആകാശഗംഗയുടെ രണ്ടാം ഭാഗവുമായി എത്തുകയാണ് സംവിധായകന്‍. ഇതിനിടെ തന്നെ നിരുത്സാഹപ്പെടുത്താനും നോവിക്കാനും ശ്രമിക്കുന്നവര്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് വിനയന്‍. തന്റെ യൂട്യൂബ് ചാനലായ വിനയന്‍ എന്റര്‍ടെയ്‌ന്മെന്റസിലൂടെയാണ് സംവിധായകന്‍ തന്റെ പുതിയ ചിത്രത്തെക്കുറിച്ചും തന്നെ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചവരെക്കുറിച്ചും മനസ് തുറന്നത്. 

യക്ഷിയും ഞാനും പോലെയുള്ള ഒരു ചിത്രം ആവരുത് ആകാശഗംഗ 2 എന്ന് ചിലര്‍ പറഞ്ഞിരുന്നുവെന്നും അവരോടായി തനിക്ക് ചിലത് പറയാനുണ്ടെന്നും പറഞ്ഞു കൊണ്ടാണ് വിനയന്‍ താന്‍ ഒരുകാലത്ത് അനുഭവിച്ച കടുത്ത പ്രതിസന്ധികളെക്കുറിച്ച് തുറന്നു പറഞ്ഞത്

'ഞാന്‍ മലയാള സിനിമയില്‍ വന്നിട്ട് 29 വര്‍ഷമായി. ഒത്തിരി നല്ല സിനിമകള്‍ നിങ്ങള്‍ക്ക് തന്നിട്ടുണ്ട്. അതോടൊപ്പം മോശം സിനിമകളും എന്റെ ഉണ്ടായിട്ടുണ്ട്. പക്ഷേ ഒരാളെ കൈയും കാലു കെട്ടിയിട്ടിട്ട്, ചങ്ങലയ്ക്ക് ഇട്ടിട്ട് അയാളോട് നടക്കാന്‍ പറയുക. എന്നിട്ട് അത് കണ്ടിട്ട് നടപ്പ് ശരിയായില്ല, കൈവീശല്‍ ശരിയായില്ല എന്നൊക്ക പറയുന്നതുപോലെയാണ് 2008നും 2018നും ഇടയില്‍ ഇറങ്ങിയ ചില സിനിമകളെ എടുത്തിട്ട് എന്റെ ചിത്രങ്ങളെ താരതമ്യം ചെയ്യുന്നത്. അത് എന്നോട് ഇപ്പോഴും ദേഷ്യമുള്ള ചില സുഹൃത്തുക്കളുണ്ട് എന്നതിന് തെളിവാണ്.

കാരണം, ഒരു ടെക്‌നീഷ്യനും ഇല്ലാതെ ഒരു സീനെടുക്കുന്നതിനിടയില്‍ മൂന്ന് ക്യാമറാന്മാരെ, പുതിയ പിള്ളേരെ പോലും തരാതെ ഒരു സാമഗ്രികള്‍ ഇല്ലാതെ അവസാനം കൈയ്യില്‍ കിട്ടിയ ക്യാമറയ്ക്ക് ഷൂട്ട് ചെയ്യേണ്ടി വരിക. അങ്ങനെ ഒരു സാങ്കേതിക സഹായവും കിട്ടാതെ മലയാള സിനിമ ഇനി വിനയന്‍ ചെയ്യേണ്ട എന്ന് തീരുമാനിച്ചിരിക്കുന്ന സാഹചര്യത്തില്‍, ഞാന്‍ സിനിമ ചെയ്യും അതെന്റെ ജീവിതമാണ്, ഞാന്‍ സിനിമ ചെയ്ത് കാണിച്ചു തരും എന്ന ത്വരയോടെ ഞാന്‍ സിനിമ ചെയ്യുകയാണ്. അപ്പോള്‍ ആ സിനിമയ്ക്ക് പെര്‍ഫക്ഷനില്ല, കളറിങിന് പ്രശ്‌നമുണ്ട് ക്യാമറയ്ക്ക് പ്രശ്‌നമുണ്ട് എന്നൊക്കെ വിമര്‍ശിക്കാം.പക്ഷേ ഞാന്‍ അത് എങ്ങനെ ഏത് സാഹചര്യത്തില്‍ എടുത്തു, എന്ന് ചിന്തിക്കണം.' 

വിമര്‍ശിച്ചവരില്‍ ചില സംവിധായകരെയും ഞാന്‍ കണ്ടിരുന്നു. അവരോട് ഞാന്‍ ചോദിക്കുകയാണ്. ഞാന്‍ അഭിമുഖീരിച്ച ആ സാഹചര്യത്തില്‍ നിന്ന് കൊണ്ട് യക്ഷിയെ പോയിട്ട് ഒരു ഈനാംപേച്ചിയെ എടുക്കാന്‍ നിങ്ങള്‍ക്കാകുമോ. പറ്റില്ല. ആ സമയത്ത് നമുക്ക് എഴുതാനോ ചിന്തിക്കാനോ പോലും പറ്റില്ല. എന്റെ ചിത്രത്തിലെ ഫൈറ്റ് മാസ്റ്റര്‍ ആയ മാഫിയ ശശിയെ സംവിധായക സംഘടനയിലെ ഒരു പ്രമുഖനായ വ്യക്തി ഒരു കാര്യം പറയാനുണ്ടെന്നും പറഞ്ഞ് അവിടെ നിന്നും കാറില്‍ കയറ്റിക്കൊണ്ട് പോയിട്ടുണ്ട്. അവരോടൊന്നും എതിര്‍ക്കാന്‍ ഇവര്‍ക്ക് പറ്റില്ല. വിനയന്റെ ഭാഗത്ത് എന്തോ തെറ്റുണ്ടെന്ന് ചിന്തിച്ച ജനങ്ങളുണ്ട്. കാരണം ഞാന്‍ ഒറ്റയ്ക്ക് ഒരു ഭാഗത്ത്, മറുഭാഗത്ത് വലിയ മഹാമേരുക്കള്‍..

ഒടുവില്‍ ഞാന്‍ കേരള ഹൈക്കോടതിയിലും മറ്റും പോയി എന്റെ ഭാഗം ശരിയാണെന്ന് കാണിച്ച് കൊടുത്തതിന് ശേഷമാണ് പലരും സത്യം മനസിലാക്കിയത്. ഒരു ചെറിയ വിഭാഗം സംവിധായകരുടെ, ടെക്‌നീഷ്യന്മാരുടെ, ഒന്നോ രണ്ടോ നടന്മാരുടെ വൈരാഗ്യ ബുദ്ധിയാണ് എല്ലാവരെയും എനിക്ക് എതിരാക്കിയത്. അങ്ങനെ എന്റെ കൈയ്യും കാലും പൂട്ടിയ അവസ്ഥയില്‍ അതിന് നില്‍ക്കാതെ ഞാന്‍ പോരാടി തെളിയിച്ച സിനിമകളെ എടുത്തിട്ടാണ് നിങ്ങള്‍ എന്റെ സിനിമകളെ ഇപ്പോള്‍ മോശമാക്കാന്‍ ശ്രമിക്കുന്നതെങ്കില്‍ വലിയ കഷ്ടമാണ്..അത്രയും വലിയ വൈരാഗ്യ ബുദ്ധി എന്നോട് വേണോ എന്ന് ഞാന്‍ ചോദിക്കുകയാണ് 'വിനയന്‍ പറഞ്ഞു.

1993ലാണ് ആകാശഗംഗ പുറത്തിറങ്ങുന്നത്. ചിത്രത്തില്‍ ദിവ്യ ഉണ്ണിയും റിയാസും അവതരിപ്പിച്ച കഥാപാത്രങ്ങളുടെ മകളാണ് ആകാശഗംഗ 2ല്‍ പ്രധാന കഥാപാത്രമാകുന്നത്. 

പുതുമുഖം ആരതിയാണ് ചിത്രത്തില്‍ നായിക. രമ്യാ കൃഷ്ണന്‍, ശ്രീനാഥ് ഭാസി, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സലിം കുമാര്‍, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, രാജാമണി, ഹരീഷ് പേരടി, സുനില്‍ സുഗത, ഇടവേള ബാബു, റിയാസ്, സാജു കൊടിയന്‍, നസീര്‍ സംക്രാന്തി, രമ്യ കൃഷ്ണന്‍, പ്രവീണ, തെസ്‌നി ഖാന്‍, വത്സലാ മേനോന്‍, ശരണ്യ തുടങ്ങിയവരാണ് സിനിമയിലെ മറ്റു താരങ്ങള്‍.

ആകാശ് ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന  ചിത്രത്തിന്റെ ഛായാഗ്രഹണം പ്രകാശ് കുട്ടി നിര്‍വഹിക്കുന്നു. ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് ബിജിബാല്‍ സംഗീതം പകരുന്നു. ചിത്രം നവംബര്‍ ഒന്നിന് തിയറ്ററുകളിലെത്തും'- വിനയന്‍ പറഞ്ഞ് നിര്‍ത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com