'കറുത്തമ്മാ... എന്നെ ഉപേക്ഷിച്ചിട്ട് കറുത്തമ്മക്ക് പോകാനാകുമോ?; വീണ്ടും ആ മധുരം നുകര്‍ന്ന് മധു 

നേട്ടങ്ങളും കോട്ടങ്ങളും പിന്നിട്ട് മലയാള സിനിമ എണ്‍പത്തഞ്ചാം പിറന്നാളിന്റെ പടിവാതില്ക്കല്‍ എത്തി നില്ക്കുമ്പോള്‍ മലയാളത്തിന്റെ മധുസാറിന് ഇത് എണ്‍പതിന്റെ നിറവ്.
'കറുത്തമ്മാ... എന്നെ ഉപേക്ഷിച്ചിട്ട് കറുത്തമ്മക്ക് പോകാനാകുമോ?; വീണ്ടും ആ മധുരം നുകര്‍ന്ന് മധു 

'കറുത്തമ്മാ..കറുത്തമ്മ എന്നെ ഉപേക്ഷിച്ചു പോവുകയാണോ? എന്നെ ഉപേക്ഷിച്ച് കറുത്തമ്മയ്ക്കു പോകാനാകുമോ? കറുത്തമ്മ പോയാല്‍ ഞാനീ കടാപ്പുറത്തു പാടിപ്പാടി മരിക്കും..' പരീക്കുട്ടിയുടെ ഹൃദയഭേദകമായ ആ വാക്കുകള്‍ വീണ്ടും വലിയ സ്‌ക്രീനില്‍ അവതരിപ്പിച്ചപ്പോള്‍ അത് കാണാന്‍ സദസ്യര്‍ക്കിടയില്‍ പരീക്കുട്ടിയെ അവതരിപ്പിച്ച നടന്‍ മധുവും ഉണ്ടായിരുന്നു.

മധുവിന്റെ 86ാം ജന്മദിനത്തില്‍ പ്രസ്‌ക്ലബ് സംഘടിപ്പിച്ച 'മധു മധുരം തിരുമധുരം' ആദരിക്കല്‍ ചടങ്ങിലാണ് വീണ്ടും ആ സിനിമാശകലം പ്രദര്‍ശിപ്പിച്ചത്. 65ല്‍ രാഷ്ട്രപതിയുടെ ആദ്യത്തെ സ്വര്‍ണ്ണമെഡല്‍ മലയാളത്തിലേക്ക് കൊണ്ടുവന്ന ചെമ്മീനിലെ പളനിയായി സത്യനും ചെമ്പന്‍കുഞ്ഞായി കൊട്ടാരക്കര ശ്രീധരന്‍നായരും കറുത്തമ്മയായി ഷീലയും അഭിനയകലയുടെ ഉന്നത സാക്ഷാത്കാരങ്ങള്‍ നേടിയപ്പോള്‍ ഒരിക്കലും അടങ്ങാത്ത കടലിലെ ഓളംപോലെ കരളില്‍ നിറയെ മോഹവുമായി പുറക്കാട്ട് കടപ്പുറത്ത് കറുത്തമ്മയെ തേടിയലഞ്ഞ പരീക്കുട്ടിയെന്ന ദുരന്തകാമുകനിലൂടെ മലയാള സിനിമാസ്വാദകരുടെ ഹൃദയത്തില്‍ ചിരപ്രതിഷ്ഠ നേടുകയായിരുന്നു മധു എന്ന നടന്‍. 

നേട്ടങ്ങളും കോട്ടങ്ങളും പിന്നിട്ട് മലയാള സിനിമ എണ്‍പത്തഞ്ചാം പിറന്നാളിന്റെ പടിവാതില്ക്കല്‍ എത്തി നില്ക്കുമ്പോള്‍ മലയാളത്തിന്റെ മധുസാറിന് ഇത് എണ്‍പതിന്റെ നിറവ്. 300 ലേറെ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയുടെ ചരിത്രവളര്‍ച്ചക്കൊപ്പം നിറഞ്ഞാടിനിന്ന ഈ പ്രതിഭാധനനെ മലയാളി ഇന്നും ഹൃദയത്തോടു ചേര്‍ത്തുനിര്‍ത്തുന്നു. 

അദ്ദേഹത്തിന്റെ 86ാം ജന്‍മദിനമായ ഇന്നലെ തിരുവനന്തപുരം പ്രസ് ക്ലബ് ഒരുക്കിയ 'മധു മധുരം തിരുമധുരം' പരിപാടിയില്‍ പങ്കെടുക്കാന്‍ ചലച്ചിത്ര പ്രവര്‍ത്തകരും സിനിമാപ്രേമികളും ഒഴുകിയെത്തുകയായിരുന്നു. 

മുന്നൂറിലേറെ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയുടെ വളര്‍ച്ചയ്‌ക്കൊപ്പം സഞ്ചരിച്ച പ്രതിഭാശാലിയായ അഭിനേതാവാണു മധുവെന്നു ചടങ്ങ് ഉദ്ഘാടനം ചെയ്ത മന്ത്രി എകെ ബാലന്‍ പറഞ്ഞു.  നടന്‍, നിര്‍മാതാവ്, സംവിധായകന്‍, ചലച്ചിത്ര സ്റ്റുഡിയോ സ്ഥാപകന്‍, സിനിമാസംഘടനയുടെ അമരക്കാരന്‍ തുടങ്ങി സിനിമയില്‍ മധു കടന്നുപോകാത്ത മേഖലകള്‍ കുറവാണ്. കാലം എക്കാലവും ഓര്‍മിച്ചു വയ്ക്കുന്ന ഒട്ടേറെ കഥാപാത്രങ്ങള്‍ക്കു ഈ അനുഗൃഹീത നടന്‍ വേഷപ്പകര്‍ച്ച നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.

സിനിമയുടെ കാലാനുസൃതമായ മാറ്റങ്ങള്‍ക്കിടയിലൂടെ സഞ്ചരിച്ച പ്രതിഭാശാലിയാണ് മധുവെന്നു ചലച്ചിത്രസംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. എംഎല്‍എമാരായ വിഎസ് ശിവകുമാര്‍, ഒ രാജഗോപാല്‍, മുകേഷ്, സംവിധായകന്‍, ഷാജി എന്‍ കരുണ്‍, ശ്രീകുമാരന്‍ തമ്പി, പന്ന്യന്‍ രവീന്ദ്രന്‍, കെജി പരമേശ്വരന്‍നായര്‍ അഭിനേതാക്കളായ ഇന്ദ്രന്‍സ്, സുധീര്‍ കരമന, മേനക, മജീഷ്യന്‍ ഗോപിനാഥ് മുതുകാട്, നിര്‍മാതാവ് ജി സുരേഷ്‌കുമാര്‍,  പ്രസ് ക്ലബ് സെക്രട്ടറി എം രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

മലയാളികള്‍ക്ക് തന്നോട് ഇഷ്ടമുണ്ടെന്ന് അറിയാമെങ്കിലും അതിയായ സ്‌നേഹമുണ്ടെന്നു ചടങ്ങില്‍ പങ്കെടുത്തതിലൂടെ ബോധ്യമായെന്നു തിങ്ങി നിറഞ്ഞ സദസിനെ സാക്ഷിയാക്കി മധു പറഞ്ഞു. 56 വര്‍ഷത്തെ മധുവിന്റെ സംഭാവനകള്‍ ഉള്‍ക്കൊള്ളുന്ന വെബ്‌സൈറ്റ് ശ്രീകുമാരന്‍ തമ്പി പ്രകാശനം ചെയ്തു. മധുവിന്റെ മരുമകന്‍ കൃഷ്ണകുമാര്‍ ആണു വെബ്‌സൈറ്റ് തയാറാക്കിയത്. നടന്‍ മോഹന്‍ലാല്‍ കൊടുത്തയച്ച പുഷ്‌പോപഹാരം ചടങ്ങില്‍ മധുവിനു കൈമാറി. വിവിധ സീരിയില്‍- സിനിമ സംഘടനകളുടെ ഉപഹാരവും അദ്ദേഹത്തിനു കൈമാറി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com