വിജയ്‌യുടെ തീപ്പൊരി പ്രസംഗം, കയ്യടിച്ച് ആരാധകര്‍, പിന്നാലെ വേദിയായ കോളജിന് സര്‍ക്കാരിന്റെ നോട്ടീസ്; രോഷം 

ചിത്രത്തിന്റെ  ഓഡിയോ ലോഞ്ചിന് വേദിയായ ചെന്നൈയിലെ സായിറാം എന്‍ജിനിയറിങ്  കോളജിന് സര്‍ക്കാര്‍ ഇപ്പോള്‍ നോട്ടീസ് അയച്ചിരിക്കുകയാണ്
വിജയ്‌യുടെ തീപ്പൊരി പ്രസംഗം, കയ്യടിച്ച് ആരാധകര്‍, പിന്നാലെ വേദിയായ കോളജിന് സര്‍ക്കാരിന്റെ നോട്ടീസ്; രോഷം 

ചെന്നൈ: ഇളയ ദളപതി വിജയ്‌യുടെ പുതിയ ചിത്രത്തിനായുളള കാത്തിരിപ്പിലാണ് ആരാധകര്‍. അടുത്തിടെ പുറത്തിറങ്ങിയ വിജയ് ചിത്രങ്ങളെല്ലാം തന്നെ റിലീസിന് മുന്‍പ് വലിയ ചര്‍ച്ചയായിട്ടുണ്ട്. ഇപ്പോഴിതാ ബിഗില്‍ എന്ന ചിത്രവും അത്തരത്തിലൊരു വിവാദത്തിലേക്ക് കടക്കുകയാണ്. 

ചിത്രത്തിന്റെ  ഓഡിയോ ലോഞ്ചിന് വേദിയായ ചെന്നൈയിലെ സായിറാം എന്‍ജിനിയറിങ്  കോളജിന് സര്‍ക്കാര്‍ ഇപ്പോള്‍ നോട്ടീസ് അയച്ചിരിക്കുകയാണ്. ഉന്നതവിദ്യാഭ്യാസ വകുപ്പാണ് നോട്ടീസ് അയച്ചത്. ചടങ്ങിന് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ നല്‍കാനാണ് നിര്‍ദേശം. സര്‍ക്കാര്‍ നീക്കത്തിന് പിന്നില്‍ വിജയ് നടത്തിയ പ്രസംഗമാണെന്നാണ് ഉയരുന്ന ചര്‍ച്ച.

കൃത്യമായ രാഷ്ട്രീയം വ്യക്തമാക്കുന്ന തരത്തിലായിരുന്നു വിജയ്‌യുടെ പ്രസംഗത്തിലെ ഓരോ വാക്കുകളുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചെന്നൈയില്‍ ഫ്‌ലക്‌സ് വീണ് യുവതി മരിച്ച സംഭവം വിജയ് എടുത്ത് പറഞ്ഞതാണ് ഇപ്പോള്‍ സര്‍ക്കാരിനെ ചൊടിപ്പിച്ചതെന്നാണ് സൂചന. ഇതിന് പിന്നാലെയാണ് ചടങ്ങിന് വേദിയായ എന്‍ജിനിയറിങ് കോളജിന് നോട്ടീസ് ലഭിച്ചത്. 

യുവതിയുടെ മരണത്തില്‍ ഫ്‌ലക്‌സ് പ്രിന്റ് ചെയ്തവരും, ലോറി ഡ്രൈവറും
മാത്രമാണ് പിടിയിലായതെന്നും, ആദ്യം ജയിലിലാകേണ്ടവര്‍ പുറത്ത് വിലസുകയാണെന്നുമായിരുന്നു വിജയ് പറഞ്ഞിരുന്നു.  കോളജിന് നോട്ടീസ് അയച്ച നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെയും കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com