'500 ഡോളറിന് അമ്മ എന്നെ വിറ്റു, വീടിനു വെളിയില്‍ താക്കോലുമായി അയാള്‍ കാത്തുനിന്നു'; ഹോളിവുഡ് നടിയ്ക്ക് 15ാം വയസില്‍ നേരിടേണ്ടിവന്നത്

തന്റെ ആത്മകഥയായ ഇന്‍സൈഡ് ഔട്ടിലാണ് താരത്തിന്റെ തുറന്നു പറച്ചില്‍
'500 ഡോളറിന് അമ്മ എന്നെ വിറ്റു, വീടിനു വെളിയില്‍ താക്കോലുമായി അയാള്‍ കാത്തുനിന്നു'; ഹോളിവുഡ് നടിയ്ക്ക് 15ാം വയസില്‍ നേരിടേണ്ടിവന്നത്

15ാം വയസ്സില്‍ തന്റെ ജീവിതത്തില്‍ നേരിടേണ്ടിവന്ന ക്രൂരതകള്‍ തുറന്നു പറഞ്ഞ് ഹോളിവുഡ് നടി ഡെമി മൂര്‍. 500 ഡോളറിന് വേണ്ടി അമ്മ തന്നെ മറ്റൊരാള്‍ക്ക് വിറ്റുവെന്നും അയാള്‍ തന്നെ മാനഭംഗത്തിന് ഇരയാക്കിയെന്നുമാണ് മൂര്‍ പറയുന്നത്. തന്റെ ആത്മകഥയായ ഇന്‍സൈഡ് ഔട്ടിലാണ് താരത്തിന്റെ തുറന്നു പറച്ചില്‍. 

അമിത മദ്യപാനിയായിരുന്നു ഡെമി മൂറിന്റെ അമ്മ. മൂറിന് 15 വയസ്സുള്ളപ്പോള്‍ അമ്മ  മകളെ മദ്യപാനകേന്ദ്രങ്ങളില്‍ കൊണ്ടുപോകുമായിരുന്നു. പുരുഷന്‍മാര്‍ തന്നെയും തന്റെ മകളെയും ശ്രദ്ധിക്കാന്‍വേണ്ടിയായിരുന്നു അവരുടെ യാത്രകള്‍. ഒരുരാത്രി മൂര്‍ തനിച്ചു വീട്ടിലെത്തുമ്പോള്‍ ഒരു പുരുഷന്‍ വീടിന്റെ താക്കോലുമായി വാതില്‍ക്കല്‍ നില്‍ക്കുന്നു. അയാള്‍ അന്ന് മൂറിനെ ലൈംഗികമായി ദുരുപയോഗിച്ചു. മാനഭംഗം തന്നെ. ജീവിതത്തിലെ അതിക്രൂരമായ സംഭവം. അപമാനിച്ചതിനുശേഷം അയാള്‍ മൂറിനോട് ചോദിച്ചു: '500 ഡോളറിന്റെ ലൈംഗികാനുഭവം എങ്ങനെയുണ്ട്?'

അപ്പോഴാണ് മൂറിന് മനസ്സിലാകുന്നത് അമ്മ തന്നെ വില്‍ക്കുകയായിരുന്നുവെന്ന്. 500 ഡോളറിനുവേണ്ടി. അതേ, അമ്മ മകളുടെ മാനഭംഗത്തിനു കൂട്ടുനില്‍ക്കുകയായിരുന്നു. ഒരു അന്യപുരുഷനില്‍നിന്ന് 500 ഡോളര്‍ വാങ്ങി, അയാള്‍ക്ക് വീടിന്റെ താക്കോലും കൊടുത്ത് മകളെ അപമാനിക്കാന്‍ കൂട്ടുനില്‍ക്കുന്ന അമ്മ. അതായിരുന്നു തന്റെ ജീവിതത്തിലെ ആദ്യ ലൈംഗികാതിക്രമമെന്നും അപമാനമെന്നും മൂര്‍ ഓര്‍മിക്കുന്നു. മാനഭംഗം മാത്രമായിരുന്നില്ല വഞ്ചന കൂടിയായിരുന്നു അന്നത്തെ അനുഭവമെന്നും മൂര്‍ പറയുന്നു. ആത്മകഥ പ്രകാശനവുമായി ബന്ധപ്പെട്ട് നടന്ന ചടങ്ങിലായിരുന്നു തുറന്നു പറച്ചില്‍. 

ഇതെല്ലാം അതിജീവിച്ചാണ് മൂര്‍ അമേരിക്കന്‍ സിനിമയില്‍ തന്റേതായ സ്ഥാനം നേടിയെടുത്തത്. സ്വകാര്യജീവിതത്തെക്കുറിച്ചും സിനിമയില്‍ നേരിടേണ്ടിവന്നിട്ടുള്ള അപമാനങ്ങളെക്കുറിച്ചും താരം തുറന്നുപറഞ്ഞിട്ടുണ്ട് ഇന്‍സൈഡ് ഔട്ടിലൂടെ. സെപ്റ്റംബര്‍ 24നാണ് പുസ്തകം പുറത്തിറങ്ങിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com