കേരളം എന്തുകൊണ്ട് 'മോഡിഫൈഡ്' ആവുന്നില്ലെന്ന് ചോദ്യം; നാടും അച്ഛനും കമ്യൂണിസ്റ്റാണെന്ന് ജോണ്‍ എബ്രഹാം; വിഡിയോ

നിങ്ങള്‍ക്ക് ഒരു ക്ഷേത്രവും ക്രിസ്ത്യന്‍മുസ്‌ലിം പള്ളികളും പത്ത് മീറ്റര്‍ അകലത്തില്‍ കാണാനാവും. അവയൊക്കെ സമാധാനത്തോടെ, പ്രശ്‌നങ്ങളൊന്നുമില്ലാതെ നിലനില്‍ക്കുന്നു
കേരളം എന്തുകൊണ്ട് 'മോഡിഫൈഡ്' ആവുന്നില്ലെന്ന് ചോദ്യം; നാടും അച്ഛനും കമ്യൂണിസ്റ്റാണെന്ന് ജോണ്‍ എബ്രഹാം; വിഡിയോ

പാതിമലയാളിയായ ബോളിവുഡ് സൂപ്പര്‍ താരമാണ് ജോണ്‍ എബ്രഹാം. കേരളത്തോടുള്ള സ്‌നേഹം തുറന്നു പറയാന്‍ താരം മടികാണിക്കാറില്ല. ഇപ്പോള്‍ കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് വാചാലനായിരിക്കുകയാണ് താരം. കേരളത്തില്‍ ബിജെപി എന്തുകൊണ്ടാണ് പച്ചപിടിക്കാത്തത് എന്ന അവതാരികയുടെ ചോദ്യത്തിനായിരുന്നു കേരളത്തിലെ മതേതരത്വ മനസിനെക്കുറിച്ച് താരം പറഞ്ഞത്. മലയാളിയായ മാധ്യമപ്രവര്‍ത്തകന്‍ മുരളി കെ മേനോന്റെ ആദ്യ നോവലായ ദി ഗോഡ് ഹു ലവ്ഡ് മോട്ടോര്‍ബൈക്ക്‌സിന്റെ പ്രകാശനത്തിന് പങ്കെടുക്കുകയായിരുന്നു താരം. 

'കേരളം എന്തുകൊണ്ടാണ് ഇതുവരെ 'മോഡിഫൈഡ്' ആവാത്തത്? മറ്റിടങ്ങളില്‍ നിന്ന് മലയാളികളെ വ്യത്യസ്തരാക്കുന്നത് എന്താണ്'? എന്നായിരുന്നു പരിപാടിയുടെ മോഡറേറ്ററായിരുന്ന നമ്രത സക്കറിയയുടെ ചോദ്യം. കേരളത്തിന് കമ്യൂണിസ്റ്റ് മനസാണെന്നും ക്ഷേത്രവും ക്രിസ്ത്യന്‍ മുസ്ലീം പള്ളികളുമെല്ലാം പത്ത് മീറ്റര്‍ അകലത്തില്‍ വളരെ സമാധാനത്തോടെയാണ് നിലകൊള്ളുന്നത് എന്നുമായിരുന്നു താരത്തിന്റെ മറുപടി. 

'അതാണ് കേരളത്തിന്റെ സൗന്ദര്യം. നിങ്ങള്‍ക്ക് ഒരു ക്ഷേത്രവും ക്രിസ്ത്യന്‍മുസ്‌ലിം പള്ളികളും പത്ത് മീറ്റര്‍ അകലത്തില്‍ കാണാനാവും. അവയൊക്കെ സമാധാനത്തോടെ, പ്രശ്‌നങ്ങളൊന്നുമില്ലാതെ നിലനില്‍ക്കുന്നു. അത്തരത്തിലുള്ള പ്രശ്‌നങ്ങളൊന്നും അവിടെയില്ല. മുഴുവന്‍ ലോകവും ധ്രുവീകരിക്കപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍, മതങ്ങള്‍ക്കും സമുദായങ്ങള്‍ക്കും സമാധാനത്തോടെയുള്ള സഹജീവനത്തിന് കഴിയുന്ന പ്രദേശത്തിന് ഉദാഹരണമാണ് കേരളം.'

ക്യൂബന്‍ കമ്യൂണിസ്റ്റ് നേതാവ് ഫിദല്‍ കാസ്‌ട്രോയുടെ മരണസമയത്ത് ഞാന്‍ കേരളം സന്ദര്‍ശിച്ചിരുന്നു.ആ സമയത്ത് ഞാന്‍ കേരളത്തില്‍ പോയിരുന്നു. കാസ്‌ട്രോയുടെ മരണത്തില്‍ അനുശോചനം അറിയിച്ചുള്ള പോസ്റ്ററുകളും ഹോര്‍ഡിംഗുകളും എമ്പാടും എനിക്ക് കാണാന്‍കഴിഞ്ഞു. അത്തരത്തില്‍ കേരളം ശരിക്കും കമ്യൂണിസ്റ്റ് ആണ്. എന്റെ അച്ഛനും ഒരു കമ്യൂണിസ്റ്റാണ്. അച്ഛന്‍ കാരണം കുറേയേറെ മാര്‍ക്‌സിസ്റ്റ് സംഗതികള്‍ ഞാന്‍ വായിച്ചിട്ടുണ്ട്. ഒരുപാട് മലയാളികളില്‍ ഒരു ഇടതുപക്ഷ സമീപനമുണ്ട്. നമ്മളെല്ലാം വിശ്വസിക്കുന്നത് സമത്വപൂര്‍വ്വമുള്ള ജീവിതത്തിലും സമ്പത്തിന്റെ തുല്യമായ വിതരണത്തിലുമാണ്. അതിന്റെ തിളങ്ങുന്ന ഉദാഹരണമാണ് കേരളം' ജോണ്‍ എബ്രഹാം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com