'ജനം' സിനിമയിലെ 'എല്ലാവരും' രാഷ്ട്രീയത്തിലെത്തി, ഒടുവില്‍ കാപ്പനും; കുറിപ്പ്‌ 

പാലായിൽ കെ എം മാണിയ്ക്ക് പിൻഗാമിയായി മാണി സി കാപ്പൻ തെരഞ്ഞെടുക്കപ്പെടുന്ന സാഹചര്യത്തിൽ കാപ്പൻ്റെ സിനിമകളിലെ രാഷ്ട്രീയബന്ധമാണ് ചർച്ചയാകുന്നത്
'ജനം' സിനിമയിലെ 'എല്ലാവരും' രാഷ്ട്രീയത്തിലെത്തി, ഒടുവില്‍ കാപ്പനും; കുറിപ്പ്‌ 

രാഷ്ട്രീയത്തോടൊപ്പം സിനിമയെയും സ്നേഹിച്ച കേരളത്തിലെ ചുരുക്കം ചില നേതാക്കളിലൊരാളാണ് മാണി സി കാപ്പൻ. പാലായിൽ കെ എം മാണിയ്ക്ക് പിൻഗാമിയായി മാണി സി കാപ്പൻ തെരഞ്ഞെടുക്കപ്പെടുന്ന സാഹചര്യത്തിൽ കാപ്പൻ്റെ സിനിമകളിലെ രാഷ്ട്രീയബന്ധമാണ് ചർച്ചയാകുന്നത്. ‘ജനം’ എന്ന സിനിമ നിർമ്മിച്ച് മാണി ചലച്ചിത്ര രം​ഗത്തേക്കെത്തിയത് വിവരിച്ചുള്ള വിനോദ് ജോണിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം


‘ജനം’ എന്ന സിനിമയുടെ നിർമാതാവായാണ് മാണി സി കാപ്പന്റെ ചലച്ചിത്രരംഗത്തെ ശ്രദ്ധേയ അരങ്ങേറ്റം. ആ ചിത്രവുമായി ബന്ധപ്പെട്ടവരുടെ പേരുകൾ ഒന്നോടിച്ചുനോക്കിയാൽ ചലച്ചിത്രമേഖലയിൽനിന്ന് കേരള രാഷ്ട്രീയത്തിൽ എത്തിയ ഒരുപറ്റം ആളുകളുടെ പേരുകൾ കാണാം. ഈ ചിത്രത്തിൽ അഭിനയിക്കുന്പോൾ ഒരാൾപോലും രാഷ്ട്രീയത്തിൽ അത്ര സജീവമായിരുന്നില്ലെന്നും ഓർമിക്കണം.

ജനത്തിലെ നായകൻ മുരളി ആലപ്പുഴയിൽ ലോക്സഭാ സ്ഥാനാർഥിയായി. (നായിക ഗീതയുടെ പേര് ഒരു രാഷ്ട്രീയവിവാദത്തിൽ അറിഞ്ഞോ അറിയാതെയോ ഉൾപ്പെട്ടതും മറക്കുന്നില്ല).

അതിലെ മൂന്നു താരങ്ങൾ തമ്മിൽ മൽസരിക്കുന്നതിനും കേരളം പിന്നീട് സാക്ഷ്യംവഹിച്ചു- ഇക്കുറി പത്തനാപുരത്ത്- ഇടതുപക്ഷത്തിനായി ഗണേഷ്കുമാറും ഐക്യമുന്നണിക്കായി ജഗദീഷും ബിജെപിക്കായി ഭീമൻ രഘുവും. ഈ ചിത്രത്തിൽ അഭിനയിച്ച കൊല്ലം തുളസിയും പിന്നീട് ബിജെപിയിലെത്തി.

ഗാനരചയിതാവ് ഒ.എൻ. വി. കുറുപ്പ് തിരുവനന്തപുരത്ത് ലോക്സഭാ സ്ഥാനാർഥിയായിരുന്നു. മറ്റൊരു അഭിനേതാവ് കെപിഎസി ലളിതയുടെ പേര് രാഷ്ട്രീയത്തിൽ അടുത്തകാലത്ത് സജീവമായി ഉയർന്ന പേരാണ്. വടക്കാഞ്ചേരി മണ്ഡലത്തിൽ സ്ഥാനാർഥിയാകുമെന്നു കരുതിയിരുന്നെങ്കിലും അവസാനനിമിഷമുണ്ടായ അട്ടിമറിയിലാണ് നടക്കാതെപോയത്. പക്ഷേ എൽഡിഎഫിന്റെ താരപ്രചാരകരിലെ പ്രമുഖ മുഖമായിരുന്നു. സിദ്ദിഖിന്റെ പേര് എപ്പോഴോ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഉയർന്നുകേട്ടിരുന്നു.

ഈ ചിത്രത്തിന്റെ രചയിതാവ് സി. കെ. ജീവൻ 1996ൽ പാലായിലെ ഇടതുസ്വതന്ത്രനായിരുന്നു. കെ. എം. മാണിയുടെ രാഷ്ട്രീയപടയോട്ടത്തിൽ ഏറ്റവും കൂടുതൽ ലീഡ് നേടിയ വർഷം. പിന്നീട് 2001ൽ മാണിസാറിനെ നേരിടാൻ നിയോഗിക്കപ്പെട്ട ഉഴവൂർ വിജയനും ഈ ചിത്രത്തിൽ വേഷമിട്ടിരുന്നു. പിന്നീടുള്ള മൂന്നു പൊതുതിരഞ്ഞെടുപ്പിലും കരിങ്ങോഴയ്ക്കൽ മാണി മാണിയെ നേരിട്ടത് മാണി ചെറിയാൻ കാപ്പനായിരുന്നു. ഇപ്പോഴിതാ ഉപതിരഞ്ഞെടുപ്പിൽ ചരിത്രവിജയംകുറിക്കാൻ ജനം കാപ്പൻകുടുംബത്തിലെ മാണിക്ക് അവസരം നൽകുന്നു.

ഇതെല്ലാം പറഞ്ഞുവച്ചത് ‘ജനം’ തന്നെ ഏറ്റവും പ്രധാനപ്പെട്ടതെന്ന് പറയാൻകൂടിയാണ്. അല്ലെങ്കിൽ പാലായിൽ മാണി സി. കാപ്പൻ ജയിക്കില്ലായിരുന്നല്ലോ. ഇതു കേരള കോൺഗ്രസുകൾക്കും ജോസ് കെ. മാണിക്കും ലോക്സഭാ വിജയത്തിന്റെ പ്രഭയിൽ സിക്സറടിക്കുമെന്നു വീന്പിളക്കിയ കോൺഗ്രസിനുമൊക്കെയുള്ള ഷോക്കാണ്. ഉപതിരഞ്ഞെടുപ്പ് മേളയിലേക്ക് കേരളം കടക്കുന്പോൾ എൽഡിഎഫിനായി തകർപ്പൻ സ്മാഷിന് വഴിയൊരുക്കാനായതിൽ ജിമ്മി ജോർജിന്റെ കാലഘട്ടത്തിൽ വോളിതാരമായിരുന്ന മാണി സി. കാപ്പന് അഭിമാനിക്കാം.

ഏറെക്കാലംകൂടിയാണ് ഒരു രാഷ്ട്രീയകുറിപ്പ്. മാണി സി. കാപ്പനുമായി ബന്ധപ്പെട്ട ഒരു എസ്റ്റേറ്റ്' കഥകൂടി പങ്കുവയ്ക്കട്ടെ. ഇതു വ്യക്തിപരം. ജനത്തിന്റെ ചിത്രീകരണം തലസ്ഥാനത്ത് നടക്കുന്പോൾ ചങ്ങനാശേരി എസ്ബി കോളജ് യൂണിയൻ ഉദ്ഘാടനത്തിന് താരത്തെ തേടി തലസ്ഥാനത്തായിരുന്നു ഞാനും കോളജ് യൂണിയൻ സെക്രട്ടറിയായിരുന്ന നോബിൾ കാവാലവും. താരങ്ങളെ തേടിയുള്ള അന്വേഷണത്തിൽ ഫോൺ വിളിക്കാൻ കയറിയത് സെക്രട്ടേറിയറ്റിന് സമീപം ശിവൻസ് സ്റ്റുഡിയോയിലെ ബൂത്തിൽ. ‘മമ്മൂക്ക, ലാലേട്ടൻ, പ്രിയൻ…’ തുടങ്ങിയ ലൈനിലുള്ള ഞങ്ങളുടെ സംസാരം കേട്ടിട്ടാവണം- തിരുവനന്തപുരം വിമൻസ് കോളജിൽ ഷൂട്ടിങ് നടക്കുന്നുണ്ടെന്ന വിവരം പങ്കുവച്ചു. ബന്ധപ്പെടേണ്ട നന്പരും തന്നു എന്നാണ് ഓർമ. ഇയാളാരുവാ ഇതൊക്കെ തരാൻ എന്ന ജഗതി ശൈലിയിൽ ആലോചിച്ച് അവിടെനിന്ന് ഇറങ്ങി പിറ്റേന്ന് രാവിലെ നേരെ പോയത് നിർമാതാവ് മാണി സി. കാപ്പനെ കാണാനാണ്. കാര്യം അവതരിപ്പിച്ചു. അനുഭാവപൂർവം കേട്ടു. വെയ്റ്റ് ചെയ്യാൻ പറഞ്ഞു. അദ്ദേഹം ഷൂട്ടിങ് സ്ഥലത്തേക്ക് ഇറങ്ങുന്നു- ഒപ്പം വരാൻ പറയുന്നു. ടാറ്റ എസ്റ്റേറ്റ് എന്ന വാഹനം രാജാവായി വാഴുന്ന കാലം. അതാ വരുന്നു ടാറ്റ എസ്റ്റേറ്റ്. ഒന്നല്ല, രണ്ടെണ്ണം. അന്പട കാപ്പാ എന്ന മട്ടിൽ കണ്ണുമിഴിച്ച് നിൽക്കുന്പോൾ ആദ്യത്തേതിൽ മാണി സി. കാപ്പൻ കയറുന്നു. പിന്നാലെയുള്ള എസ്റ്റേറ്റിൽ ഞാനും നോബിളും മാത്രം. ജീവിതത്തിലെ മറക്കാനാവാത്ത ഒരു കൂടിക്കാഴ്ചയും യാത്രയുമായി അതിപ്പോഴും മനസിൽ നിറഞ്ഞുനിൽക്കുന്നു.

ജഗദീഷിന്റെ സഹോദരിയായിരുന്നു വിമൻസ് കോളജിലെ പ്രിൻസിപ്പൽ. ഷൂട്ടിങ്ങിന്റെ ഇടവേളയിൽ ജഗദീഷുമായി യൂണിയൻ ഉദ്ഘാടനകാര്യം ചർച്ച ചെയ്യാൻ മാണി സി. കാപ്പൻതന്നെ അവസരമൊരുക്കി. തീയതിയുടെ പ്രശ്നവും മറ്റുമായി ഞങ്ങളുടെ സ്വപ്നം നടന്നില്ല. എന്നാലും രണ്ടു കോളജ് പയ്യന്മാരെ വളരെ സ്നേഹത്തോടെ, സന്തോഷത്തോടെ, സ്വീകരിക്കുകയും ആഡംബര വാഹനത്തിൽ കൊണ്ടുപോകുകയും ചെയ്ത്, അഭിമാനത്തോടെ മടക്കി അയച്ച അതേ മാണി സി. കാപ്പനാണ് ഇപ്പോൾ ‘ജന’ശക്തി തെളിയിച്ചതെന്നതും ആഹ്ളാദത്തോടെ ഓർമിക്കുന്നു.

ഒറ്റക്കാര്യംകൂടി- അന്നു ശിവൻസ് സ്റ്റുഡിയോയലെ ബൂത്തിൽനിന്ന് ഫോൺ വിളിയുടെ പണം വാങ്ങുന്നതിനിടെ സിനിമാവിശേഷങ്ങൾ പങ്കുവച്ച് മാണി സി. കാപ്പനിലേക്ക് ഞങ്ങളെ എത്തിച്ച ആ വ്യക്തിത്വം ആരെന്ന് തിരിച്ചറിഞ്ഞത് ദേശീയ സിനിമാ അവാർഡുമായി ബന്ധപ്പെട്ട് അച്ചടിച്ചുവന്ന ഒരു ചിത്രം കണ്ടപ്പോഴാണ്. ജീവിതത്തിൽ ആദ്യമായാണ് ഇത്രയും ദേശീയമായ ഒരു ചമ്മൽ സംഭവിച്ചത്. യോദ്ധ ഇറങ്ങിയ ശേഷമായിരുന്നിട്ടുകൂടി സംഗീത്- സന്തോഷ് ശിവന്മാരുടെ ചിത്രം മനസിൽ പതിയാതിരുന്നതിന്റെ പ്രശ്നം. സിനിമാലോകവുമായി ബന്ധപ്പെട്ട മറ്റൊരു ചമ്മൽകൂടി ഉണ്ടായിട്ടുണ്ട്. അക്കഥ പിന്നിടൊരിക്കൽ പങ്കുവയ്ക്കാം. എന്തായാലും പാലായുടെ പുതിയ ‘മാണി’ക്യത്തിന് അഭിവാദ്യങ്ങൾ.

#Janam, #Kappen, #Pala, #Maniട

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com