'നടിയെ റെപ്പ് ചെയ്യാന്‍ ക്വട്ടേഷന്‍ കൊടുത്ത കേസില്‍ പ്രതിയായ നടനെ വിഷം എന്നാണ് തിലകന്‍ വിളിച്ചത്, ഈ കലാകാരനെ കേരളം മറക്കില്ല' 

മലയാള സിനിമയിലെ അനീതിയ്ക്കും താരാധിപത്യത്തിനുമെതിരേ നിലപാടെടുത്തതിന്റെ പേരിലാണ് തിലകന്‍ പല സ്ഥലങ്ങളിലും മാറ്റി നിര്‍ത്തപ്പെട്ടത്
'നടിയെ റെപ്പ് ചെയ്യാന്‍ ക്വട്ടേഷന്‍ കൊടുത്ത കേസില്‍ പ്രതിയായ നടനെ വിഷം എന്നാണ് തിലകന്‍ വിളിച്ചത്, ഈ കലാകാരനെ കേരളം മറക്കില്ല' 

ലയാള സിനിമയുടെ അഭിനയ കുലപതിയാണ് തിലകന്‍. എന്നാല്‍ അദ്ദേഹത്തിന്റെ അവസാന നാളുകള്‍ അവഗണനയുടേയും തിരസ്‌കാരത്തിന്റേയുമായിരുന്നു. മലയാള സിനിമയിലെ അനീതിയ്ക്കും താരാധിപത്യത്തിനുമെതിരേ നിലപാടെടുത്തതിന്റെ പേരിലാണ് തിലകന്‍ പല സ്ഥലങ്ങളിലും മാറ്റി നിര്‍ത്തപ്പെട്ടത്. എന്നാല്‍ മലയാളികള്‍ക്ക് എന്നും തിലകന്‍ പകരം വെക്കാനില്ലാത്ത അഭിനേതാവ്. 

സെപ്റ്റംബര്‍ 24ന് തിലകന്‍  വിടപറഞ്ഞിട്ട് ഏഴു വര്‍ഷം തികയുകയാണ്. അദ്ദേഹം അവസാന നാളുകളില്‍ അനുഭവിച്ചിട്ടുള്ള മനോവിഷമത്തെക്കുറിച്ച് പറയുകയാണ് കവിയും പ്രഭാഷകനുമായ കരിവെള്ളൂര്‍ മുരളി. ഇത്രയും ആശയ ധീരതയുള്ള ഒരു കലാകാരന്‍ നമ്മുടെ ചലച്ചിത്ര മേഖലയില്‍ വേറെയുണ്ടായിരുന്നില്ല എന്നാണ് അദ്ദേഹം തന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറയുന്നത്. 'താരാധിപത്യ വ്യവസ്ഥ ഒരു മഹാനായ കലാകാരനെ വേട്ടയാടുമ്പോള്‍ കേരളം അതു നിസ്സഹായതയോടെ കണ്ടു നില്‍ക്കയായിരുന്നു.ഇന്നിപ്പോള്‍ കാര്യങ്ങള്‍ക്കു കുറേക്കൂടി തെളിച്ചം വന്നിരിക്കുന്നു. ഒരു നീതിയുമില്ലാതെ ഏതെങ്കിലുമൊരു കലാകാരനെ വേട്ടയാടുവാന്‍ മൂലധന - അധികാരശക്തികളെ അനുവദിക്കാത്ത ഒരു ശക്തമായ പ്രതിരോധ നിര ചലച്ചിത്ര ലോകത്തു തന്നെ ഉയര്‍ന്നു വന്നിരിക്കുന്നു.' മുരളി കുറിച്ചു. 

കരിവെള്ളൂര്‍ മുരളിയുടെ ഫേയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം

2012 സപ്തംബര്‍ 24 നാണ് അതുല്യ നടനായ തിലകന്‍ ചേട്ടന്‍ നമ്മെ വിട്ടു പിരിഞ്ഞത്. അയത്‌നലളിതമായ അഭിനയശൈലിയായിരുന്നു അദ്ദേഹത്തിന്റേത്. ശരീരത്തിലെ എല്ലാ രോമകൂപങ്ങളിലേക്കും വരെ വ്യാപിക്കുന്ന സൂക്ഷ്മാംശങ്ങള്‍ നിറഞ്ഞ അഭിനയ കല. ഒരു മൂളലില്‍, ഒരു നോട്ടത്തില്‍, പിന്തിരിഞ്ഞുള്ള ഒരു നടത്തത്തില്‍ ,ചുണ്ടുകളുടെ ഒരു കോട്ടലില്‍ സവിശേഷ ഭാവങ്ങളെയും സങ്കീര്‍ണ്ണ മായ മനോനിലകളെയും വരെ വെളിപ്പെടുത്താന്‍ കഴിവുള്ള നടന്‍.മരണത്തിന് ഏതാനും നാളുകള്‍ക്കു മുമ്പ് അദ്ദേഹം പങ്കെടുത്ത അവസാന പൊതുപരിപാടികളിലൊന്ന് കണ്ണൂര്‍ ജില്ലയുടെ തെക്കേ അറ്റത്തെ ചൊക്ലിയില്‍ നടന്ന അശോകന്‍ കതിരൂര്‍ സ്മാരക നാടകോത്സവമാണ്. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള എന്റെ മുഖ്യ പ്രഭാഷണത്തിനു ശേഷമേ അദ്ദേഹം ഉല്‍ഘാടന പ്രസംഗം നടത്തിയുള്ളൂ. അതിനു ശേഷം ആവേശഭരിതമായ പ്രസംഗം നടത്തി അദ്ദേഹം.ജീവിതത്തിന്റെ അവസാന നാളുകളിലൊന്നില്‍ ദീര്‍ഘനേരം അദ്ദേഹവുമായി സംസാരിച്ചിരിക്കാന്‍ കഴിഞ്ഞു. അവഗണനയുടെയും തിരസ്‌ക്കാരങ്ങളുടെയും മുറിവുകളേറ്റ് നീറുകയായിരുന്നു ആ മനസ്സ്.അതുകൊണ്ട് വാക്കുകള്‍ തീപ്പൊരികള്‍ പോലെ ചിതറിക്കൊണ്ടിരുന്നു.ഇത്രയും ആശയ ധീരതയുള്ള ഒരു കലാകാരന്‍ നമ്മുടെ ചലച്ചിത്ര മേഖലയില്‍ വേറെയുണ്ടായിരുന്നില്ല. യുക്തിചിന്തയുടെയും വിട്ടുവീഴ്ചയില്ലാത്ത രാഷ്ടീയ നിലപാടുകളുടെയും ഉദ്ധതമായ ഹിമവല്‍ ശൃംഗം പോലെയായിരുന്നു ആ ശിരസ്സ്.അദ്ദേഹത്തിന്റെ പല നിരീക്ഷണങ്ങളും പിന്നീട് നിശ്ശബ്ദമായി കേരളം അംഗീകരിച്ചു.യുവനടിയെ റേപ്പ് ചെയ്യാന്‍ കൊട്ടേഷന്‍ നല്‍കിയ കേസിലെ പ്രതിയായ നടനെക്കുറിച്ച് അക്കാലത്ത് അദ്ദേഹം നല്‍കിയ ഇന്റര്‍വ്യൂവില്‍ പറഞ്ഞത് 'വിഷം' എന്നാണ്. താരാധിപത്യ വ്യവസ്ഥ ഒരു മഹാനായ കലാകാരനെ വേട്ടയാടുമ്പോള്‍ കേരളം അതു നിസ്സഹായതയോടെ കണ്ടു നില്‍ക്കയായിരുന്നു.ഇന്നിപ്പോള്‍ കാര്യങ്ങള്‍ക്കു കുറേക്കൂടി തെളിച്ചം വന്നിരിക്കുന്നു. ഒരു നീതിയുമില്ലാതെ ഏതെങ്കിലുമൊരു കലാകാരനെ വേട്ടയാടുവാന്‍ മൂലധന - അധികാരശക്തികളെ അനുവദിക്കാത്ത ഒരു ശക്തമായ പ്രതിരോധ നിര ചലച്ചിത്ര ലോകത്തു തന്നെ ഉയര്‍ന്നു വന്നിരിക്കുന്നു.തിലകന്‍ ചേട്ടന് നിഷേധിക്കപ്പെട്ട നീതി അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്കുള്ള ആദരമായി കേരളം ഇപ്പോള്‍ തിരിച്ചു നല്‍കുന്നു. 1935 ജൂലായ് 15ന് പത്തനംതിട്ട ജില്ലയിലെ അയിരൂരിലാണ് സുരേന്ദ്രനാഥ തിലകന്‍ എന്ന തിലകന്‍ ജനിച്ചത്. പക്ഷേ അദ്ദേഹം പഠിച്ചതും വളര്‍ന്നതുമെല്ലാം എസ്‌റ്റേറ്റ് സൂപ്പര്‍വൈസറായ അച്ഛന്‍ ജോലി ചെയ്തിരുന്ന മുണ്ടക്കയത്താണ്. കൊല്ലം എസ്.എന്‍. കോളേജിലെ പഠനം ഉപേക്ഷിച്ച് നാടകത്തിനായി സ്വയം സമര്‍പ്പിച്ച മുണ്ടക്കയം തിലകനെ പ്രസിദ്ധനായ നടനാക്കി വാര്‍ത്തെടുത്തത് ഗുരു പി.ജെ.ആന്റണിയാണ്.ഒപ്പം ധീരമായ യുക്തിചിന്തയും സഹജമായ ധിക്കാരവും തന്റേടവുമെല്ലാം പകര്‍ന്നു കിട്ടി. കെ.പി.എ.സി, കൊല്ലം കാളിദാസ കലാകേന്ദ്രം, പി.ജെ. തീയറ്റേഴ്‌സ്, കോട്ടയം പീപ്പിള്‍സ് തീയറ്റേഴ്‌സ്, ചങ്ങനാശ്ശേരി ഗീഥാ എന്നീ കേരളത്തിലെ ഒന്നാംനിര നാടക സംഘങ്ങളിലെ അഭിനയ ജീവിതം.പി.ജെ ആന്റണിയുടെ 'പെരിയാര്‍.' എന്ന ചിത്രത്തിലെ തോണിക്കാരന്റെ വേഷത്തില്‍ ആദ്യ ചലച്ചിത്ര പ്രവേശം.കെ.ജി.ജോര്‍ജ്ജിന്റെ ഉള്‍ക്കടല്‍, ഇരകള്‍, കോലങ്ങള്‍ എന്നീ സിനിമകളിലെ ചെറിയ വേഷങ്ങള്‍.'യവനിക' എന്ന മികച്ച സിനിമയിലെ നാടക മുതലാളിയുടെ ഉജ്ജ്വല ആവിഷ്‌ക്കാരം. പിന്നെ ചരിത്രമാണ്.മുണ്ടക്കയത്ത് തിലകന്‍ അനുസ്മരണ സമിതി കേരള സംഗീത നാടക അക്കാദമിയുടെയും ജില്ലാ പഞ്ചായത്തിന്റെയും സഹകരണത്തോടെ ചരമദിനമായ സെപ്തംബര്‍ 24 മുതല്‍ 28 വരെ തിലകന്‍ അനുസ്മരണ നാടകോത്സവം സംഘടിപ്പിച്ചിരിക്കുന്നു. 24 ന് പി.കെ.മേദിനിച്ചേച്ചി ഉദ്ഘാടനം ചെയ്തു. 25 ന് എന്റെ പ്രഭാഷണമായിരുന്നു. ഇന്ന് ആലങ്കോട് ലീലാകൃഷ്ണന്‍.മികച്ച നാടകങ്ങളുടെ അവതരണങ്ങളും.ആരൊക്കെ വേട്ടയാടിയാലും ഒറ്റപ്പെടുത്തിയാലും തിലകന്‍ എന്ന തികഞ്ഞ രാഷ്ടീയ ബോധവും ആശയ ധീരതയുമുള്ള കലാകാരനെ കേരളം മറക്കില്ല. ഓര്‍മ്മകളെ അനാഥത്വത്തിനും അവഗണനയ്ക്കും എറിഞ്ഞു കൊടുക്കുകയില്ല. മുണ്ടക്കയം എന്ന തിലകന്‍ ചേട്ടന്റെ കര്‍മ്മഭൂമി അക്കാര്യം ഒരിക്കല്‍ കൂടി വിളംബരം ചെയ്യുകയാണ് ഈ നാളുകളില്‍.'
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com