''എന്റെ കയ്യിലേക്ക് അവര്‍ രുദ്രാക്ഷം എടുത്തുവെച്ച് തന്നു'': അഘോരിയില്‍ നിന്നുണ്ടായ ഞെട്ടിപ്പിക്കുന്ന അനുഭവം വിവരിച്ച് രജനീകാന്ത്, വീഡിയോ

'ഗംഗാ നദിയിലെ കുളി കഴിഞ്ഞ് കയറിയപ്പോള്‍ എന്റെ കയ്യില്‍ ഉണ്ടായിരുന്ന രുദ്രാക്ഷം നഷ്ടമായി. അവിടെയല്ലാം അന്വേഷിച്ചെങ്കിലും അതു കണ്ടെത്താനായില്ല'.
''എന്റെ കയ്യിലേക്ക് അവര്‍ രുദ്രാക്ഷം എടുത്തുവെച്ച് തന്നു'': അഘോരിയില്‍ നിന്നുണ്ടായ ഞെട്ടിപ്പിക്കുന്ന അനുഭവം വിവരിച്ച് രജനീകാന്ത്, വീഡിയോ

ഹിമാലയന്‍ യാത്രയ്ക്കിടെ തനിക്കുണ്ടായ ഒരു ആത്മീയ അനുഭം ആരാധകരുമായി പങ്കുവെച്ച് സ്റ്റൈല്‍മന്നന്‍ രജനീകാന്ത്. സൂര്യ-മോഹന്‍ലാല്‍ ചിത്രം കാപ്പാന്റെ ഓഡിയോ ലോഞ്ചിനിടെയാണ് താരം മനസ് തുറന്നത്. ഗംഗാ നദിയില്‍ കുളിച്ചിറങ്ങിയപ്പോള്‍ രുദ്രാക്ഷം നഷ്ടപ്പെട്ടതും തുടര്‍ന്നുണ്ടായ ഞെട്ടിക്കുന്ന അനുഭവങ്ങളുമാണ് രജനി വിവരിച്ചത്. 

'ഹിമാലയന്‍ യാത്രയില്‍ ഗംഗയുടെ തീരത്ത് എത്തിയപ്പോഴാണ് ഈ അനുഭവം ഉണ്ടായത്. ഗംഗാ നദിയിലെ കുളി കഴിഞ്ഞ് കയറിയപ്പോള്‍ എന്റെ കയ്യില്‍ ഉണ്ടായിരുന്ന രുദ്രാക്ഷം നഷ്ടമായി. അവിടെയല്ലാം അന്വേഷിച്ചെങ്കിലും അതു കണ്ടെത്താനായില്ല. അത്ര പ്രിയപ്പെട്ടതായത് കൊണ്ട് അതു നഷ്ടപ്പെടുത്താനും മനസ് വന്നില്ല. ഞാന്‍ അവിടെയല്ലാം അതു തിരഞ്ഞുനടന്നു. ഒരു ഒറ്റയടിപാതയിലൂടെ രുദ്രാക്ഷം തിരക്കി ഞാന്‍ നടക്കുകയാണ് അപ്പോഴാണ് ദൂരെ നിന്ന് നല്ല ഉയരമുള്ള ഒരു മനുഷ്യന്‍ വരുന്നത് കണ്ടത്. അയാള്‍ ഒരു അഘോരിയാണ്. അദ്ദേഹം എന്റെ മുന്നില്‍ വന്ന് നിന്നു. 

ഞാന്‍ നമസ്‌കാരം പറഞ്ഞു, അദ്ദേഹത്തിന്റെ കാല്‍തൊട്ടു വന്ദിച്ചു. എന്നാല്‍ അപ്പോഴെല്ലാം അദ്ദേഹം എന്നെ തന്നെ നോക്കി നില്‍ക്കുകയാണ്. പിന്നീട് ഞാന്‍ പോക്കറ്റില്‍ നിന്നും പണം എടുത്തു അദ്ദേഹത്തിന്റെ കയ്യില്‍ വച്ചുകൊടുത്തു. അപ്പോള്‍ അദ്ദേഹം പറഞ്ഞു, എനിക്ക് പണം ആവശ്യത്തിനുണ്ട്. ഇതുവേണ്ട, നിങ്ങള്‍ക്ക്  രുദ്രാക്ഷം വേണമല്ലേ... ഞാന്‍ ഞെട്ടിപ്പോയി. വേണം എന്ന് ഞാന്‍ മറുപടി പറഞ്ഞു.

എന്നാല്‍ അത് നിങ്ങള്‍ക്ക് ലഭിക്കും എന്നു പറഞ്ഞ് അദ്ദേഹം നടന്നുപോയി. പക്ഷേ അന്ന് എനിക്ക് രുദ്രാക്ഷം കണ്ടെത്താനായില്ല. പിറ്റേന്ന് ഞാന്‍ കുറച്ച് ദൂരെയുള്ള ഒരു ആശ്രമത്തിലേക്ക് പോയി. രണ്ടുദിവസം കഴിഞ്ഞാണ് ഞാന്‍ അവിടെ പോകാന്‍ തീരുമാനിച്ചത്. പക്ഷേ എന്തോ അന്നുതന്നെ പോകാന്‍ തോന്നി. 

അവിടെ ചെന്നപ്പോള്‍ ആശ്രമത്തിലുള്ളവര്‍ പറഞ്ഞു. താങ്കളെ കാണാന്‍ ഒരു സ്ത്രീ കാത്തിരിക്കുന്നുണ്ടെന്ന്. അദ്ഭുതത്തോടെ ഞാന്‍ ആ സ്ത്രീയുടെ അടുത്തെത്തി. ഇന്ന് നിങ്ങള്‍ ഇവിടെ വരുമെന്ന് എനിക്ക് അറിയാമായിരുന്നു എന്നു പറഞ്ഞ് എന്റെ കയ്യിലേക്ക് അവര്‍ ആ രുദ്രാക്ഷം എടുത്തുതന്നു..'- രജനീകാന്ത് പറഞ്ഞു നിര്‍ത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com