''പോപ്‌കോണ്‍ പോലൊരു സിനിമ, തിന്നുമ്പോള്‍ നല്ല രസം, തീരും വരെ തിന്നാം'': ശ്രദ്ധേയമായി ഫേസ്ബുക്ക് കുറിപ്പ്

ഒരു ചിത്രകാരന് നല്ലൊരു ബിസിനസ് മാൻ ആകാനാകില്ലെന്നും അവനു ആകാൻ കഴിയുന്നത് നല്ലൊരു മുൾട്ടിനാഷണൽ കമ്പനിയിലെ ഡിസൈൻ ഹെഡ് ആണെന്നും ഉള്ള തീർപ്പിൽ കഥ തീരുന്നു.
''പോപ്‌കോണ്‍ പോലൊരു സിനിമ, തിന്നുമ്പോള്‍ നല്ല രസം, തീരും വരെ തിന്നാം'': ശ്രദ്ധേയമായി ഫേസ്ബുക്ക് കുറിപ്പ്

വിനീത് ശ്രീനിവാസനെ നായകനാക്കി അന്‍വര്‍ സാദിഖ് സംവിധാനം ചെയ്ത 'മനോഹരം' എന്ന സിനിമ നല്ല പ്രതികരണങ്ങള്‍ നേടി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രകാരന്‍ എന്ന നിലയില്‍ ഭാവി സ്വപ്‌നം കണ്ട്, കൃത്യമായ സ്‌കൂള്‍ ജീവിതം പോലും പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയ മനു എന്ന ചെറുപ്പക്കാരനായിട്ടാണ് വിനീത് ശ്രീനിവാസന്‍ എത്തുന്നത്. 

'മനോഹരം' എന്ന സിനിമയെക്കുറിച്ച് എഴുത്തുകാരന്‍ ജോണി എംഎല്‍ എഴുതിയ ഒരു കുറിപ്പാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത്. വളരെ രസകരമായി സിനിമയെ ഒരു പോപ്‌കോണിനോട് ഉപമിച്ചാണ് എഴുത്തുകാരന്‍ അവതരിപ്പിച്ചിരിക്കുന്നത്. 

'പോപ്പ് കോണ്‍ പോലൊരു സിനിമ എന്ന് പറയാം. തിന്നുമ്പോള്‍ നല്ല രസം; തീരും വരെ തിന്നാം; ബോധപൂര്‍വ്വമല്ലെങ്കിലും ബക്കറ്റിന്റെ അടി തട്ടും വരെ തിന്നാം; തിന്നു കഴിയുമ്പോള്‍ കുറേക്കൂടി ഉണ്ടായിരുന്നെങ്കില്‍ എന്ന് തോന്നും; പക്ഷെ ഇനിയില്ല എന്നറിയുമ്പോള്‍, കൊള്ളാം എന്ന് പറഞ്ഞു മതിയാകും; നാവില്‍ കുറച്ചു നേരം ആ രുചി നില്‍ക്കും'- ജോണി എംഎല്‍ ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെയാണ്. 

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം ചുവടെ.

മനോഹരം എന്ന സിനിമ

അൻവർ സാദിഖ് സംവിധാനം ചെയ്തു വിനീത് ശ്രീനിവാസൻ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'മനോഹരം' എന്ന സിനിമ കണ്ടു; വളരെ നാളുകൾക്ക് ശേഷമാണ് ടിക്കറ്റ് എടുത്ത് ഒരു സിനിമ കാണുന്നത്. പോപ്പ് കോൺ പോലൊരു സിനിമ എന്ന് പറയാം. തിന്നുമ്പോൾ നല്ല രസം; തീരും വരെ തിന്നാം; ബോധപൂർവ്വമല്ലെങ്കിലും ബക്കറ്റിന്റെ അടി തട്ടും വരെ തിന്നാം; തിന്നു കഴിയുമ്പോൾ കുറേക്കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നും; പക്ഷെ ഇനിയില്ല എന്നറിയുമ്പോൾ, കൊള്ളാം എന്ന് പറഞ്ഞു മതിയാകും; നാവിൽ കുറച്ചു നേരം ആ രുചി നിൽക്കും; പിന്നെ അതും അപ്രത്യക്ഷമാകും. ക്ളീൻ സിനിമകളുടെ കൂട്ടത്തിൽ ഉൾപ്പെടുത്താവുന്ന ഒന്ന്. തികച്ചും രാഷ്ട്രീയപരമായ ശരികൾ മാത്രം ഉൾക്കൊള്ളുന്ന ആഖ്യാനം, ഡയലോഗുകൾ. ഫ്ളക്സ് പ്രിന്റിംഗാണ് കേന്ദ്ര കഥാപാത്രം; അത് എക്കോ ഫ്രണ്ട്‌ലി ആയ തുണി പ്രിന്റിങ്ങിലേയ്ക്ക് തിരികെ വരുന്നതോടെ കാര്യങ്ങൾക്ക് ഒരു തീരുമാനമാകുന്നു. ചില സിനിമകളിൽ കബഡി കളിയോ സൈക്കളിംഗോ വടംവലിയോ ഫുട്ബാൾ കളിയോ ഹോക്കിയോ ഒക്കെയാണ് കഥ 'കൊണ്ട് പോകുന്നതെങ്കിൽ' ഇവിടെ ഒരു ഫ്ളക്സ് പ്രിന്റിങ് മെഷീൻ ആണെന്ന് മാത്രം.

ഒരു ചിത്രകാരന് നല്ലൊരു ബിസിനസ് മാൻ ആകാനാകില്ലെന്നും അവനു ആകാൻ കഴിയുന്നത് നല്ലൊരു മുൾട്ടിനാഷണൽ കമ്പനിയിലെ ഡിസൈൻ ഹെഡ് ആണെന്നും ഉള്ള തീർപ്പിൽ കഥ തീരുന്നു. ഹിരണ്യമേവാർജ്ജയാ നിഷ്‌ഫലാ കലാ എന്നർത്ഥം. ഒരു ചിത്രകാരനെ/ ബാനർ ബോർഡ് പെയിന്ററെ വിശ്വസനീയമാം വിധം അവതരിപ്പിക്കാൻ വിനീത് ശ്രീനിവാസന് കഴിഞ്ഞു. ബേസിൽ ജോസെഫും ഇന്ദ്രൻസും ഹരീഷ് പേരടിയും നന്നായി അഭിനയിച്ചു. മഹേഷിന്റെ പ്രതികാരം ഹാങ്ങോവറിൽ നിന്ന് മലയാള സിനിമ ഇനിയും മുക്തമായിട്ടില്ല. പക്ഷെ ഒരു ഗുണം പുതിയ കാലത്തിൽ വില്ലൻ പഴയ പൊട്ടിച്ചിരി/മീശ/ അണ്ണാച്ചി/ ഗൗണ്ടർ വില്ലൻ അല്ല ഒരു കൂട്ടുകാരൻ തന്നെയാകാം എന്ന യാഥാർഥ്യബോധം വന്നു. നിയോ-റിയലിസ്റ്റിക് സിനിമയാണ്; ബ്ലാക്ക് ആൻഡ് വൈറ്റിൽ എടുത്തിരുന്നെങ്കിൽ എന്ന് കൂടി പറഞ്ഞു വെയ്ക്കണം.

- ജോണി എം എൽ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com