'റേഷൻ വാങ്ങാൻ പോവുകയാണെന്ന് പറഞ്ഞപ്പോൾ നാണമില്ലേ എന്നു ചോദിച്ചു'; അനുഭവം പങ്കുവെച്ച് മണിയൻപിള്ള രാജു

'ഭാര്യയുടെ പേരിലുള്ള വെള്ളക്കാര്‍ഡിലെ നമ്പരിന്‍റെ അവസാനം ഒന്ന് ആയതിനാല്‍ ആദ്യദിവസം തന്നെ റേഷൻ വാങ്ങാൻ പോയി'
'റേഷൻ വാങ്ങാൻ പോവുകയാണെന്ന് പറഞ്ഞപ്പോൾ നാണമില്ലേ എന്നു ചോദിച്ചു'; അനുഭവം പങ്കുവെച്ച് മണിയൻപിള്ള രാജു

ലോക്ക്ഡൗണിനെ തുടർന്ന് പ്രതിസന്ധിയിലായ ജനങ്ങൾക്ക് സഹായമായാണ് സർക്കാർ സൗജന്യ റേഷൻ നൽകിയത്. ഇപ്പോൾ സൗജന്യ റേഷൻ വാങ്ങിയതിന്റെ അനുഭവം പങ്കുവെച്ചിരിക്കുകയാണ് നടൻ മണിയൻപിള്ള രാജു. റേഷൻ വാങ്ങാൻ പോകുന്ന തന്നോട് ഒരാൾ നാണമില്ലേ എന്നു ചോദിച്ചെന്നും എന്നാൽ തനിക്കൊരു നാണവുമില്ലെന്ന് മറുപടി നൽകിയെന്നുമാണ് താരം പറയുന്നത്. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മണിയൻപിള്ള രാജു ജീവിതത്തിൽ ആദ്യമായി സൗജന്യ റേഷൻ വാങ്ങിയതിന്റെ അനുഭവം പങ്കുവെച്ചത്. 

ഭാര്യയുടെ പേരിലുള്ള വെള്ളക്കാര്‍ഡിലെ നമ്പരിന്‍റെ അവസാനം ഒന്ന് ആയതിനാല്‍ ആദ്യദിവസം തന്നെ റേഷൻ വാങ്ങാൻ പോയി. മകനേയും കൂട്ടിയാണ് താരം പോയത്. "തിരുവനന്തപുരം ജവഹര്‍ നഗറിലുള്ള റേഷന്‍ കടയിലേക്ക് നടന്നു പോകുമ്പോള്‍ എതിരെ വന്നയാള്‍ എവിടേക്കാണെന്ന് ചോദിച്ചു. റേഷന്‍ വാങ്ങാനെന്ന് പറഞ്ഞപ്പോള്‍, സാറിനൊക്കെ നാണമില്ലേ റേഷനരി വാങ്ങാനെന്ന് പ്രതികരണം. 'എനിക്കൊരു നാണക്കേടുമില്ല. ഇതൊക്കെ നാണക്കേടാണെങ്കില്‍ ഈ നാണക്കേടിലൂടെയാണ് ഞാന്‍ ഇവിടം വരെ എത്തിയത്' എന്നുപറഞ്ഞ് മകനെയും കൂട്ടി വേഗം നടന്നു. റേഷൻ കടയിൽ വലിയ തിരക്കില്ല.10 കിലോ പുഴക്കലരിയും 5 കിലോ ചമ്പാവരിയും വാങ്ങി.  ഒരു പൈസ പോലും കൊടുക്കേണ്ടി വന്നില്ല.  നല്ലൊന്നാന്തരം അരി.  വീട്ടിലെത്തി ചോറു വച്ചപ്പോൾ നല്ല രുചി. വീട്ടിൽ സാധാരണ വയ്ക്കുന്ന അരിയുടെ ചോറിനെക്കാൾ നല്ല ചോറ്.'- മണിയൻപിള്ള രാജു പറഞ്ഞു. 

റേഷനരി മോശമെന്നു ചിലരുടെയൊക്കെ ഫേസ്ബുക്ക് പോസ്റ്റുകള്‍ കണ്ടാണ് അരി വാങ്ങാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. കുട്ടിക്കാലത്ത് റേഷൻ അരിയായിരുന്നു പ്രധാന ആഹാരം എന്നാണ് മണിയൻപിള്ള രാജു പറയുന്നത്. കഴിക്കുന്ന പ്ലേറ്റിൽ നിന്ന് ഒരു വറ്റ് താഴെ വീണാൽ അച്ഛൻ വഴക്കുപറയുമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com