'അദ്ദേഹത്തിന്റെ മകനായി ജനിച്ചതിൽ അഭിമാനം'; കാസർകോടിന് സുരേഷ് ​ഗോപി നൽകിയ സഹായങ്ങളെക്കുറിച്ച് ​ഗോകുൽ

സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന സുരേഷ് ​ഗോപിയെക്കുറിച്ചുള്ള സന്ദേശങ്ങൾ പങ്കുവെച്ചുകൊണ്ടാണ് കുറിപ്പ്
'അദ്ദേഹത്തിന്റെ മകനായി ജനിച്ചതിൽ അഭിമാനം'; കാസർകോടിന് സുരേഷ് ​ഗോപി നൽകിയ സഹായങ്ങളെക്കുറിച്ച് ​ഗോകുൽ

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊറോണ ബാധിതരുള്ള കാസർകോട് നടനും എംപിയുമായ സുരേഷ് ​ഗോപി നടത്തിയിട്ടുള്ള പ്രവർത്തനങ്ങളെ പ്രശംസിച്ച് മകൻ ​ഗോകുൽ സുരേഷ്. അച്ഛനെക്കുറിച്ചുള്ള വസ്തുതകൾ അറിയപ്പെടേണ്ടതാണെന്നും എന്നാൽ പലപ്പോഴും അത് മനഃപ്പൂർവം സംസാരിക്കപ്പെടാതെ പോവുകയാണ് എന്നാണ് ​ഗോകുൽ ഫേയ്സ്ബുക്കിൽ കുറിച്ചത്. സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന സുരേഷ് ​ഗോപിയെക്കുറിച്ചുള്ള സന്ദേശങ്ങൾ പങ്കുവെച്ചുകൊണ്ടാണ് കുറിപ്പ്. 

പത്ത് വർഷം മുൻപ് കാസർകോട്ടെ എൻഡോസൽഫാൻ ബാധിതരെ സഹായിക്കാനും സുരേഷ് ​ഗോപി മുന്നോട്ടെത്തിയിരുന്നു എന്നും ​ഗോകുൽ ഷെയർ ചെയ്ത കുറിപ്പിലുണ്ട്. ‘ഈ വസ്തുതകൾ അറിയപ്പെടേണ്ടത് ആണെന്ന് തോന്നി. പലപ്പോഴും ഇവ ശ്രദ്ധിക്കപ്പെടാതെയും മനഃപൂർവം സംസാരിക്കപ്പെടാതെയും പോകുന്നു. ഇതുപോലത്തെ മെസ്സേജുകൾ കണ്ടാണ് ഇപ്പോൾ എന്റെ ദിനം ആരംഭിക്കുന്നത്. അദ്ദേഹത്തിന്റെ മകനായി ജനിച്ചതിൽ അങ്ങേയറ്റം അഭിമാനിക്കുന്നു.’–ഗോകുൽ കുറിച്ചുകൊണ്ടാണ് സ്ക്രീൻ ഷോട്ടുകൾ താരംപങ്കുവെച്ചിരിക്കുന്നത്. 

‘പത്ത് വർഷങ്ങൾക്കു മുമ്പ് എൻഡോസൾഫാൻ ബാധിതരെ സഹായിക്കുവാൻ മുന്നോട്ട് വന്നതു മുതൽ ഇന്ന് കൊറോണ മഹാമാരി കാസർകോട്ടുകാരെ വിഷമത്തിലാക്കിയപ്പോൾ വരെ ഒരു കൈത്താങ്ങായി സുരേഷ് ഗോപി എംപി കൂടെയുണ്ട്. മാർച്ച് അവസാനം കാസർകോട് ജനറൽ ആശുപത്രി കോവിഡ് 19 ആശുപത്രിയാക്കി മാറ്റാൻ തീരുമാനിച്ച സമയം ആശുപത്രിയിലേക്ക് 212 കിടക്കകളും ഒരു ഹൈ എൻഡ് മോഡ് വെന്റിലേറ്ററും പോർട്ടബിൾ എക്സ്റേയും തുടങ്ങിയ സജ്ജീകരണങ്ങൾക്ക് സാമ്പത്തിക സഹായമായി കാസർകോട്ട് കലക്ടറെ അങ്ങോട്ടു വിളിച്ച് ബന്ധപ്പെട്ട് സുരേഷ് ഗോപി എംപി 25 ലക്ഷം രൂപ സഹായം അറിയിച്ചു. പിന്നീട് കോവിഡ് രോഗബാധയും സംക്രമണവും ഏറ്റവും കൂടുതലായ കാസർകോട്ട് ജില്ലയ്ക്ക് 3 വെന്റിലേറ്റുകളും രോഗികളെ അങ്ങോട്ടെത്തിച്ച് പരിശോധന നടത്താൻ ആവശ്യമായ മൊബൈൽ എക്സ്റേ യൂണിറ്റും അനുവദിച്ചു. അതും കഴിഞ്ഞ് ഏപ്രിൽ അഞ്ചാം തിയതി കാസർകോട്ട് ജില്ലയിൽപെട്ട ബദിയടുക്കാ, മൂളിയാർ. ചെറുവത്തൂർ, പെരിയ , മംഗൽപ്പാടി എന്നീ സ്ഥലങ്ങളിലെ സിഎച്ച്സി സെന്ററുകളില്‍ ഡയാലിസിസ് ചെയ്യാൻ വേണ്ട ഉപകരണങ്ങൾക്കായി 29.25 ലക്ഷം എംപി ഫണ്ട് അനുവദിച്ചു. എന്നും അവഗണനകൾ നേരിട്ടപ്പോഴും കാസർകോട്ടിന് കൈത്താങ്ങായി സുരേഷേട്ടൻ കൂടെയുണ്ടാകാറുണ്ട്.- എന്നാണ് ​ഗോകുൽ പോസ്റ്റ് ചെയ്ത കുറിപ്പിലുള്ളത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com